Novel

ഹൃദയം കൊണ്ട്: ഭാഗം 13

രചന: സുറുമി ഷാജി

പ്രാക്ടിസിന്റെ Last ദിവസം. ഓരോ ഗ്രുപ്പും അവരവരുടെ പ്രോഗ്രാമിന്റെ ഫൈനൽ റിഹേഴ്സലിലാണ്. ശ്രീയയുടെയും കൂട്ടുകാരുടെയും ഡാൻസ് കണ്ട്കൊണ്ടിരിക്കുവായിരുന്നു സുലു.
“ഡി നിന്റെ ഫോൺ ഒന്ന് തന്നെ ..എനിക്ക് സിഗ്നൽ കിട്ടുന്നില്ല ഇവിടെ “അക്ഷയ് വന്നു ഫോൺ ചോദിച്ചപ്പോഴാണ് സുലു ഫോൺ അന്വേഷിക്കുന്നത്.
ബാഗിലും കോട്ടിന്റെ പോക്കറ്റിലുമൊക്കെ തപ്പിയെങ്കിലും കിട്ടിയില്ല.
“അയ്യോ അത് ഞാൻ പ്രാക്ടീസ് ചെയ്തിടത്തു വെച്ച് മറന്നു. ഇപ്പൊ എടുത്തോണ്ട് വരാം. നീ ഇവിടെ ഇരിക്കേ”സുലു ബാഗെല്ലാം അവനെ ഏല്പിച്ചിട്ട് ഓഡിറ്റോറിയത്തിന് വെളിയിലേക്കിറങ്ങി. എല്ലാവരും ഓഡിറ്റോറിയത്തിൽ ആണുള്ളത്. വിജനമായ വരാന്തയിലൂടെ അവൾ ലെക്ചർ ഹാൾ 4ലോട്ട് നടന്നു. ആരോ പിന്നാലെ വരുന്നെന്നു തോന്നിയ സുലു തിരിഞ്ഞു നോക്കി. ഏയ് ആരുമില്ല.
പക്ഷെ പെട്ടെന്ന് അവൾക്കെതിരെ നടന്നുവരുന്ന ആളെക്കണ്ടതും സുലുവിന്റെ വേഗത കുറഞ്ഞു. നഹാസ് !അവൻ ഫോണിലേക്കും നോക്കി വരുവാണ്‌. ഉറപ്പായും അവനെ മറികടന്നാലേ ക്ലാസ്സിലേക്കെത്തുള്ളു. വരാന്തയിലാണേൽ വേറെ ആരും ഇല്ല. സുലു നടത്തം നിർത്തി.
‘നേരെ പോയാൽ ഉറപ്പായും പ്രശ്നമുണ്ടാകും. പിന്നെ അജുക്കയും അക്ഷയുമൊക്കെ അറിഞ്ഞാൽ അത് ഇതിലും വലിയ പ്രശ്നമാകും. വേണ്ട അവൻ പോയിട്ട് പോകാം ‘എന്നുകരുതി തിരിഞ്ഞ സുലു കാണുന്നത് കയ്യും കെട്ടി അവളുടെ പിന്നിൽ നിൽക്കുന്ന അജുവിനെയാണ്.
‘അടിപൊളി ! ‘അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു.
അവനാണേൽ അവളെ ഒന്ന് നോക്കി ..എന്നിട്ട് പിന്നിൽ നിന്നും വരുന്ന നഹാസിനെയും നോക്കി. എന്നിട്ട് തല കൊണ്ട് സുലുവിനോട് ‘പോ ‘എന്ന് ആംഗ്യം കാണിച്ചു.
‘റബ്ബേ കാത്തോളണേ ,അവൻ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുതേ ‘കണ്ണടച്ച് മനസ്സിൽപറഞ്ഞുകൊണ്ട് സുലു നടന്നു.

