Kerala
മണ്ണിടിച്ചിൽ ഭീഷണി: കാസർകോട് ബേവിഞ്ചയിലും വീരമലക്കുന്നിലും യാത്രാ വാഹനങ്ങൾക്ക് നിരോധനം

ദേശീയപാത നിർമാണം നടക്കുന്ന വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. മഴ ശക്തമായതിനെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
ഹെവി വാഹനങ്ങൾക്കും ആംബുലൻസിനും വിലക്കില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ വഴി ചെറു വാഹനങ്ങൾക്ക് നിരോധനം തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
അതേസമയം മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തിലൂടെ ചെറു വാഹനങ്ങൾ കടത്തി വിട്ടുതുടങ്ങി. മഴയില്ലാത്ത സമയത്ത് മാത്രമാണ് ചെറു വാഹനങ്ങൾ കടത്തിവിടുക. ഭാരമേറിയ വാഹനങ്ങൾ അനുവദിക്കില്ല. മഴ ശക്തമായാൽ ഗതാഗതം പൂർണമായും തടയും.