National
ലുധിയാനയിൽ 31കാരിയെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഭർതൃ മാതാപിതാക്കൾ അറസ്റ്റിൽ

പഞ്ചാബിലെ ലുധിയാനയിൽ 31കാരിയെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു. സംഭവത്തിൽ യുവതിയുടെ ഭർതൃമാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് രേഷ്മയെന്ന 31കാരി കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ രണ്ട് പേർ ലുധിയാനയിലെ ആരതി ചൗക്കിന് സമീപം വലിയ ചാക്കുകെട്ട് ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
രേഷ്മയുടെ ഭർത്താവിന്റെ പിതാവ് കിഷൻ, മാതാവ് ദുലാരി, ഇവരുടെ ബന്ധു അജയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രേഷ്മ രാത്രി പുറത്തുപോകുന്നതും വൈകി എത്തുന്നതും കിഷനും ദുലാരിക്കും ഇഷ്ടമായിരുന്നില്ല. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തുടർന്ന് ബന്ധുവായ അജയിന്റെ സഹായത്തോടെ മൃതദേഹം ആരതി ചൗക്കിൽ ഉപേക്ഷിക്കുകയായിരുന്നു.