Kerala
ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്; ബെയ്ലിൻ ദാസിന് ജാമ്യം

ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിലെ പ്രതി അഭിഭാഷകനായ ബെയ്ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പരാതിക്കാരിക്ക് തൊഴിലിടത്ത് സംഭവിച്ച ആക്രമണം അവരുടെ അന്തസ്സിനേറ്റ കളങ്കമായതിനാൽ ജാമ്യം നൽകുന്നത് നീതി നിഷേധമാകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ അഭിഭാഷകന്റെ ഓഫീസിനുള്ളിൽ രണ്ട് ജൂനിയർ അഭിഭാഷകരുടെ തർക്കത്തിനൊടുവിലാണ് സംഭവം ഉണ്ടായതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബെയ്ലിൻ ദാസ് തന്റെ ഓഫീസിൽ വെച്ച് ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ മർദിച്ചത്. ഇതിന് ശേഷം ഒളിവിൽ പോയ ബെയ്ലിൻ ദാസിനെ വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് പോലീസ് പിടികൂടിയത്.