Novel

നിലാവിന്റെ തോഴൻ: ഭാഗം 93

രചന: ജിഫ്‌ന നിസാർ

ഹൃദയവേദനയോടെ… ഇഴഞ്ഞു നീങ്ങി കൊണ്ട് അന്നത്തെ ദിവസം കഴിഞ്ഞു പോയി.

പ്രതേകിച്ചു പുരോഗതിയൊന്നും തന്നെ ഉണ്ടായില്ല.

രമേശ്‌ പറഞ്ഞു കൊടുത്ത സംശയങ്ങൾ… അത് ക്രിസ്റ്റിയെ ഒന്നറിയിക്കാൻ ഫൈസി കിണഞ്ഞു ശ്രമിച്ചിട്ടും.. ഷാഹിദ് മുറുക്കിയ കുരുക്ക് അവൻ കരുതിയതിനേക്കാൾ ഒരുപാട് മുകളിലായിരുന്നു.

ഗൗരിയെ കണ്ടു കിട്ടും വരെയും ജാമ്യം പോലും കിട്ടില്ലന്നറിഞ്ഞ ഫൈസിയും പിന്നെന്ത് വേണമെന്നറിയാതെ പെരുവഴിയിൽ തനിച്ചായത് പോലായിരുന്നു.

ഏറെക്കുറെ എല്ലാവരും ക്രിസ്റ്റിയുടെ അറസ്റ്റിന്റെ കാര്യം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

വർക്കിയും റിഷിനും എവിടെ പോയി..എന്നതിനെ കുറിച്ച് യാതൊരു അറിവുമില്ല.അവരാരും അത് അന്വേഷിച്ചു നോക്കിയതുമില്ല.

ആകെക്കൂടി മൂടി കെട്ടിയ മനസ്സുമായി അവരെല്ലാം ഒരുപോലെ ക്രിസ്റ്റിയെ ഓർത്തു വേദനിച്ചു.

മാത്തച്ഛനും ലില്ലിയും ഡെയ്സിയെ വിളിച്ചിട്ട് വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്.

നിലവിൽ.. അവനെയോർത്ത് വേദനിക്കാൻ മാത്രം കഴിയുമായിരുന്ന ഒരവസ്ഥ.

“എന്റെ കുഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ല. അവനിറങ്ങി വരും മെന്ന് പറഞ്ഞു കൊണ്ട് കരിങ്കല്ല് പോലെ ഉറച്ചു നിന്നിരുന്ന മറിയാമ്മച്ചി പോലും അന്ന് ഉലഞ്ഞു പോയത് പോലെ.

ഗൗരിയെ ഓർക്കുമ്പോൾ, ഹൃദയം നടുങ്ങി പോകുന്നത് പോലെ.
എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ ഇടയിലാണ് അവൾ.
ഓരോ നിമിഷവും അവളുടെ ജീവനുള്ള ഭീക്ഷണി.. ക്രിസ്റ്റിയുടെ ജീവിതത്തിന് കൂടിയുള്ള ഭീക്ഷണിയായിരുന്നു.

കുന്നേൽ ബംഗ്ലാവിൽ തളർന്നു കിടക്കുന്നവരുടെ അരികിലേക്ക് ചെന്ന ഫൈസിയും ആര്യനും അവരെയെന്ത് പറഞ്ഞിട്ടാണ് സമാധാനിപ്പിക്കേണ്ടത് എന്നൊരു പ്രതിസന്ധിയിൽ പെട്ടു പോയിരുന്നു.

ഉറക്കമൊട്ടുമില്ലാത്ത ഒരു രാത്രി..

അന്നതിന് വല്ലാത്ത ധൈർഘ്യമുണ്ടായിരുന്നു, വേദനയോടെ പുലരിയെ കാത്തിരിക്കുന്നവർക്കെല്ലാം.

അന്ന് മുഴുവനും ഓടി പിടഞ്ഞു നടന്നതിന്റെ ഫലമായി ഫൈസിയുടെ കൈ അസഹനീയമായ വേദനയുണ്ടായിരുന്നു.

കൈ പത്തിയും വിരലുകളും നീര് വന്നു തടിച്ചു പോയിരുന്നു.എന്നിട്ടും അതൊന്നും അവനറിഞ്ഞത് പോലുമില്ല.

കുന്നേൽ ബംഗ്ലാവിൽ അവർക്ക് തുണയായി നിൽക്കണമെന്ന് അവനുറപ്പിച്ചിരുന്നുവെങ്കിലും അങ്ങേയറ്റം ക്ഷീണവും വേദനയും.. ടെൻഷനും കൊണ്ട് തളർന്നു പോയ അവനെ അവരെല്ലാം കൂടിയാണ് നിർബന്ധിച്ചു പറഞ്ഞു വിട്ടത് .
പകരം ആര്യൻ അവർക്ക് കൂട്ടായി അവിടെ കൂടുമെന്ന് ഉറപ്പിച്ചു പറഞ്ഞതിന് ശേഷമാണ് പാതി മനസ്സോടെയെങ്കിലും ഫൈസി വീട്ടിലേക്ക് മടങ്ങിയത്.
അവരവിടെ തനിച്ചാണെന്നുള്ള ഓർമ അവനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.

