Novel

ശിശിരം: ഭാഗം 1

രചന: മിത്ര വിന്ദ

തൊടിയിൽ നട്ടിരിക്കുന്ന ചീരയും വെണ്ടയും,വഴുതനയും ഒക്കെ നട്ടു നനച്ചു നിൽക്കുകയാണ് വൃന്ദ… കുറച്ചു അപ്പുറത്ത് മാറി ഒരു ഒതുക്കുകല്ലിന്റെ മുകളിൽ കേറി അമ്മായിയും ഇരിപ്പുണ്ട്..

“മൂത്തത് ഉണ്ടെങ്കിൽ പറിച്ചു എടുത്തോളൂ മോളെ, ഉപ്പേരി വെയ്ക്കാം”

“ഇതൊക്കെ പിഞ്ചാണ് അമ്മായി , തെക്കേ മുറ്റത്ത് നിൽക്കുന്ന, പയറും വഴുതനയും ഇത്തിരി മൂപ്പ് ഉള്ളതാ, അത് പറിച്ചു എടുത്താൽ പോരേ ”

“ആഹ് മതി മതി.. നേരം കളയാണ്ട് കേറി പോരേ കേട്ടോ,ഇനി വൈകിയെന്ന് പറഞ്ഞു ആ ചെക്കൻ മുറവിളി കൂട്ടും ”

ഹ്മ്മ്.. വരുവാ അമ്മായി , ഒരു മിനിറ്റ്.
പറഞ്ഞു കൊണ്ട് അവൾ നനഞ്ഞ കൈ തന്റെ തോളിൽ കിടന്ന തോർത്തിലേക്ക് തുടച്ചു..

ചെറിയ ഒരു കുട്ടയിൽ നിറയെ പാവയ്ക്കയും വഴുതനയും പച്ച മുളകും ഒക്കെ ആയിട്ട് അവൾ ഉരുളൻ കല്ലുകൾ വിരിച്ച മുറ്റത്തേയ്ക്ക് കയറി വന്നു.

കുളി ഒക്കെ കഴിഞ്ഞു
ഇറയത്തു നിൽപ്പുണ്ട് കിച്ചൻ..
അവളുടെ വരവും നോക്കി കൊണ്ട്.

“ഹ്മ്മ്… ഗുഡ് മോണിംഗ് സഖാവെ
.. കാലത്തെ തന്നേ കുളിയും പല്ല് തേപ്പും ഒക്കെ കഴിഞ്ഞു ന്നു തോന്നുന്നല്ലോ… ”

“ആഹ് തോന്നിയത് നിനക്ക് ആയത് കൊണ്ട് കുഴപ്പമില്ല കേട്ടോ,കുളിച്ചെന്ന് അങ്ങട് പറയാം, അല്ലേ അമ്മേ ”

പിന്നാലെ വന്ന ഗിരിജയെ നോക്കി കിച്ചൻ അത് പറഞ്ഞപ്പോൾ അവരൊന്നു ചിരിച്ചു.

ഹ്മ്മ്….. ഈയിടെ ആയിട്ട് ഇത്തിരി കൂടുന്നുണ്ട്, കേട്ടോ, വേണ്ട വേണ്ട…ഇത് ആള് വേറെയാ…

നീളൻ വരാന്തയുടെ അരഭിത്തിയിലെയ്ക്ക് കൈയിൽ ഇരുന്ന കുട്ട വെച്ചു കൊണ്ട് അവൾ കിച്ചനെ ഒന്നു നോക്കി.

“ദേ പെണ്ണെ, നേരം കളയാണ്ട് ചെന്നു എന്തേലും കൂട്ടാൻ വെയ്ക്കുന്നുണ്ടോ, ഇപ്പൊ തന്നെ വൈകി ”

“Oh.. എന്ന് പറഞ്ഞാൽ കളക്ടർ ഉദ്യോഗം അല്ലേ,,,, കൃത്യ സമയത്ത് ചെന്നു ഒപ്പിടാന്…”

ചുണ്ട് കൂർപ്പിച്ചു പറഞ്ഞു കൊണ്ട് വൃന്ദ അകത്തേക്ക് കയറി..

