Novel

ശിശിരം: ഭാഗം 22

രചന: മിത്ര വിന്ദ

ആ ദിവസം, അമ്മുവും സതിയും വളരെ സങ്കടത്തിൽ ആയിരുന്നു.

കിച്ചനും ശ്രുതിയും പലപ്പോഴും അവരുടെ വീട്ടിലേക്ക് ഇറങ്ങി വന്നു എങ്കിലും, ഒരിക്കൽപോലും മീനാക്ഷി എത്തിയിരുന്നില്ല. എന്നാൽ യദു പതിവുപോലെ അപ്പച്ചിയെ കണ്ട ശേഷം ആയിരുന്നു അവന്റെ വീട്ടിലേക്ക് പോകുന്നതും.മീനാക്ഷിയെ കുറിച്ച് തിരക്കുമ്പോൾ അവൾ വീട്ടിൽ ഉണ്ടെന്നായിരുന്നു അവന്റെ മറുപടിയും.പക്ഷേ മീനാക്ഷിയുടെ സ്വഭാവം ഇത്രത്തോളം, ദൂഷ്യമുള്ളതാണെന്ന് സ്വപ്നത്തിൽ പോലും അമ്മുവും സതിയും കരുതിയിരുന്നില്ല.

നകുലനും ശ്രീജയും ഒക്കെ യാത്ര പറഞ്ഞു പോയ ശേഷം, സതി വന്നിട്ട് മകളെ സമാധാനിപ്പിച്ചു.

അതൊന്നും സാരമില്ലമ്മേ,ആ കുട്ടിക്ക് എന്നെ,മനസിലാകാഞ്ഞിട്ട് ആണ് ഇങ്ങനെ ഒക്കെ സംസാരിച്ചത്.. പോട്ടെ, ആ കാര്യം വിടാം നമ്മൾക്ക്. അതാണ് നല്ലത്..

അമ്മു ചെന്നിട്ട് സതിയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു. നമുക്ക് വേറെ ആരും വേണ്ടെമ്മേ നമ്മൾ രണ്ടാളും മാത്രം മതി. എന്നും..

ഇതെന്താടാ നീ ഇങ്ങനെയൊക്കെ പറയുന്നത്, അവരുടെയൊക്കെ കല്യാണം കാണുമ്പോൾ, എന്റെ മനസ്സിൽ ഒരേയൊരു ചിന്തയെ ഉള്ളൂ എന്റെ അമ്മുക്കുട്ടിയുടെ കല്യാണം..അത് ഉടനെ ഉണ്ടാവണം,അതിനു ശേഷം എന്റെ കണ്ണടഞ്ഞാലും കുഴപ്പില്ല.എന്റെ ഭഗവാനെ നല്ല ഒരു പയ്യനെ എന്റെ കുഞ്ഞിനു ചേർത്തു കൊടുക്കണമെ..
സതി പ്രാർത്ഥിച്ചു.

അമ്മേ ഈ കല്യാണം കഴിക്കാത്ത എത്രയോ പെൺകുട്ടികൾ നല്ല അന്തസ്സ് ആയിട്ട് കഴിയുന്നുണ്ട്, എനിക്കും അതാണ് ഇഷ്ടം, ഞാനും എന്റെ അമ്മയും കൂടി ഇങ്ങനെ അടിച്ചുപൊളിച്ച് അങ്ങ് ജീവിക്കും. അല്ല പിന്നെ…

അങ്ങനെ ഒന്നും പറയരുത് മോളെ, നിന്നെ ഏതെങ്കിലും കൊള്ളാവുന്ന ഒരുത്തന്റെ കയ്യിൽ ഏൽപ്പിച്ചാൽ മാത്രം എനിക്ക് സമാധാനമാകുവൊള്ളൂ.. എന്റെ ആകുലതകളെ കുറിച്ച് ഒക്കെ നിന്നോട് പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല മോളെ, അതൊക്കെ അറിയണമെങ്കിൽ നാളെ നീയും ഒരു അമ്മയാകണം.

ഓഹ് തുടങ്ങി, ബാക്കിയുള്ളവരുടെ മൂഡ് കളയാനായിട്ട് ഓരോരോ വർത്താനം. ഒന്ന് നിർത്തുന്നുണ്ടോ, എന്നിട്ട് അടങ്ങി ഒതുങ്ങി ഇവിടെ ഇരുന്നോണം, ഞാൻ പോയി കുളിച്ചിട്ട് വരട്ടെ, നേരം വൈകി.

അമ്മു ഉടുത്തു മാറാനുള്ള തുണിയും എടുത്ത്,വേഗം ബാത്റൂമിലേക്ക് പോയി.

