അലാസ്ക ട്രയാംഗിള്‍ എന്തുകൊണ്ടാണ് നിഗൂഢതയുടെ പര്യായമാവുന്നത്?
ന്യൂഡല്‍ഹി: ഒരുപാട് നിഗൂഢതകളുണ്ട് നാം ജീവിക്കുന്ന ഗോളവുമായി ബന്ധപ്പെട്ട്. പണ്ടെല്ലാം കഥകളില്‍ പ്രേതങ്ങളും അതുപോലുള്ള അമാനുഷിക ജീവികളുമായിരുന്നു വില്ലന്‍ റോളിലെങ്കില്‍ പിന്നീടത് ചില പ്രദേശങ്ങളെ ചുറ്റിപറ്റിയായി. അത്തരം പ്രദേശങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം നാം ഓരോരുത്തര്‍ക്കും ഏറെ കൗതുകമുള്ളതുമാണ്.
ഈ ഗണത്തിലെ കുപ്രസിദ്ധമായ ഒരു പ്രദേശമാണ് അമേരിക്കന്‍ വന്‍കരയെ ചുറ്റിക്കിടക്കുന്ന അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ബര്‍മുഡ ട്രയാങ്കിള്‍. ശാസ്ത്രലോകം എന്നും കൗതുകത്തോടെയും അതീവ ജിജ്ഞാസയോടെയും സമീപിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. നിരവധി കപ്പലുകളും വിമാനങ്ങളും വിഴുങ്ങിയ ബര്‍മൂഡ ട്രയാംഗിളിനെക്കുറിച്ച് സിനിമവരെ ഇറങ്ങിയിട്ടുണ്ട്.
ആ പ്രദേശത്തുകൂടി കടന്നുപോയ കപ്പലുകളും ബര്‍മുഡ ട്രയാങ്കിള്‍ മേഖലയിലെ ആകാശത്തെ പിന്നിടാന്‍ ശ്രമിച്ച വിമാനങ്ങളുമെല്ലാം എങ്ങോട്ടാണ് അപ്രത്യക്ഷമായതെന്ന് ഇന്നും ഒരു സമസ്യമാണ്.
അതുപോലുള്ള മറ്റൊരു നിഗൂഢതയുടെ ലോകമാണ് അലാസ്ക ട്രയാംഗിളിനും പറയാനുളളത്. ഭൂമിയുടെ കാന്തിക പ്രഭാവമാണ് ഇതിന് കരണമാവുന്നതെന്നാണ് ചിലര്‍ വാദിക്കുന്നത്. ഏകദേശം 20,000 ത്തോളം ആളുകളാണ് ഇവിടെ എത്തിയതില്‍ പിന്നെ അപ്രത്യക്ഷരായതെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
അലാസ്കയെന്ന ഹിമ പ്രദേശത്തിന്റെ വടക്കേ തീരത്തുള്ള ഉട്ട്കിയാവിക് നഗരത്തിന് സമീപത്താണ് അലാസ്ക ട്രയാംഗിള്‍ സ്ഥിതിചെയ്യുന്നത്. 1972 ഒക്ടോബര്‍ 16ന് യുഎസ് ജനപ്രതിനിധി സഭാംഗങ്ങളായ തോമസ് ഹെയ്ല്‍ ബോഗ്സ് സീനിയര്‍, നിക്ക് ബെഗിച്ച് എന്നിവര്‍ സഞ്ചരിച്ച വിമാനം ഇവിടെ നിന്നും അപ്രത്യക്ഷമാവുന്നതോടെയാണ് ഈ പ്രദേശത്തെ ചുറ്റിപറ്റി നിഗൂഢതകളുടെ ഒരു പരിവേഷം രൂപപ്പെടുന്നത്.