പെട്ടെന്ന് നഹാസ് ഫോണിൽത്തന്നെ നോക്കി നിന്നു. എന്നിട്ട് വേഗം തിരിഞ്ഞു നടന്നു ഫോണെടുത്തു ചെവിയിൽ വെച്ചുകൊണ്ട് പോയി. അവനെതിരെ വന്ന രണ്ടുപേരെയും അവൻ ശ്രദ്ധിച്ചില്ല.

സുലുവിന് ആശ്വാസമായി. അവൾ വേഗം ക്ലാസ്സിൽ കയറി ഫോൺ തപ്പി. അവളിരുന്ന ഡസ്കിന്റെ താഴെ നിന്ന് ഫോൺ കിട്ടി. പോകാനായി തിരിഞ്ഞതും വാതിൽ അടയുന്ന ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു.
അവൾ നോക്കുമ്പോ അജു ഡോർ കുറ്റിയിട്ട് കയ്യുംകെട്ടി നിന്ന് സുലുവിനെ നോക്കി sight അടിച്ചു കാണിക്കുന്നു.
സുലുവിന് അത് കണ്ടപ്പോൾ ചിരി വന്നെങ്കിലും അവൾ അതിവിദഗ്തമായി ഒളിപ്പിച്ചു.
“എന്തെ അജുക്ക ?! എന്തിനാ വാതിലടച്ചത് ?” സുലു നിഷ്കളങ്ക ഭാവത്തിൽ ചോദിച്ചു.
“വെറുതെ “മറുപടി കൊടുത്തു അവൻ അവൾക്ക് നേരെ നടന്നു.
“നിങ്ങളുടെ പ്രോഗ്രാം അല്ലെ?! ഇന്ന് രെജിസ്ട്രേഷൻ സ്റ്റാർട്ട് ചെയ്യില്ലേ ? ഇവിടെ ഇങ്ങനെ നിന്ന് സമയം കളയാതെ അങ്ങോട്ട് പോയി അവരെ സഹായിക്ക്! ചെല്ല്! ” എന്നും പറഞ്ഞു സുലു നടക്കാൻ തുടങ്ങിയതും അവൻ അവൾക്കു മുന്നിൽ കയറി നിന്നു.
സുലു അപ്പോൾ മറുവശത്തുകൂടി പോകാൻ നോക്കിയപ്പോൾ അവൻ വീണ്ടും അങ്ങോട്ട് കയറി നിന്ന് തടഞ്ഞു.
അവൾ കൈ രണ്ടും അവന്റെ നേരെ ഉയർത്തി കാണിച്ചിട്ട് ചോദിച്ചു:
“ശെരി. എന്താ പ്രശ്നം ?”ഗൗരവം അഭിനയിച്ചുകൊണ്ടുള്ള അവളുടെ ചോദ്യം കേട്ട അജു താഴേക്ക് നോക്കി ചിരിച്ചു. അവളുടെ മുഖത്ത് നോക്കാതെയുള്ള ആ കള്ളച്ചിരി കണ്ടിട്ട് സുലുവിന്റെ ഉള്ളിലെ കോഴി.. കൂട്ടിൽ നിന്നും പുറത്തു ചാടാൻ വെമ്പി.
‘ഓ ഇങ്ങേര് മനുഷ്യന്റെ മനസ്സമാധാനം കളയും. ഇങ്ങനെ ചിരിക്കല്ലേ മനുഷ്യാ’ മറ്റെങ്ങോ നോക്കിക്കൊണ്ട് സുലു മനസ്സിൽ പറഞ്ഞു.
പെട്ടെന്ന് അജു അവളുടെ കയ്യിലിരുന്ന ഫോൺ തട്ടിപ്പറിച്ചു.
സുലു അതൊട്ടും പ്രതീക്ഷിച്ചില്ല.
“എന്റെ ഫോൺ…”സുലു അവന്റെ കയ്യിൽ നിന്ന് വാങ്ങാൻ നോക്കിയെങ്കിലും അവനത് ഉയർത്തിപ്പിടിച്ചു.
