ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, അങ്ങ് പ്രധാനമന്ത്രിയാകണം; ജനീഷ് കുമാറിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ

ആന ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെതിരെ പരിഹാസവുമായി കേരളാ ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ. വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചുവിടണമെന്നും ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണമെന്നും അസോസിയേഷൻ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിച്ചു.
വിവാദമായതിനെ തുടർന്ന് ഈ പോസ്റ്റ് പിന്നീട് പിൻവലിച്ചു. കടുവകളെ മുഴുവൻ വെടിവെച്ച് കൊല്ലണം, പുലികൾ മുതൽ പുഴുക്കൾ വരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം, ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം. മനുഷ്യൻ മാത്രമാകുന്ന ആ സുന്ദരലോകത്ത് താങ്കൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം എന്നിങ്ങനെയായിരുന്നു പരിഹാസം
കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിനായി വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ജെസിബി ഓപറേറ്റർ തമിഴ്നാട് സ്വദേശി റാസുവിനെയാണ് എംഎൽഎ മോചിപ്പിച്ചത്. പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തി റാസുവിനെ എംഎൽഎ മോചിപ്പിക്കുകയായിരുന്നു