ബക്കറ്റിൽ നിന്നും ഒരു കപ്പ് വെള്ളം എടുത്ത് ദേഹത്തേക്ക് ഒഴിച്ചതും അവളുടെ ഇടുപ്പിൽ വല്ലാണ്ട് നീറ്റൽ ആയിരുന്നു.

ഓഹ്.. ആ കാലമാടൻ എന്തൊരു പിച്ചാണ് പിച്ചിയത്, ന്റെ കൃഷ്ണ വേദന കൊണ്ട് മേല. അവന്റെ കൈ തല്ലിയൊടിക്കാൻ ആരുമില്ലേ ഈ നാട്ടില്.

വായിൽ വന്നതെല്ലാം വിളിച്ചുപറഞ്ഞുകൊണ്ട് അവൾ ഒരു പ്രകാരത്തിൽ കുളിച്ച് ഇറങ്ങി.

സതി  അപ്പോഴും എന്തൊക്കെയോ ആലോചനയിൽ  ഇരിപ്പുണ്ട്. അമ്മയ്ക്ക് നല്ല വിഷമം ആയി എന്നുള്ളത് അമ്മുവിന് വ്യക്തമായി അറിയാം, അതുപോലെതന്നെയായിരുന്നു അവളുടെ കാര്യവും, ശരിക്കും ഒന്ന് അലറി നിലവിളിക്കണമെന്ന് അമ്മുവിന് തോന്നിയിരുന്നു, ആദ്യമായിട്ടാണ് തന്റെ ജീവിതത്തിൽ  ഒരാൾ ഇങ്ങനെ മുഖത്ത് നോക്കി മോശമായി സംസാരിക്കുന്നത്,  അതും യാതൊരു തെറ്റും ചെയ്യാത്ത തന്നോട്.. ആരുമാരും തനിക്കുവേണ്ടി ഒരു വാക്കുപോലും പറഞ്ഞതു പോലുമില്ല, എല്ലാവരും മീനാക്ഷിയുടെ സംസാരം കേട്ടുനിന്നു, എന്നിട്ട് ആരെ ബോധിപ്പിക്കാനാ കിച്ചേട്ടനും പ്രിയേച്ചിയും ഇവിടെ ഇറങ്ങി വന്നത്. ഇനി മേലിൽ ആ പടി ചവിട്ടില്ല.

സന്ധ്യക്ക് നിലവിളക്ക് കൊളുത്തുമ്പോൾ അമ്മു ശപധം ചെയ്തിരുന്നു..

*——** അടുത്തദിവസം അമ്മുവിന് പിഎസ്‌സി കോച്ചിംഗ് സെന്ററിൽ പോകണമായിരുന്നു.

കാലത്തെ തന്നെ അവൾ ജോലിയൊക്കെ ചെയ്ത് തീർത്ത ശേഷം അമ്മയ്ക്ക് കഴിക്കുവാനുള്ള ഗുളികകളും ഒക്കെ എടുത്തു വച്ചിട്ട്, ട്യൂഷൻ സെന്ററിലേക്ക് പോയി.

ഉച്ചയായപ്പോൾ അമ്മയെ വിളിച്ചു സംസാരിച്ചു.

മോളെ തുലാമഴയ്ക്ക് നല്ല കോളുണ്ട് നീ നേരത്തെ ഇറങ്ങണം കേട്ടോ..

ഹമ്…  മഴ കൂടുതലാണെങ്കിൽ ഞാൻ ഒരു ഓട്ടോ വിളിച്ചു വന്നോളാം അമ്മ ടെൻഷൻ അടിക്കേണ്ട..

ആഹ്, തുലാമഴ ആയതുകൊണ്ട് നല്ല ഇടിയും മിന്നലും ഒക്കെ കാണും സൂക്ഷിച്ചോണം കേട്ടോ.

ഉവ്വ്‌ അമ്മേ.. ഗുളികയൊക്കെ കഴിച്ചാലോ അല്ലേ.

ഹമ്.. കഴിച്ചു.

അമ്മായിയോ മറ്റോ വന്നിരുന്നോ അമ്മേ.?

ചേച്ചി ഇറങ്ങിവന്നു, അവരെന്ത് ചെയ്യാനാടീ, വന്ന പെൺകുട്ടികളു ശരിയല്ലെങ്കിൽ പിന്നെ, വീട്ടിലിരിക്കുന്ന കാറന്നോന്മാർ എന്ത് ചെയ്യും.

