പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നും പങ്കെടുത്തു; കേരള സർവകലാശാല ജോയന്റ് രജിസ്ട്രാർക്കെതിരെയും നടപടിക്ക് സാധ്യത

കേരള സർവകലാശാല ജോയന്റ് രജിസ്ട്രാർ ഹരികുമാറിനെതിരെയും നടപടിക്ക് സാധ്യത. വിഎൻ ഇൻ ചാർജ് പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ ജോയന്റ് രജിസ്ട്രാർ പങ്കെടുത്തത് ചട്ടവിരുദ്ധമാണ്. പിരിച്ചുവിട്ട ശേഷവും യോഗത്തിൽ തുടർന്ന ജോയന്റ് രജിസ്ട്രാർ ചട്ടവിരുദ്ധമായി ചേർന്ന യോഗത്തിന്റെ മിനിടുസ് അംഗീകരിച്ചതും വീഴ്ചയാണെന്നാണ് വിസിയുടെ കണ്ടെത്തൽ
ഇന്ന് ഒമ്പത് മണിക്കുള്ളിൽ മറുപടി നൽകാനാണ് ജോയന്റ് രജിസ്ട്രാർക്ക് വിസി നൽകിയ നിർദേശം. സിൻഡിക്കേറ്റ് തീരുമാനത്തിന് പിന്നാലെ വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെ നടപടിയിലും വിസി അതൃപ്തിയിലാണ്. അതേസമയം വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ ഇന്ന് ഓഫീസിലെത്തിയേക്കും
ഇന്നലെ ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗം വിസിയുടെ നടപടി റദ്ദാക്കിയതോടെ നാലര മണിക്ക് രജിസ്ട്രാർ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു. ഇന്ന് സർവകലാശാലയിലെത്തുന്ന വിസിയെ തടഞ്ഞ് പ്രതിഷേധിക്കാനാണ് എസ് എഫ് ഐയുടെ തീരുമാനം.