Gulf

പ്രവാസികൾക്കുള്ള പെട്രോൾ, ഡീസൽ സബ്‌സിഡി ഒഴിവാക്കാൻ കുവൈത്ത്

സബ്‌സിഡി ഒഴിവാക്കി അന്താരാഷ്ട്ര മാർക്കറ്റിന് അനുസൃതമായ വില ഈടാക്കുകയാണെങ്കിൽ വലിയ സാമ്പത്തിക ലാഭം സർക്കാരിന് കിട്ടുമെന്നാണ് കരുതുന്നത്.

കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് നൽകിവരുന്ന പെട്രോൾ, ഡീസൽ വിലയിലെ സബ്‌സിഡി ഒഴിവാക്കാൻ കുവൈത്ത് അധികൃതർ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇതോടൊപ്പം കമ്പനികൾക്കു നൽകിവരുന്ന സബ്‌സിഡി നിരക്കിലെ പെട്രോൾ, ഡീസൽ വിതരണവും ഒഴിവാക്കാനാണ് നീക്കം. സബ്സിഡികൾ പോലുള്ള ആനുകൂല്യങ്ങൾ ഏറ്റവും ആവശ്യമുള്ളവരിലേക്കു മാത്രം എത്തിക്കുകയെന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലുല്ളത്. പ്രവാസികളിൽ നിന്നും കമ്പനികളിൽ നിന്നും പെട്രോൾ വില അന്താരാഷ്ട്ര മാർക്കറ്റ് നിരക്കിൽ ഈടാക്കുന്നതിനെ കുറിച്ച് പഠനം നടന്നുവരികയാണെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സബ്‌സിഡി ഒഴിവാക്കി അന്താരാഷ്ട്ര മാർക്കറ്റിന് അനുസൃതമായ വില ഈടാക്കുകയാണെങ്കിൽ വലിയ സാമ്പത്തിക ലാഭം സർക്കാരിന് കിട്ടുമെന്നാണ് കരുതുന്നത്. ആഗോള നിരക്കുകളുമായി വില യോജിപ്പിച്ചാൽ ഏകദേശം 600 ദശലക്ഷം ദിനാർ ലാഭിക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സബ്‌സിഡി നിർത്തലാക്കുന്നത് രാജ്യത്തെ ഗതാഗത രീതികളിലും നല്ല മാറ്റങ്ങൾ കാണിക്കുമെന്നും പഠനം വിലയിരുത്തുന്നു. ഡ്രൈവിങ് ലൈസൻസുള്ള പൗരന്മാർക്ക് പുതിയ നീക്കം ബുദ്ധിമുട്ടാവില്ലെന്നാണ് കരുതുന്നത്. ഈ വിഷയം ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നാണ് ലഭിക്കുന്ന വിവരം.

 

Related Articles

Back to top button