“ഞാൻ തരാല്ലോ..അതിനുമുൻപ് ഇതൊന്നു അൺലോക്ക് ചെയ്യ്..”അതും പറഞ്ഞു അജു ഫോൺ അവളുടെ നേർക്ക് കാണിച്ചു.
സുലു പെട്ടെന്നത് പിടിച്ചു വാങ്ങാൻ നോക്കി.
“ആഹ്..വേല മനസ്സിലിരിക്കട്ടെ..എത്രയും പെട്ടെന്ന് അൺലോക്ക് ചെയ്താൽ അത്രയും പെട്ടെന്ന് തരും ” ഫോൺ പിന്നിലേക്ക് മാറ്റി അത്രയും പറഞ്ഞിട്ട് വീണ്ടും സുലുവിന്റെ നേർക്ക് കാണിച്ചു.
സുലുവിനു ദേഷ്യം വന്നു.
“എന്റെ ഫോൺ എന്റെ പ്രൈവസി ,ഞാൻ അൺലോക്ക് ചെയ്യില്ല “അതും പറഞ്ഞവൾ കൈകെട്ടി സൈഡിലേക്ക് തിരിഞ്ഞു നിന്നു.
“അപ്പൊ നീ അൺലോക്ക് ചെയ്യില്ല ?”അജു ഒരു ചുവട് പിറകിലോട്ട് മാറി നിന്ന് ചോദിച്ചു.
“ഇല്ല !!ഫോൺ തന്നെ ഞാൻ പോകട്ടെ “സുലു കൈ നീട്ടി.
“നീ പൊയ്ക്കോ “അതും പറഞ്ഞു ഫോൺ അവന്റെ പോക്കറ്റിലിട്ട് അവൻ വാതില് തുറന്നു കൊടുത്തു.
“ഏഹ്,!!!അജുക്ക കളിക്കല്ലേ !അക്ഷയ് അന്വേഷിക്കും എന്നെ , ഞാൻ പോകട്ടെ “അത് കേട്ടതും അജുവിന്റെ മുഖം ചുമന്നു വന്നു. അവൻ വേഗം വെളിയിലേക്ക് നടന്നുപോയി.
ഒരു നിമിഷം സുലുവിനു ഒന്നും മനസ്സിലായില്ല. പിന്നെയാ അവൾക്ക് കാര്യം പിടികിട്ടിയത്.
‘പടച്ചോനെ …പണിയായല്ലോ ‘അവൾ തലയ്ക്കു കൈകൊടുത്തു.
അവൾ ക്ലാസ്സിൽ നിന്നിറങ്ങിയതും അക്ഷയ് വന്നതും ഒരുമിച്ചായിരുന്നു.
“ഫോൺ കിട്ടിയില്ലേ ഇതുവരെ ?!”അക്ഷയ് ചോദിച്ചു.
“അത്..അത്…ഇല്ല ” സുലു പെട്ടെന്ന് മുഖം വെട്ടിച്ചു.
“ഡി , അജുക്ക ദേഷ്യപ്പെട്ട് പോകുന്നത് ഞാൻ കണ്ടു. ഇനി പറ എന്താ സംഭവിച്ചേ ?”അക്ഷയ് അവളെ തിരിച്ചവന്റെ നേരെ നിർത്തി ചോദിച്ചു.
“എടാ അത് ഫോൺ അൺലോക്ക് ചെയ്യാൻ പറഞ്ഞു. ഞാൻ ചെയ്തില്ല. പുള്ളി ഫോണും കൊണ്ടുപോയി.”സുലു പറഞ്ഞു.