“അങ്ങനങ്ങു പുച്ഛിച്ചു തള്ളാതെടീ,കളക്ടറേമാനൊന്നുമല്ലെങ്കിലും ഞാനും ഗവൺമെന്റിന്റെ കയ്യിൽ നിന്ന് തന്നെയാണ് ശമ്പളം മേടിക്കുന്നത്…”

“ഹ്മ്മ്…. വരവ് വെച്ചേ…. ഇനി ഇതും പറഞ്ഞു ചൊറിയാൻ വരണ്ട…..”

ഉച്ചത്തിൽ പറഞ്ഞു കൊണ്ട് അവൾ  അടുക്കളയിലേക്ക് നടന്നു.

പ്രിയേച്ചി ഇനി എന്നാണ് അമ്മായി വരുന്നത്, മാസം രണ്ടു ആയല്ലോ കണ്ടിട്ട്,,

പാവയ്ക്ക് മെഴുക്കുപുരട്ടി വെയ്ക്കാൻ വേണ്ടി നീളത്തിൽ കനം കുറച്ചു അരിയുകയാണ് വൃന്ദ….
അവളുടെ അരികിൽ ഇരുന്നു കൊണ്ട് ചുവന്നുള്ളി തൊലി കളഞ്ഞു വെയ്ക്കുന്നുണ്ട് ഗിരിജ.

“മനോജിന് ലീവ് ഇല്ലന്ന്… ആകെ കൂടി ഒരു ഞായറാഴ്ച അല്ലേ അവധി.അപ്പോള് എങ്ങോട്ടേലും ഒക്കെ പോകും,അല്ലെങ്കിൽ ആരെങ്കിലും വിരുന്നുകാര് ഒക്കെ എത്തുംന്നു…

ഓഹ്.. ഇനി എന്നാണോ ഇന്നാട്ടിലേക്ക് ഇറങ്ങുന്നേ ആവോ… കാണാൻ കൂടി കൊതിയായി..

എന്നും വിളിക്കുമ്പോൾ പറയും ഈ ആഴ്ച വരാം അമ്മേന്നു… എന്നിട്ട് ഞായറാഴ്ച കാലത്തെ എന്തേലും ന്യായം പറഞ്ഞു ഒഴിഞ്ഞു മാറും.. അവക്കടെ കുറ്റം അല്ലന്നേ… മറ്റൊരുത്തന്റെ കൂടെ പറഞ്ഞയച്ചാൽ അവരുടെ സൗകര്യം കൂടി നോക്കാതെ പറ്റില്ലല്ലോ…

ആഹ്.. അത് ശരിയാ അമ്മായി പറഞ്ഞത്.. ഏച്ചിയ്ക്ക് വരാൻ തോന്നിയാലും ഏട്ടനും കൂടെ നേരം കിട്ടണ്ടേ…

വൃന്ദ എഴുന്നേറ്റ്,പാവയ്ക്ക മുഴുവനും അരിഞ്ഞ ശേഷം ലേശം ഉപ്പും മഞ്ഞൾ പൊടിയും തിരുമ്മി വെച്ചിട്ട് ഓട്ട് ഉരുളി എടുത്തു കഴുകി കൊണ്ട് വന്നു മേശമേൽ വെച്ചു..

ചോറ് ഊറ്റിയോ അമ്മായി..?

ഉവ്വ്‌…. അടുപ്പിലു കനലു കാണും മോളെ, ഉരുളി എടുത്തു അങ്ങോട്ട് വെച്ചേക്ക…

അമ്മായി പറഞ്ഞതും വൃന്ദ അത് പോലെ ചെയ്തു.

അമ്മേ….. കഴിക്കാൻ എടുത്തോ കേട്ടോ.

കിച്ചൻ വിളിച്ചു പറഞ്ഞതും ഗിരിജ എഴുന്നേറ്റു ചെന്നു ദോശയും ചമ്മന്തിയും ഒക്കെ എടുത്തു ഊണ് മുറിയിൽ കൊണ്ടുപോയി വെച്ചു.

“വൃന്ദ മോളെ… ഇത്തിരി കട്ടനും കൂടി ഇങ്ങു എടുത്തോ.. ആ ഫ്ലാസ്കിൽ ഇരിപ്പുണ്ട് കെട്ടോ ”

ആഹ് വരുന്നു അമ്മായി..