പാതിരാത്രി വരെയും.. മുഹമ്മദും ഷാനവാസും ഗൗരി എത്തിയേക്കാം എന്ന് സംശയമുള്ളയിടത്തെല്ലാം അവരെ കൊണ്ടാവുന്ന പോലെ അന്വേഷണം നടത്തിയിട്ടും യാതൊരു തുമ്പും കിട്ടിയില്ല എന്നതും അവരിലെ മനപ്രയാസം കൂട്ടി.

വേദന സംഹാരിയുടെ തളർച്ചയിൽ ഫൈസി ആയിഷയുടെ മടിയിൽ തല വെച്ച് ഉറങ്ങി പോയിട്ടും വെളിച്ചമുദിക്കും മുന്നേ അവനുണർന്ന് കഴിഞ്ഞിരുന്നു.

ഇന്നെങ്കിലും ക്രിസ്റ്റിയെ കാണാൻ കഴിയുമെന്നുള്ള ഒരു പ്രതീക്ഷ അവനപ്പോഴും മുറുകെ പിടിച്ചിരുന്നു.

❣️❣️

ഹൃദയത്തിലൂടെ വല്ലാത്തൊരു ഭയം അരിച്ചു കയറി തന്നെയൊന്നാകെ തളർത്തി കളയുന്നത് പാത്തു അറിയുന്നുണ്ട്.
ക്രിസ്റ്റിയെ വിളിച്ചിട്ട് അന്നേരം വരെയും കിട്ടിയില്ല എന്നതവളുടെ ഭയം കൂട്ടി.

ഇന്നലെ കണ്ട് പിരിയുമ്പോൾ അവൻ വല്ലാത്തൊരു മാനസിക പിരിമുറുക്കത്തിലായിരുന്നു.

വൈകുന്നേരം വരെയും ഉറക്കമായിരുക്കുമെന്ന് കരുതിയിട്ട് വിളിച്ചില്ല.
പക്ഷേ പിന്നെ വിളിക്കുമ്പോൾ സ്വിച്ച് ഓഫ് എന്ന് കേട്ടതോടെ പിടയാൻ തുടങ്ങിയതാണ്.

കണ്ണിലുറക്കം വന്നു തളർത്തുന്നത് വരെയും വിളിച്ചിട്ട് കിട്ടിയില്ല.

അവനെന്തു പറ്റിയെന്നറിയാതെ അവൾ ഉരുകി തുടങ്ങിയിരുന്നു.

തനിക്കറിയത്ത എന്തോ ഒന്ന് സംഭവിച്ചു പോയേക്കാമെന്ന് ഹൃദയം പലപ്പോഴും മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്.

ആരോടാണ് ഇനി അവനെയൊന്ന് അന്വേഷിച്ചു നോക്കേണ്ടന്നറിയാതെ.. അന്നത്തെ രാത്രി അവളും കരയുകയാണ്..

❣️❣️

“ഇങ്ങനെ കരഞ്ഞത് കൊണ്ട് വല്ലതും വരും അമ്മേ.. ഇച്ഛാ തെറ്റൊന്നും ചെയ്യില്ലെന്ന് നമ്മൾക്കുറപ്പല്ലേ.. ഇച്ഛാ വരും..”
മീരയാണ്.

അത് വരെയും അവരെയെല്ലാം ആശ്വാസിപ്പിച്ചു നിർത്തിയ മറിയാമ്മച്ചി.. അന്ന് രാത്രി ആയി തുടങ്ങിയതോടെ… മൗനത്തിലേക്ക് കൂട് മാറിയിരുന്നു.

കയ്യിലൊരു കൊന്തമാലയുമായി.. അവർ പ്രാർത്ഥന മുറിയിലെ കർത്താവിന്റെ രൂപത്തിന് മുന്നിൽ മുട്ടി കുത്തി കണ്ണ് നിറച്ചു.

ഡെയ്സി എഴുന്നേൽക്കാൻ കൂടി വയ്യെന്നത് പോലെ.. തളർന്നു കിടക്കുമ്പോൾ.. ഇച്ഛക്ക് വേണ്ടി മീരാ അവന്റെ പ്രിയപ്പെട്ടവരെ പൊതിഞ്ഞു പിടിച്ചിരുന്നു.

വേണ്ടന്ന് പറഞ്ഞിട്ടും.. മീരാ നിർബന്ധിച്ചു പറഞ്ഞത് കൊണ്ട് മാത്രം ഡെയ്സിയും മറിയാമ്മച്ചിയും കുറച്ചു കഞ്ഞി കുടിച്ചു.

അസുഖകരമായൊരു മൗനം അവരെ എല്ലാവരെയും പൊതിഞ്ഞു നിന്നിരുന്നു അന്നത്തെ ദിവസം മുഴുവനും.

❣️❣️

ബാത്റൂമിൽ നിന്നിറങ്ങി വരുമ്പോഴാണ് ഷാനവാസിന്റെ ഫോൺ ബെല്ലടിയ്ക്കുന്നത്.
കയ്യിലുള്ള തോർത്ത്‌ തോളിലേക്കിട്ട് കൊണ്ടയാൾ ധൃതിയിൽ അതെടുത്തു.