“ഹഹഹ അയ്യേ!!! അതങ്ങോട്ട് അൺലോക്ക് ചെയ്യരുന്നില്ലേ ?? അതിലിപ്പോ നിന്റെ കുറെ മാക്രി ചാടുന്നപോലെയും ഓന്ത് ഉളുക്കിയപോലെയുമൊക്കെ എടുത്തു കൂട്ടിയ അഞ്ചാറ് സെല്ഫിയല്ലേ..അതങ്ങേര്‌ കണ്ടിട്ട് പൊയ്‌ക്കോട്ടായിരുന്നല്ലോ “അക്ഷയ് ചിരിക്കാൻ തുടങ്ങി.
“പോടാ “അവളവനെ തള്ളി മാറ്റി പുറത്തേക്ക് നടന്നു.
“ഞാൻ പോയി ചോദിക്കാം . നീ ഓഡിറ്റോറിയത്തിലേക്ക് പൊയ്ക്കോ “അക്ഷയ് പറഞ്ഞതുകേട്ട് ഞെട്ടി സുലു അവനെ നോക്കി.
‘റബ്ബേ എന്നിട്ടവേണം എന്തെങ്കിലുമൊക്കെ സംഭവിക്കാൻ ‘അവൾ വേഗം അക്ഷയിന്റടുത്തോട്ട് ചെന്ന് പറഞ്ഞു:”വേണ്ട..വേണ്ട.! ഞാൻ പോയി വാങ്ങിക്കോളാം . നീ പോകേണ്ട ”
“ശെരി. നിങ്ങൾ രണ്ടാൾടേം ഇടക്ക് ഞാൻ വരാതിരിക്കുന്നതാ നല്ലത് അല്ലെ ?!”അക്ഷയ് താടിക്കു കൈകൊടുത്തു ചിന്തിക്കുന്ന പോലെ നിന്നിട്ട് പറഞ്ഞു.
“ങ്ങനൊന്നുല്ലാ…ഇതുപക്ഷേ എനിക്ക് സോൾവ് ചെയ്യാവുന്നതല്ലെയുള്ളൂ അതാ !”സുലു പറഞ്ഞൊപ്പിച്ചു.
“ഓക്കേ ! ഞാൻ ശ്രീടെ അടുത്തുണ്ടാവും. നീ അങ്ങോട്ടേക്ക് പോരെ ”
“Ok ഡാ ”
സുലു ക്യാമ്പസിൽ അവനെ തിരയാൻ തുടങ്ങി.
ഓഡിറ്റോറിയത്തിലും ചുറ്റുമുള്ള ക്ലാസ്സുകളിലൊന്നും അവനില്ല. അവൾ വേഗം താഴേക്കിറങ്ങി ഓരോ ഫ്ളോറിലും നോക്കാൻ തുടങ്ങി. അങ്ങനെ താഴത്തെ നിലയിലോട്ട് ഇറങ്ങിയപ്പോഴാ കൂട്ടുകാരോടൊപ്പം മുകളിലോട്ട് കയറി വന്ന അജുവിനെ അവൾ കാണുന്നത്.
“എന്താ ഇവിടെ നിൽക്കുന്നെ ?!”കൂടെയുണ്ടായിരുന്ന ഒരു ചേച്ചി ചോദിച്ചു.
അവരെല്ലാവരും ആഡിറ്റോറിയം അലങ്കരിക്കാനുള്ള സാധനങ്ങളുമായി മുകളിലേക്ക് കയറുകയായിരുന്നു.
“അത്..ഫ്രണ്ട് ന്റെ ഫോണും കൊണ്ട് താഴേക്ക് വന്നായിരുന്നു. അത് നോക്കി..വന്നതാ..”ഏറുകണ്ണിട്ട് അജുവിനെ നോക്കി സുലു പറഞ്ഞു. പക്ഷെ അജു അവള് പറഞ്ഞത് ശ്രദ്ധിക്കാതെ മറ്റുള്ളവരോടൊപ്പം പോയി.