അടുപ്പിലേക്ക് രണ്ട് ചെറിയ  വിറക് ചുള്ളിയും ഒരു ചകിരി തൊണ്ടും കൂടി വെച്ച് തീ കൂട്ടിയ ശേഷം ഫ്ലാസ്കും ഗ്ലാസും എടുത്തു കൊണ്ട് അവൾ കിച്ചന്റെ അരികിൽ ചെന്നു.

‘നീ കഴിച്ചോ, ഇല്ലെങ്കിൽ ഇരിയ്ക്ക്”

ദോശ എടുത്തു മുറിച്ചു ചമ്മന്തി ചാറിൽ മുക്കി കൊണ്ട് അവൻ അവളെ നോക്കി.

“ഓഹ് ഔദാര്യം… അതങ്ങട് കൈയിൽ വെച്ചോ… എനിക്കൊന്നും വേണ്ട….”

നെറ്റി ചുളിച്ചു കൊണ്ട് അവൾ വീണ്ടും അടുക്കളയിലേയ്ക്ക് നടന്നു.

അതും നോക്കി അമ്മയും കിച്ചനും ചിരിച്ചു.

“ആളു പാവമാ
വെറും ശുദ്ധഗതികാരി…. തൊട്ടാവാടി മനസാ …”

“അത് അമ്മ പറഞ്ഞിട്ട് വേണോ എനിക്ക് അറിയാന് ”

കിച്ചൻ അല്പം ഗൗരവത്തിൽ ഗിരിജയേ നോക്കി.

അടുപ്പിനോട് ദേഷ്യം പൂണ്ടു അവൾ അന്നേരം അരിഞ്ഞ പാവയ്ക്കയും ചുവന്നുള്ളിയും ഒക്കെ കൂടി ഇളക്കുന്നുണ്ട്..

“നീ അങ്ങോട്ട് നിന്ന് കത്തെടാ നല്ലോണം.. എന്നാൽ അല്ലേ കിച്ചേട്ടൻ പോകുമ്പോൾ നല്ല വെളിച്ചെണ്ണയിൽ നാളികേരം കൊത്തി വറുത്ത, കറിവേപ്പിലയും ഉള്ളിയും വറ്റൽ മുളകും ഒക്കെ ഇട്ട് ഉലർന്ന മെഴുക്കു പുരട്ടി കൊടുത്തു വിടാൻ പറ്റു…..ഇത്രയും നേരം ഉഷാർ ആയിട്ട് നിന്നിട്ട് ഇപ്പൊ ദേ പിണങ്ങിയെക്കുന്നു.

കൈയിൽ ഇരുന്ന പ്ലേറ്റ് എടുത്തു പാതകപ്പുറത്ത് വെച്ചിട്ട് പുക കുഴൽ എടുത്തു ഒന്നു ആഞ്ഞു ഊതി കൊടുത്തു അവൾ ഒന്നൂടെ..

ഹ്മ്മ്.. അപ്പൊ അറിയാം അല്ലേ.. വേണ്ടന്ന് വെച്ചിട്ടാണ്.. നമ്മളോടാണോ നിന്റെ കളി…

ആഞ്ഞു കത്തുന്ന അടുപ്പിൽ നോക്കി വൃന്ദ പറഞ്ഞു.

***

മേടയിൽ വീട്ടിലെ പ്രഭാകരനും മാധവിയ്ക്കും മൂന്നു മക്കൾ ആണ്.

രണ്ടു ആണും ഒരു പെണ്ണും.

മൂത്ത മകൻ രാജ ശേഖരൻ, ഭാര്യ ബിന്ദു..

രണ്ടു മക്കൾ

നകുലനും ശ്രീജയും.

ശ്രീജ വിവാഹ കഴിഞ്ഞു ഭർത്താവും ഒത്തു ദുബായിൽ ആണ്. നകുലൻ ൻ ഇൻഫോ പാർക്കിൽ വർക്ക്‌ ചെയ്യുന്നു.

രണ്ടാമത്തെ മകൻ പരേതനായ സോമശേഖരൻ ഭാര്യ ഗിരിജ.

മൂന്നു മക്കൾ.

കൃഷ്ണജിത്തു (കിച്ചൻ )
യദുനന്ദൻ
ദേവപ്രിയ..

കുട്ടികളുടെ ചെറുപ്പത്തിലേ സോമൻ മരിച്ചുപോയി..

സാമ്പത്തികം ഒക്കെ ഉള്ളത് കൊണ്ട് അല്ലലില്ലാതെ ഗിരിജ മക്കളെ പഠിപ്പിച്ചു ഒരു നിലയിൽ ആക്കി.