ഹമ്… സാരമില്ല പോട്ടെ, ഞാൻ അതൊക്കെ ഇന്നലെ തന്നെ മറന്നതാണ്.
കുറച്ചു നിമിഷങ്ങൾ കൂടി അമ്മയോട് സംസാരിച്ചിട്ട് അവൾ ഫോൺ കട്ട് ചെയ്തു.

സതിക്ക് വല്ലാത്ത സങ്കടം ആയിരുന്നു, തന്റെ മകളോട് ആ പെൺകുട്ടി ഇന്നലെ അങ്ങനെ സംസാരിച്ചതിൽ.  ശരിക്കും ചങ്കു പൊട്ടുന്നതുപോലെ തോന്നി. എത്രയും പെട്ടെന്ന് തന്റെ മകളെ,  ഒരുവന് ഏൽപ്പിക്കണം. ആ ഒരു ചിന്ത മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ.

അന്ന് യദുവും കിച്ചനും ഒക്കെ,നാലാം ഭാര്യമാരുടെ വീട്ടിലേക്ക് പോകുന്ന തിരക്കിലായിരുന്നു.

ഉച്ചയ്ക്ക് ഊണും കഴിഞ്ഞ ശേഷമാണ് അവരൊക്കെ ഇറങ്ങിയത്.

സതി പറഞ്ഞതുപോലെ തന്നെ ഉച്ചയ്ക്കുശേഷം ഒരു മൂന്നുമണി കഴിഞ്ഞപ്പോൾ തുടങ്ങിയ മഴയാണ്.

അമ്മു ഓട്ടോറിക്ഷയ്ക്ക് ആയിരുന്നു വീട്ടിലേക്ക് വന്നതും.

സതിയുടെ മുഖത്തൊക്കെ വല്ലാത്ത ഒരു ക്ഷീണം പോലെ അവൾക്ക് തോന്നി.

എന്തുപറ്റി അമ്മേ, അമ്മയ്ക്ക് എന്തെങ്കിലും വയ്യാഴികയുണ്ടോ?
അവൾ വന്നു സതിയുടെ നെറ്റിയിൽ ഒക്കെ കൈ വെച്ചു നോക്കി.

ചെറുതായി പനിക്കുന്നുണ്ടല്ലോ അമ്മേ, നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം അമ്മ വേഗം റെഡിയാകു.

എനിക്ക് കുഴപ്പമൊന്നുമില്ല മോളെ, ഇത്രനേരം ഞാൻ ആ കട്ടിലിൽ കിടക്കുവായിരുന്നു അതുകൊണ്ട് ദേഹത്ത് ചൂട് തോന്നുന്നതാ.
പറഞ്ഞുകൊണ്ട് അവർ അടുക്കളയിലേക്ക് പോയി കട്ടൻ ചായ വെക്കുവാനായി.

ആകെ നനഞ്ഞു വന്നതുകൊണ്ട് പെട്ടെന്ന് കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു അമ്മു മുറ്റത്തേക്ക് ഇറങ്ങി, മഴ ചെറുതായി തോർന്നു വരുന്നുണ്ട്.

കുളി കഴിഞ്ഞിട്ട് അവൾ അകത്തേക്ക് കയറി വന്നതും ഞെട്ടിവിറച്ചു പോയി. ഒപ്പം അവൾ അലറി വിളിച്ചു.

അമ്മേ…. അയ്യോ എന്റെ അമ്മയ്ക്ക് എന്താണ് പറ്റിയത് അമ്മേ എഴുന്നേൽക്കമ്മേ…

അടുക്കളയിലെ തറയിൽ വീണ് കിടക്കുകയായിരുന്നു സീത.

അമ്മേ.. അമ്മേ അവൾ അവരുടെ ചുമരിൽ പിടിച്ച് കുലുക്കി..

പെട്ടെന്ന് അവർ ചെറുതായി ഒന്ന് ഞെരുങ്ങി.

മോളെ..

അമ്മ എന്താണമ്മേ പറ്റിയത് അമ്മയൊന്ന് എഴുന്നേറ്റെ…

മോളെ കുറച്ചു വെള്ളം…
അവർ അവ്യക്തമായി പറഞ്ഞു.

അമ്മുവിന് ഒറ്റയ്ക്ക് അവരെ താങ്ങി എഴുന്നേൽപ്പിക്കാൻ ശേഷിയില്ലായിരുന്നു, അവൾ ഓടിച്ചെന്ന് വെള്ളമെടുത്തു കൊണ്ടുവന്ന അമ്മയ്ക്ക് വായിലേക്ക് കൊടുത്തു.
അപ്പോഴേക്കും സതിയുടെ ബോധം വീണ്ടും മറഞ്ഞു പോയി.

അമ്മു അലറി കരഞ്ഞുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button