“വേഗം ഫ്രണ്ടിനെ കണ്ടുപിടിച്ചിട്ട് മുകളിലേക്ക് പോരെ ട്ടോ . ഒറ്റയ്ക്ക് നിൽക്കണ്ട “അതും പറഞ്ഞു ആ ചേച്ചിയും കയറിപ്പോയി.
സുലു തിരികെ രണ്ട് സ്റ്റെപ് കയറി മുകളിലേക്ക് നോക്കി. അജു അവളെ കണ്ടിട്ടും കാണാത്തതുപോലെ ഒറ്റപ്പോക്കായിരുന്നു. സുലുവിനു ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു. അവളുടെ അഴകാർന്ന താമരയിതളുകളിൽ വെള്ളം നിറഞ്ഞു.

പെട്ടെന്ന് അവളുടെ തോളിൽ ആരോ തട്ടി. ഞെട്ടിതിരിഞ്ഞപ്പോൾ ശ്രീനിവാസ് സർ !!!
“എന്തുപറ്റി”സാർ അന്വേഷിച്ചു.
സുലു അജു ഫോൺ കൊണ്ടുപോയത് പറഞ്ഞു.
“അയ്യേ അതിനാണോ കരയുന്നെ?അവൻ തമാശക്ക് ചെയ്തതാവും !ഞാനിപ്പോ അവനെ വിളിച്ചുപറയാം. താൻ കരയാതെ “അതും പറഞ്ഞു ശ്രീനി സാർ ഫോണെടുത്തു.
“എന്നെ ആണെങ്കിൽ ഫോൺ തിരിച്ചു പോക്കെറ്റിൽ വെച്ചേക്ക് “ശബ്ദം കേട്ടടുത്തൊട്ട് സാറും സുലുവും ഒന്നിച്ചുനോക്കി. ദേ സ്റ്റെപ് ഇറങ്ങി വരുന്നു അജുക്ക !!മുഖത്തു പ്രത്യേകിച്ച് ഒരു ഭാവവുമില്ല.
അജു വന്നു ഫോണെടുത്തു സാറിന് നേരെ നീട്ടി.
“നീ എന്റെ ഫോണല്ലലോ കൊണ്ടുപോയത്. എനിക്ക് തരാനായിട്ട്!! അങ്ങോട്ട് കൊടുത്തിട്ട് വേഗം മുകളിലേക്ക് വാടാ!”
സാർ രണ്ടുപേരെയും ഒന്ന് നോക്കി ചിരിച്ചിട്ട് അജുവിന്റെ തോളിൽ തട്ടി പറഞ്ഞു. എന്നിട്ട്
സർ സ്റ്റെപ് കയറി പോയി.
അജു ഫോൺ സുലുവിന്റെ നേർക്ക് നീട്ടി. എന്നിട്ട് എങ്ങോട്ടോ നോക്കി നിന്നു.

സുലു അജുവിന്റെ മുഖത്തേക്ക് തന്നെ നോക്കി.
എന്നിട്ട് സാവധാനം ഫോൺ വാങ്ങി. അവൻ പെട്ടെന്ന് തിരിഞ്ഞു മുകളിലേക്ക് കയറിപ്പോയി.
“അജുക്ക ഞാൻ പറയുന്ന ഒന്ന് കേൾക്ക്..”സുലു ഉറക്കെ പറഞ്ഞു.
പെട്ടെന്ന് അജു നിന്നു. എന്നിട്ട് താഴേക്ക് രണ്ടു സ്റ്റെപ് ഇറങ്ങിനിന്നിട്ട് സുലുവിനോട് പറഞ്ഞു:”നിന്റെ ഫോൺ കിട്ടിയില്ലേ ?ഇനി നീ ഒന്നും മിണ്ടണ്ട !കയറിപോ “കൈ മുകളിലേക്ക് ചൂണ്ടി അജു പറഞ്ഞു നിർത്തി.
സുലുവിനു ദേഷ്യം വന്നു.
