
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അലാസ്കയിൽ നടന്ന ഉച്ചകോടിയിൽ ഉടനടി വെടിനിർത്തൽ കരാർ ഉണ്ടാക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന്, യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ വാഷിംഗ്ടണിലേക്ക് തിരിക്കും. തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച നടക്കുകയെന്ന് സെലെൻസ്കി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
യുക്രെയ്നിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ചർച്ച ചെയ്യാൻ താൻ ട്രംപിനെ കാണുമെന്നും ക്ഷണം സ്വീകരിച്ചതിൽ നന്ദിയുണ്ടെന്നും സെലെൻസ്കി പോസ്റ്റിൽ വ്യക്തമാക്കി. ശനിയാഴ്ച ട്രംപുമായി ഒരു മണിക്കൂറിലധികം നീണ്ട ഫോൺ സംഭാഷണം നടന്നതായും, പിന്നീട് യൂറോപ്യൻ, നാറ്റോ ഉദ്യോഗസ്ഥരും സംഭാഷണത്തിൽ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു.
റഷ്യൻ, യുഎസ് നേതാക്കളുമായി ഒരു ത്രികക്ഷി ചർച്ച നടത്തുന്നത് യുദ്ധം അവസാനിപ്പിക്കുന്നതിന് നിർണായകമാണെന്ന് സെലെൻസ്കി നേരത്തെയും വ്യക്തമാക്കിയിരുന്നു. പുടിനുമായുള്ള ഉഭയകക്ഷി ചർച്ചകൾ വിജയിച്ചാൽ അത്തരമൊരു യോഗം നടത്താമെന്ന് ട്രംപും സൂചന നൽകിയിരുന്നു. ട്രംപിന്റെ ഈ നിർദ്ദേശത്തെ താൻ പിന്തുണയ്ക്കുന്നതായി സെലെൻസ്കി എക്‌സിൽ കുറിച്ചു.
ഭാവിയിൽ റഷ്യ വീണ്ടും അധിനിവേശം നടത്തുന്നത് തടയാൻ ഏതൊരു സമാധാന ഉടമ്പടിയുടെയും ഭാഗമായി കൈവിന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് അത്യാവശ്യമാണെന്ന് സെലെൻസ്കി ഊന്നിപ്പറഞ്ഞു. ട്രംപുമായുള്ള സംഭാഷണത്തിന് ശേഷം, യുക്രെയ്നിന്റെ സുരക്ഷ ഉറപ്പുനൽകുന്നതിൽ നിന്ന് അമേരിക്കയുടെ ഭാഗത്ത് നിന്ന് “പോസിറ്റീവ് സിഗ്നലുകൾ” ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അലാസ്ക ഉച്ചകോടിക്ക് ശേഷം യുക്രെയ്നിനുള്ള പിന്തുണ തുടരുമെന്നും റഷ്യക്കുമേലുള്ള സമ്മർദ്ദം നിലനിർത്തുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, യൂറോപ്യൻ യൂണിയൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുൾപ്പെടെയുള്ള യൂറോപ്യൻ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.