ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണ്, മൃതദേഹം കുഴിച്ചിടാതെ മറ്റ് വഴിയില്ലായിരുന്നു: ഫേസ്ബുക്ക് വീഡിയോയുമായി നൗഷാദ്

വയനാട് നിന്ന് കാണാതായ ശേഷം തമിഴ്‌നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്ന അവകാശവാദവുമായി പോലീസ് അന്വേഷിക്കുന്ന മുഖ്യപ്രതി നൗഷാദ്. സൗദിയിൽ നിന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് നൗഷാദിന്റെ വെളിപ്പെടുത്തൽ
രണ്ട് മാസത്തെ വിസിറ്റിംഗ് വിസയിലാണ് ഗൾഫിൽ എത്തിയതെന്നും പോലീസിന് മുന്നിൽ ഹാജരാകുമെന്നും നൗഷാദ് പറഞ്ഞു. മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടു. തനിക്കും സുഹൃത്തുക്കൾക്കും അടക്കം മുപ്പതോളം പേർക്ക് പണം കൊടുക്കാനുണ്ടെന്ന് ഹേമചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്.
പലയിടങ്ങളിൽ നിന്ന് പൈസ കിട്ടാൻ വേണ്ടി ഒരുമിച്ച് പോയതാണ്. ഗ്രെിമെന്റ് തയ്യാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. എന്നാൽ ഹേമചന്ദ്രൻ തിരിച്ചെത്തി മൈസൂരിൽ നിന്ന് പൈസ കിട്ടാനുണ്ടെന്ന് പറഞ്ഞു. ഒരു ദിവസം കൂടി വീട്ടിൽ കിടക്കാൻ അനുവദിക്കുകയും ഭക്ഷണം വാങ്ങി നൽകുകയും ചെയ്തു
പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ഹേമചന്ദ്രനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ച് വന്നതാണ്. മൃതദേഹം കണ്ടപ്പോൾ എന്തു ചെയ്യണമെന്നറിയാതെ സുഹൃത്തുക്കളെ വിളിച്ചു. കുഴിച്ചിടുക അല്ലാതെ മറ്റ് വഴിയില്ലെന്് അവർ പറഞ്ഞു. അങ്ങനെയാണ് മൃതദേഹം കുഴിച്ചിട്ടത്. അല്ലാതെ മർദിച്ച് കൊലപ്പെടുത്തിയെന്നൊക്കെ പറയുന്നത് തെറ്റാണെന്നും നൗഷാദ് പറയുന്നു.