നിമിഷപ്രിയയുടെ വധശിക്ഷ: കൂടുതലൊന്നും ചെയ്യാനില്ല, ഒരു ഷെയ്ക്കിന്റെ സഹായം തേടിയിട്ടുണ്ടെന്ന് കേന്ദ്രം

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കൂടുതലൊന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സർക്കാർ. വധശിക്ഷ ഒഴിവാക്കാൻ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതിൽ കേന്ദ്രത്തിന് ഇടപെടാൻ പരിമിതിയുണ്ടെന്നും അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. യെമനിൽ സ്വാധീനമുള്ള ഒരു ഷെയ്ക്കിന്റെ സഹായം തേടുന്നുണ്ടെന്നും എജി അറിയിച്ചു.
കൊല്ലപ്പെട്ട യെമനി പൗരനായ തലാൽ അബ്ദു മെഹ്ദിയുടെ സഹോദരൻ ഇതുവരെ ദയാധനം സ്വീകരിക്കാൻ തയ്യാറായിട്ടില്ല. കുടുംബത്തിന്റെ അഭിമാനമായിട്ടാണ് അവർ വിഷയത്തെ കാണുന്നതെന്നും എജി പറഞ്ഞു. ഇന്ത്യക്ക് നയതന്ത്ര ബന്ധം കുറവായ യെമനിലെ ഇടപടലിന് പരിമിതിയുണ്ട്.
വധശിക്ഷ നടപ്പാക്കുന്നത് സസ്‌പെൻഡ് ചെയ്യണമെന്ന് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറോട് അഭ്യർഥിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. അതേസമയം വധശിക്ഷ നടപ്പായാൽ അത് സങ്കടകരമാണെന്ന് സുപ്രീം കോടതി പറഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.