കിച്ചൻ ഒരു സർക്കാർ സ്കൂളിൽ അദ്ധ്യാപകൻ ആണ്. രണ്ടു വർഷം ആയതേ ഒള്ളു ജോലി കിട്ടിയിട്ട്..

തൊട്ടു താഴെ ഉള്ളത് യദു.
താലൂക്കിൽ ആണ് അവനു ജോലി. എൽ ഡി ക്ലർക്ക് ആയിട്ട്.

ഇളയവൾ പ്രിയ.. വിവാഹം കഴിഞ്ഞിട്ട് 8മാസം ആയതേ ഒള്ളു.ഭർത്താവ് മനോജ്‌ പോലീസിൽ ആണ്.

സോമനും രാജനും ഒരേ ഒരു പെങ്ങൾ ആണ് ഉള്ളത്..

സതി എന്നാണ് അവരുടെ പേര്. ഭർത്താവ് രഘു,ഒരു വണ്ടി അപകടത്തിൽ മരിച്ചു പോയി.

അവർക്ക് ഒരേ ഒരു മകൾ ഉണ്ട് വൃന്ദ എന്നാണ് പേര്. അവൾക്ക് 11വയസ് ഉളളപ്പോൾ ആയിരുന്നു അച്ഛൻ മരിച്ചത്.

വൃന്ദ എന്നാണ് പേര് എങ്കിലും പക്ഷെ എല്ലാവരും വിളിക്കുന്നത് അമ്മു എന്നാണ്.

രഘു മരിച്ച ശേഷം സതിയെയും മകളെയും കൂടി രാജശേഖരൻ കൂട്ടി കൊണ്ട് വന്നു എങ്കിലും കുറച്ചു നാൾ കഴിഞ്ഞപ്പോൾ അയാളുടെ ഭാര്യ കിടന്ന് വഴക്ക് ഉണ്ടാക്കിയിട്ട് അവർ ഒരു വാടക വീട്ടിലേക്ക് താമസം മാറി.

കുടുംബം സ്വത്തിൽ നിന്നും ഒരു വീതം കൊടുക്കണം എന്ന് പറഞ്ഞു ബന്ധുക്കൾ ഒക്കെ ഇടപെട്ടപ്പോൾ രാജൻ കുറച്ചു ഭൂമി അവർക്കായി കൊടുത്തു.

ഗിരിജയും കിച്ചനും ഒക്കെ ചേർന്നു വീട് വെയ്ക്കാനും സഹായിച്ചു.

അങ്ങനെ അവരുടെ വീടിന്റെ അടുത്തായി ചെറിയ ഒരു ഓടിട്ട വീട് ഒക്കെ വെച്ചു സതിയും മകളും താമസിക്കുന്നത്.

സതി അടുത്തുള്ള അംഗനവാടിയിൽ ടീച്ചർ ആണ്.അമ്മു പി ജി കഴിഞ്ഞ ശേഷം കവലയിൽ ഉള്ള പി എസ് സി കോച്ചിങ് സെന്റർ ഇൽ കുട്ടികളെ പഠിപ്പിക്കുന്നു.

അമ്മു എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അവര് വീട് വെച്ചു താമസം മാറ്റി ഇങ്ങോട്ട് വന്നത്.

ഈ വീടിന്റെ ഉമ്മറത്ത് നിന്നാല് അവരുടെ വീട് കാണാം.
അന്ന് മുതൽ അവൾക്ക് കൂട്ടായി പ്രിയയുണ്ട്.. പിന്നെ കിച്ചനും.

യദു ചെറുപ്പം മുതലേ ഇത്തിരി ഗൗരവക്കാരൻ ആണ്.. അതുകൊണ്ട് അമ്മുവിനോട് ഒരു ഗ്യാപ് ഇട്ടാണ് പെരുമാറ്റം ഒക്കെ..പക്ഷെ സതിയോട് വളരെ കാര്യം ആണ് താനും..ജോലി കഴിഞ്ഞു വരുമ്പോൾ അപ്പച്ചിയുടെ അടുത്ത് വന്നിട്ട് എന്നും എന്തെങ്കിലും കുശലം പറഞ്ഞു ഇരുന്ന ശേഷം അവൻ തിരികെ വീട്ടിലേക്ക് വരുവൊള്ളൂ..

