കടലൂരിൽ റെയിൽവേ ട്രാക്കിലെ ദുരന്തം: റയിൽവേ അന്വേഷണം ആരംഭിച്ചു

കടലൂർ: കടലൂരിൽ സെമ്മാൻകുപ്പത്തിന് സമീപം റെയിൽവേ ലെവൽ ക്രോസിംഗിൽ ട്രെയിൻ സ്കൂൾ വാനിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിക്കുകയും ഡ്രൈവർക്കും മറ്റ് രണ്ട് വിദ്യാർത്ഥികൾക്കും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ റയിൽവേ അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്.
രാവിലെ 7:45 ഓടെ സെമ്മാൻകുപ്പത്തെ റെയിൽവേ ലെവൽ ക്രോസിംഗ് കടക്കാൻ ശ്രമിക്കവെയാണ് സ്കൂൾ വാൻ അതിവേഗത്തിൽ വന്ന ട്രെയിനുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ 15 വയസ്സുള്ള ചാരുമതിയും 10 വയസ്സുള്ള വെങ്കിടേഷും എന്ന വിദ്യാർത്ഥികളാണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് വിദ്യാർത്ഥികളെയും വാൻ ഡ്രൈവർ ശങ്കറിനെയും കടലൂർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വില്ലുപുരത്ത് നിന്ന് മയിലാടുതുറൈലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയുടെ ആഘാതത്തിൽ വാൻ 50 മീറ്ററിലധികം ദൂരത്തേക്ക് തെറിച്ചുപോവുകയും പൂർണ്ണമായും തകരുകയും ചെയ്തു. അപകടം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും അവർ സഹായിച്ചു.
സംഭവസ്ഥലത്തുണ്ടായിരുന്നവർ ഗേറ്റ് കീപ്പർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ഡ്യൂട്ടി സമയത്ത് ഗേറ്റ് കീപ്പർ ഉറങ്ങിയെന്നും ഗേറ്റ് അടയ്ക്കാൻ മറന്നതാണ് അപകടത്തിന് കാരണമെന്നും അവർ ആരോപിച്ചു. ചില നാട്ടുകാർ ഗേറ്റ് കീപ്പറെ മർദ്ദിക്കുകയും ചെയ്തു. അതേസമയം, വാൻ ഡ്രൈവർ നിർബന്ധിച്ചതിനാലാണ് ഗേറ്റ് തുറന്നതെന്ന് ഗേറ്റ് കീപ്പർ പങ്കജ് ശർമ്മ അവകാശപ്പെട്ടു. സംഭവത്തെ തുടർന്ന് സതേൺ റെയിൽവേ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കടലൂർ എസ്.പി. എസ്. ജയകുമാർ അറിയിച്ചത്, വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂ എന്നാണ്. ട്രിച്ചി ഡിവിഷണൽ റെയിൽവേ മാനേജരുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു. ഈ സമിതി 12 റെയിൽവേ ജീവനക്കാരെയും സ്കൂൾ വാൻ ഡ്രൈവറെയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.