Gulf

പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് 65,000 പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്ത് ഭരണകൂടം പ്രഖ്യാപിച്ച മൂന്നര മാസം നീണ്ട പൊതുമാപ്പ് കാലം പ്രയോജനപ്പെടുത്തിയത് 65,000 പ്രവാസികള്‍. മൂന്നര മാസം ദീര്‍ഘിച്ചതായിരുന്നു കുവൈത്തിലെ പൊതുമാപ്പ് കാലം.

മാനുഷിക, ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായി രാജ്യം പ്രഖ്യാപിച്ച പൊതുമാപ്പ് കാലഘട്ടം ധാരാളം പേര്‍ക്ക് പ്രയോജനപ്പെട്ടതായി മനസ്സിലാക്കുന്നതായി ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി ഡയരക്ടര്‍ ബ്രിഗേഡിയര്‍ യൂസുഫ് അല്‍ അയൂബ് അഭിപ്രായപ്പെട്ടു. പ്രയോജനപ്പെടുത്തിയവരില്‍ താമസ രേഖകള്‍ ശരിപ്പെടുത്തി രാജ്യത്ത് നിയമപരമായി തങ്ങാന്‍ തീരുമാനിച്ചവരും നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യത്ത് കഴിഞ്ഞ് തങ്ങളുടെ നാടുകളിലേക്കു മടങ്ങിയവരും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടവര്‍ക്ക് കുവൈത്തിലേക്കു തിരിച്ചുവരാന്‍ നിയമപരമായ തടസങ്ങള്‍ ഉണ്ടാവില്ലെങ്കിലും കാലവധി പ്രയോജനപ്പെടുത്താതെ പൊതുമാപ്പ് കാലത്തിന് ശേഷവും അനധികൃതമായി രാജ്യത്ത് തങ്ങുകയും പിടികൂടപ്പെടുകയും ചെയ്യപ്പെടുന്നവര്‍ക്ക് രേഖകള്‍ ശരിപ്പെടുത്തി രാജ്യം വിടുന്നതോടെ തിരിച്ചുവരാന്‍ സാധിക്കില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അര്‍ഥശങ്കക്ക് ഇടവില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്.
പൊതുമാപ്പ് കാലം അവസാനിച്ചതില്‍ പിന്നെ അനധികൃത താമസക്കാരെ കണ്ടെത്താന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വിപുലമായ തിരച്ചിലാണ് നടന്നു വരുന്നത്.

ഇതുവരെ തിരച്ചലില്‍ 4,650 നിയമലംഘകരെ പിടികൂടാന്‍ സാധിച്ചതായും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

Related Articles

Back to top button