അവൾ വേഗം ഇറങ്ങി പുറത്തേക്ക് നടന്നു.
‘എപ്പോഴും ആവശ്യമില്ലാതെ എന്നോട് ദേഷ്യപ്പെടും. എന്നിട്ട് അവസാനം ഓരോരോ ഉത്തരവിടലുകളും!ഹും!!
‘ഞാനെന്തിനാ എല്ലാം അനുസരിക്കാൻ നിക്കണേ !!’ ഇങ്ങനെ ഓരോന്ന് മനസ്സിൽ വിചാരിച്ചു സുലു പെട്ടെന്ന് നടന്നു.
‘അയ്യോ ശ്രീയ.!’പെട്ടെന്ന് സുലു നിന്നു.
‘അക്ഷയ്‌ക്ക് ടെക്സ്റ്റ് അയച്ചിടാം.അവളെ ഒന്ന് ഹോസ്റ്റലിലേക്ക് ആക്കണേന്ന്.. ‘സുലു ചിന്തിച്ചിട്ട് വേഗം ഫോണെടുത്തു അക്ഷയ്‌ക്ക് ടൈപ്പി..അവൾ മുന്നോട്ട് നടന്നു.
പെട്ടെന്നാരോ വന്നവളുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി.
ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ അജു.!അവൻ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി. അവന്റെ മുഖം വലിഞ്ഞുമുറുകി.
“അജുക്ക ന്റെ ഫോൺ ..”സുലു പറഞ്ഞു തീരുന്നതിനു മുൻപേ അവൻ അവളുടെ കൈക്കു പിടിച്ചു വലിച്ചു അവിടുണ്ടായിരുന്ന വലിയ മരത്തിന്റെ ചുവട്ടിൽ കൊണ്ട് നിർത്തി.
“ഇപ്പോഴും നിനക്ക് നടന്നതൊക്കെ അവനോട് പറയാതെ സമാധാനമില്ല അല്ലെ ?”അജു അവളുടെ നേരെ ചൂടായി.
“അജുക്ക എന്തൊക്കെയാ പറയുന്നേ ?! ഞാനവനോട് .. “പറയാൻ അജു സമ്മതിച്ചില്ല. കയ്യെടുത്തു അവളെ തടഞ്ഞു.
“വേണ്ട .. !നീ എന്ത് പറഞ്ഞാലും സുലു എനിക്ക് ദേഷ്യം വരും. നീ അവനോടെന്നല്ല വേറെ ആരോടും സംസാരിക്കുന്നത് എനിക്കിഷ്ടമല്ല പെണ്ണെ !നിനക്കതെന്താ മനസ്സിലാവാത്തത് ?!!”അജുവിന്റെ വാക്കുകളുടെ അർഥം സുലുവിനു മനസ്സിലായി.
“അജുക്ക പ്ലീസ്… വേണ്ട!ആരോടൊക്കെ മിണ്ടാതിരുന്നാലും അക്ഷയും ശ്രീയും എനിക്ക് എന്റെ കട്ടച്ചങ്കുകളാണ്. അവരോടകന്നു നിക്കാൻ എനിക്കാവില്ല”സുലു താഴേക്ക് നോക്കി നിന്നു.
“അപ്പോൾ എന്നോടോ?! എന്നോട് മിണ്ടാതിരിക്കാൻ നിനക്ക് കുഴപ്പമില്ലേ?”അജു സുലുവിന്റെയടുത്തേക്ക് നീങ്ങി നിന്നു. ഒരു കൈ എടുത്ത് മരത്തിൽ സുലുവിന്റെ തൊട്ടപ്പുറത്തായി വെച്ചുകൊണ്ട് അജു അവന്റെ മുഖം സുലുവിന്റടുത്തേക്ക് അടുപ്പിച്ചു.ഇപ്പൊ രണ്ടാളുടെയും മുഖങ്ങൾ തമ്മിൽ ഒരു നേരിയ വ്യത്യാസം മാത്രം.