സതി,കാലത്തെ പോകും മുന്നേ അവിടെ ചോറും കറികളും ഒക്കെ ആകും..

രണ്ടു പേര് അല്ലേ ഒള്ളു.. ആകെ കൂടി കുറച്ചു വല്ലതും ഉണ്ടാക്കിയാൽ മതി.

അമ്മു എന്നും എഴുന്നേറ്റു പല്ല് തേപ്പ് കഴിഞ്ഞു ഇത്തിരി കട്ടനും കുടിച്ചു അമ്മായിയുടെ അടുത്ത് വരും.

അവർക്ക് അടുക്കളയിൽ നല്ല സഹായം ആണ് അവളെ കൊണ്ട്..
.
വൃത്തിയ്ക്കും വെടിപ്പിനും എല്ലാം ഞൊടിയിടയിൽ ചെയ്തു തീർക്കും.

അമ്മുവിനെ ഗിരിജയ്ക്ക് വളരെ കാര്യവും ആണ്..

എന്തിനും ഏതിനും ഗിരിജയ്ക്ക് അമ്മു വേണം..

പ്രിയയെ കെട്ടിച്ചു അയച്ചതോടെ പിന്നേ അമ്മുവിന്റെ റോൾ കൂടി എന്ന് വേണം പറയാൻ.

**

പാവയ്ക്ക മെഴുക്കുപുരട്ടി യും ഉള്ളി തീയലും കൊഴുവ വറുത്തതും പിന്നെ മോര് കാച്ചിയതും…

ഉള്ളിതീയലും മോര്കാച്ചിയതും തലേ ദിവസത്തെ ആയിരുന്നു.

ചോറ് പൊതി രണ്ടു എണ്ണം എടുത്തു കൊണ്ട് പോയി ഊണ് മേശയിൽ വെച്ചിട്ട് അമ്മു തിരിഞ്ഞു വന്നതും കിച്ചൻ റെഡി ആയി ഇറങ്ങി വന്നു.

“ആഹാ…. സുന്ദരകുട്ടന് പോകാറായോ ”

അവന്റെ കോളറിൽ പിടിച്ചു ഒന്നു നേരെ ആക്കി കൊണ്ട് അമ്മു ആകെ മൊത്തം ഒന്നു നോക്കി.

എന്താടി ഉണ്ടക്കണ്ണി..

അവൻ നോക്കി പേടിപ്പിച്ചതും അവൾ ഒന്നു ചിരിച്ചു.

“മാഷ് പൊളിയാട്ടോ… ഏത് പെണ്ണ് കണ്ടാലും നോക്കും..ഹ്മ്മ് നടക്കട്ടെ നടക്കട്ടെ .”

ടി… മേടിക്കും നീയ്..

അവൻ വലം കൈ എടുത്തു ഓങ്ങിയതും അമ്മു പിന്തിരിഞ്ഞു ഓടി.

അമ്മയോട് യാത്ര പറഞ്ഞു കൊണ്ട് കിച്ചൻ ഉമ്മറത്തേക്ക് നടന്നു.

അപ്പോളേക്കും കണ്ടു പാടവരമ്പത്തൂടെ ഓടി തന്റെ വീട്ടിലേക്ക് പോകുന്ന അമ്മുവിനെ.
അവൾക്ക് ഒൻപതു മുപ്പത്തിന് ഇറങ്ങിയാൽ മതി.

കിച്ചനു 8.45ആകുമ്പോൾ പോണം താനും.

ഇല്ലെങ്കിൽ അവന്റെ ബൈക്കില് അമ്മുവിനെ കൊണ്ടുപോയി കവലയിൽ വിട്ടാൽ മതി ആയിരുന്നു.

യദു പോകുന്നത് അവൾ ഇറങ്ങുന്ന അതേ സമയത്തു ആണേലും രണ്ടാളും തമ്മിൽ വല്യ അടുപ്പം ഇല്ലാത്തത് കൊണ്ട് അമ്മു അവന്റെ ഒപ്പം കേറില്ല.

നേരെ നടന്നു പോകുകയാണ് പതിവ്.

കിച്ചൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അമ്മയെ കൈ വീശി കാണിച്ചു കൊണ്ട് വേഗത്തിൽ ഓടിച്ചുപോയി.

തുടരും

Related Articles

Back to top button