പട്ടുപാവാടക്കുള്ള സാരി അമ്മ വാങ്ങിയിട്ടുണ്ടേ, മകളെ വിളിച്ച് ലിപ്‌സി പറഞ്ഞു; പിന്നെ കണ്ടത് പുഴയിൽ മൃതദേഹം

അഷ്ടമിച്ചിറ മാരേക്കോട് എഎം എൽപി സ്‌കൂൾ അധ്യാപിക ലിപ്‌സിയുടെ(42) മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ ലിപ്‌സിയെ ചൊവ്വാഴ്ച വെറ്റിലപ്പാറ പ്ലാന്റേഷൻ പാൽ സംഭരണ കേന്ദ്രത്തിന് സമീപം ചാലക്കുടി പുഴയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയെന്നാണ് നിഗമനം
കൊടുങ്ങല്ലൂർ സ്വദേശി ചക്കുങ്ങൽ രാജീവ്കുമാറിന്റെ ഭാര്യയാണ് ലിപ്‌സി. തിങ്കളാഴ്ച ഉച്ചയ്ക്ക് മകളെ ലിപ്‌സി ഫോണിൽ വിളിച്ചിരുന്നു. പട്ടുപാവാട തയ്ക്കാൻ അമ്മ സാരി വാങ്ങിയിട്ടുണ്ടേ, എത്താൽ അൽപം വൈകുമെന്നും മകളോട് പറഞ്ഞു. പക്ഷേ പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. വൈകിട്ട് ലിപ്‌സിയെ കാണാതായതോടെയാണ് ഭർത്താവ് രാജീവ് പോലീസിൽ പരാതി നൽകിയത്
കുറച്ച് ദിവസമായി ചികിത്സയുടെ ഭാഗമായി അവധിയിലായിരുന്നു ലിപ്‌സി. തിങ്കളാഴ്ചയാണ് സ്‌കൂളിലേക്ക് പോയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ലിപ്‌സിയുടെ മൊബൈൽ ലൊക്കേഷൻ അതിരപ്പിള്ളി ഭാഗത്താണെന്ന് കണ്ടെത്തി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ഒരു യുവതി പുഴയിൽ ചാടിയതായി നേരത്തെ നാട്ടുകാരും പോലീസിനെ അറിയിച്ചിരുന്നു
പോലീസ് പരിശോധനയിൽ പിള്ളപ്പാറയിലെ റോഡരികിൽ നിന്ന് ലിപ്‌സിയുടെ സ്‌കൂട്ടർ കണ്ടെത്തിയിരുന്നു. കുട്ടിക്ക് പട്ടുപാവാട തയ്ക്കാനായി വാങ്ങിയ സാരിയും സ്‌കൂട്ടറിലുണ്ടായിരുന്നു. പോലീസ് പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും അന്ന് കണ്ടെത്തിയില്ല. ചൊവ്വാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് എട്ട് കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണഅടെത്തിയത്. ഋതു ആണ് ലിപ്‌സിയുടെ മകൾ