സമഗ്രമായ അന്വേഷണത്തിനൊടുവിലും രണ്ട് യുഎസ് ജനപ്രതിനിധികളുടെയും തിരോധാനം ഇന്നും മാനവരാശിക്കുമേല്‍ പ്രഹേളികയായി തുടരുകയാണ്. ഏതൊരു ദുരന്തത്തിലും അതിന്റെ ഉറപ്പിനായി അകപ്പെടുന്നവരുടെ പൂര്‍ണമായതോ അല്ലെങ്കില്‍ ശരീരാവശിഷ്ടങ്ങളോ എല്ലാം ലഭ്യമാവാറുണ്ട്. എന്നാല്‍ ഇവരുടെ ബന്ധുക്കള്‍ക്ക് അത്തരം ഒരു ആശ്വാസ വാര്‍ത്തപോലും ലഭിച്ചില്ലെന്നതാണ് ചരിത്രം.
ഈ പ്രദേശത്ത് മൃഗങ്ങളെ വേട്ടയാടാന്‍ എത്തിയ 25 കാരനായ ഗാരി ഫ്രാങ്ക് സതര്ഡെന്റെ വിധിയും മറ്റൊന്നായിരുന്നില്ല. രണ്ടാമതായി റിപ്പോര്‍ട്ട് ചെയ്ത തിരോധാനം ഈ യുവാവിന്റേതായിരുന്നു. പക്ഷേ അയാള്‍ ഇന്നും നിഗൂഢതയ്ക്കപ്പുറം ഒളിഞ്ഞുകിടപ്പാണ്.
വേട്ടക്കെത്തിയ ഗാരിയെ കാണാതായെന്നാണ് അന്വേഷ രേഖകളിലുള്ളത്. എങ്ങനെ, എവിടെ, പിന്നീടെന്തു പറ്റി ഇതെല്ലാം ഇന്നും ഉത്തരംകിട്ടാത്ത കടംകഥയായി നിലകൊള്ളുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അലാസ്കയിലെ പോര്‍ക്യൂപൈന്‍ നദിയുടെ തീരത്ത് നിന്നും ഗാരി ഫ്രാങ്കിന്റെ തലയോട്ടി ലഭിച്ചു. പക്ഷേ എന്താണ് സംഭവിച്ചത്, ആര്‍ക്കുമറിയില്ല. ഇതെല്ലാം ചില തിരോധാനങ്ങള്‍ മാത്രം. ഇതുവരെയും ഇവിടേക്കു യാത്ര ചെയ്ത 20,000 പേരെയാണ് കാണാതായിരിക്കുന്നത്.
എന്തു പ്രതിഭാസമാണ് ഈ തിരോധാനങ്ങള്‍ക്ക് പിന്നിലെന്നത് ലോക പ്രശസ്ത അന്വേഷണ സംഘമായ എഫ്ഡിഐയെപ്പോലും കുഴക്കുന്ന ചോദ്യമാണ്.
അലാസ്ക ട്രയാംഗിളിന്റെ ഭൂപ്രകൃതിയാകാം തുടര്‍ച്ചയായ നിരോധാനങ്ങള്ക്ക് പിന്നില്‍ എന്നാണ് സൂചന. അസാധാരണമായ കാന്തിക പ്രവര്‍ത്തനം ആണ് ഇതിന് പിന്നില്‍ എന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. അന്യഗ്രഹ ജീവികളുടെ വാസസ്ഥലമാണ് ഇവിടമെന്ന ചില ബാലിശ വാദങ്ങളും ഉയര്‍ന്നിരുന്നു.
എന്തുതന്നെയായാലും ഇവിടെ കാണാതായ ഒരാളെപ്പോലും കണ്ടെത്താനായില്ലെന്നത് മനുഷ്യന്റെ സാങ്കേതിക മികവിനെയെല്ലാം പരിഹസിക്കുന്ന ഒന്നായി നിലനില്‍ക്കുകയാണ്. എന്നെങ്കിലും ഇതിനെല്ലാം വിശ്വാസയോഗ്യമായ ഒരു ഉത്തരം ലഭിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം.