
മസ്കറ്റ്: ഒമാനില്‍ കനത്ത ചൂട് തുടരുന്നു. ഒമാനിലെ സുവൈഖിലാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട 45.7 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.
സൂറിൽ 45.6 ഡിഗ്രി സെൽഷ്യസും സുഹാറിൽ 45.5 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. ഇതുവരെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് സുഹാറിലായിരുന്നു. സീബ്, ഹംറ അൽ ദുരു, അൽ അവാബി, ഫഹൂദ്, ഖൽഹാത്ത്, സമൈ, എന്നിവിടങ്ങളിൽ 43 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്. ഇബ്രിയിലും ഉംസമൈമിലും 42 സെൽഷ്യസുമാണ്.
ഇന്ന് മുതല്‍ ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ വടക്ക്-പടിഞ്ഞാറന്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങള്‍ ഉയരുന്നത് കാഴ്ചാ പരിധി കുറയ്ക്കാന്‍ ഇടയാക്കും. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.