“പറ..എന്നോടിപ്പോഴും നിനക്ക് ഇഷ്ട്ടമില്ലേ?”
അജുവിന്റെ നിശ്വാസം വന്നു സുലുവിൽ പതിക്കുന്തോറും അവളുടെ സിരകളിലൂടെ എന്തോ പായുന്നപോലെ തോന്നൽ ! അവൾ മുഖമുയർത്താതെ താഴേക്ക് തന്നെ നോക്കി . കൈവിരലുകൾ മരത്തിൽ അമർത്തി നിന്നു. അജു ഫോൺ കൊണ്ട് അവളുടെ താടിക്കു പിടിച്ചുയർത്തി. അവന്റെ കണ്ണുകൾ തിളങ്ങുന്നതുപോലെ തോന്നി സുലുവിനു. അവളെ കണ്ണിമവെട്ടാതെ നോക്കുന്ന അവന്റെ നക്ഷത്രക്കണ്ണുകളിലേക്ക് അധികനേരം നോക്കി നിൽക്കാനുള്ള ശേഷി അവൾക്കില്ലായിരുന്നു. അവൾ വേഗം ആ ഫോൺ തട്ടിപ്പറിച്ചിട്ട്അവനെ തള്ളിമാറ്റി അവിടെ നിന്നും ഓടി. അവൾ പോകുന്നത് ഒരു ചെറുപുഞ്ചിരിയാലെ അജു നോക്കിനിന്നു.
‘അറിയാം എനിക്ക്. നിനക്ക് മറുപടി ഉണ്ടാവില്ലെന്ന്.!! ‘അജു ചിരിച്ചുകൊണ്ട് ഓഡിറ്റോറിയത്തിലേക്ക് പോന്നു.
പക്ഷെ മുകളിൽ നിന്നൊരാൾ ഇതെല്ലാം കണ്ട് ചിരിച്ചു. ഒരു വശ്യമായ പുഞ്ചിരി.!ഒരു അവസരം മുന്നിൽ കിട്ടാനായി അയാൾ കാത്തുനിന്നു.

വൈകുന്നേരം ഹോസ്റ്റലിലെത്തിയ ശ്രീയ നേരത്തെ വന്നതെന്താന്നു ചോദിച്ചപ്പോൾ ഒന്നുല്ല തലവേദനിച്ചു എന്ന് പറഞ്ഞു സുലു ഒഴിഞ്ഞുമാറി. എന്നിട്ട് വരാന്തയിലിറങ്ങിനിന്നു ആകാശത്തിലേക്ക് നോക്കി.ആയിരക്കണക്കിന് നക്ഷത്രങ്ങൾ ആകാശത്തിൽ തിളങ്ങുന്നു. എന്നിട്ടും സുലുവിന്റെ മനസ്സിൽ അവളെ മാത്രം ഉറ്റുനോക്കുന്ന ആ രണ്ട് കുഞ്ഞു നക്ഷത്രങ്ങളെയാണ് ഓർമ്മ വരുന്നത്.
‘എന്തെ എനിക്ക് ഒന്നും പറയാൻ പറ്റിയില്ല ! അജുക്കയോട് മിണ്ടാതിരിക്കാൻ എനിക്ക് കഴിയില്ലേ ?!! കഴിയാതിരിക്കാൻ എന്താ … !’അവളുടെ മനസ് അസ്വസ്ഥമായി . തൂണിലേക്ക് തല ചാരി നിന്ന് അവൾ ആകാശത്തിലേക്ക് തന്നെ നോക്കി നിന്നു. അപ്പോഴും അവളുടെ ഭൂമിയിലെ രണ്ട് നക്ഷത്രങ്ങൾ ദൂരെ പാതയോരത്തെ തട്ടുകടയുടെ മറവിൽ നിന്ന് അവളെ നോക്കുന്നുണ്ടായിരുന്നു…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button