National

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. 83 വയസായിരുന്നു. ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വീട്ടില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. മലയാളികൾക്കും സുപരിചിതനായ താരം കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ 750-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. 1999 മുതല്‍ 2004 വരെ ആന്ധ്രപ്രദേശിലെ വിജയവാഡ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. ബിജെപി ടിക്കറ്റിലാണ് അദ്ദേഹം മത്സരിച്ചത്. 2015-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

1942 ജൂലായ് 10-ന് വിജയവാഡയിലാണ് കോട്ട ശ്രീനിവാസ റാവു ജനിച്ചത്. പിതാവിനെ പോലെ ഡോക്ടറാകാനായിരുന്നു ഇഷ്ടമെങ്കിലും അഭിനയത്തോടുള്ള ഇഷ്ടം കാരണം അതിന് സാധിച്ചില്ല. സയന്‍സില്‍ ബിരുദം നേടിയ റാവു കോളേജ് കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പ് സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

1978 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘പ്രണം ഖരീദു’ ആണ് കോട്ട ശ്രീനിവാസ റാവു അഭിനയിച്ച ആദ്യ സിനിമ. തുടർന്ന് നിരവധി തെലുങ്ക് സിനിമകളിൽ അദ്ദേഹം വേഷമിട്ടു. ടോളിവുഡിലെ ഏതാണ്ട് എല്ലാ പ്രധാന താരങ്ങള്‍ക്കൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സാമി, തിരുപ്പാച്ചി, കൊ തുടങ്ങിയ തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള തെന്നിന്ത്യക്കാര്‍ക്ക് ശ്രീനിവാസ റാവുവിനെ പരിചയം. 30-ലേറെ തമിഴ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 2011-ല്‍ പുറത്തിറങ്ങിയ ദി ട്രെയിന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചത്. ഗായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും കോട്ട ശ്രീനിവാസ റാവു മികവ് തെളിയിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!