ലില്ലിയാണ് വിളിക്കുന്നത് എന്നറിഞ്ഞതും ആശങ്കയാണ് അയാൾക്കാ സമയം തോന്നിയത്.

ക്രിസ്റ്റിയുടെ വിവരം അവളറിഞ്ഞു കാണുമെന്നുറപ്പാണ്.

ഇന്നത്തെ ദിവസം മുഴുവനും അലഞ്ഞിട്ടും അവനെ രക്ഷപെടുത്തിയെടുക്കാൻ വേണ്ടുന്ന യാതൊന്നും ലഭിച്ചിട്ടില്ലയെന്നത്.. അയാൾക്കൊരു ടെൻഷൻ നൽകിയിരുന്നു.

“ഹലോ…”

എടുത്തിട്ട് വല്ലതും പറയുന്നതാണ് നല്ലത്.. ഇല്ലെങ്കിൽ വീണ്ടും വീണ്ടും അവൾ വിളിച്ചു കൊണ്ടിരിക്കാമെന്ന് തോന്നിയതും അയാൾ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു.

“സർ.. എന്റെ..”
കരച്ചിൽ മുങ്ങിയ ആ സ്വരം..

വീണ്ടും ഉള്ളം മുഴുവനും അസ്വസ്ഥത പടർന്നു.

“വിഷമിക്കണ്ട.. ഞാൻ അറിഞ്ഞു.ക്രിസ്റ്റി തെറ്റൊന്നും ചെയ്തിട്ടില്ല. ഇന്നൊരു ദിവസം കൂടി ഇയാളോന്നു ക്ഷമിക്ക്. നാളെ.. നാളെ എന്തായാലും അവനെ പുറത്തിറക്കി കൊണ്ട് വരാൻ കഴിയും. എനിക്കുറപ്പുണ്ട് ”

ശാന്തമായ സ്വരത്തിൽ ഷാനവാസ് പറഞ്ഞു.

ഒന്ന് മൂളിയതല്ലാതെ ലില്ലി ഒന്നും മിണ്ടിയില്ല.

ആ ഹൃദയമെത്ര വേദന സഹിക്കുണ്ടെനോർത്തതും അതേ വേദന അയാൾക്കും അനുഭവപ്പെട്ടു.

“ആരുമില്ലെന്ന് കരുതി സങ്കടമൊന്നും വേണ്ട. അപ്പച്ചനോടും അമ്മച്ചോയോടും ധൈര്യമായിരിക്കാൻ പറയണം. ക്രിസ്റ്റിക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ ഞാൻ റെഡിയാണ്..”

ഷാനവാസ് പറയുമ്പോൾ ലില്ലി ശ്വാസം പിടിച്ചു നിന്ന് പോയി.

“വേണ്ടാത്തൊന്നും ഓർത്ത് വേദനിക്കണ്ട.. സമാധാനമായിട്ട് പോയി കിടക്കൂ.. നാളത്തെ ദിവസം ഈ സങ്കടമെല്ലാം തീരും.”

ഷാനവാസ് വീണ്ടും പറഞ്ഞത് കേട്ടതും ഒന്ന് മൂളി കൊണ്ട് ലില്ലി ഫോൺ കട്ട് ചെയ്തു.

❣️❣️

രാവിലെ മുതൽ ആര്യനും മുഹമ്മദിനുമൊപ്പം പോലീസ് സ്റ്റേഷനിൽ വന്നിരുന്നതാണ് ഫൈസി.

എന്ത് ചെയ്തിട്ടായാലും അന്ന് ക്രിസ്റ്റിയെ കണ്ടിട്ടേ പോകൂ എന്നവൻ ഉറപ്പിച്ചതാണ്.
രമേശ്‌ മുന്നിലേക്കിട്ട് തന്നതൊരു കച്ചിതുരുമ്പാണ്.

എങ്കിലും അതിൽ തൂങ്ങിയൊരു തീരുമാനമെടുക്കണമെങ്കിൽ ക്രിസ്റ്റിയെ കണ്ട് അവന്റെ മനസ്സ് കൂടി അറിയാതെ വയ്യായിരുന്നു.

ഒടുവിൽ.. റഷീദ് വിളിച്ചു പറഞ്ഞതനുസരിച്ചു ഒരു പത്തു മിനിറ്റ് നേരത്തേക്ക് ക്രിസ്റ്റിയെ കാണാനുള്ള അനുവാദം വാങ്ങിയെടുക്കുമ്പോൾ ഫൈസിക്ക് ശ്വാസം നേരെ വീണിരിന്നു.

വല്ലാത്തൊരു ധൃതിയിൽ അവൻ അകത്തേക്ക് നടന്നു.

“പെട്ടന്ന് വേണം..”
കൂടെ വന്ന പോലീസ് കാരൻ കടുപ്പത്തിൽ പറഞ്ഞു.
അയാൾ തിരിഞ്ഞു നടന്നതും ക്രിസ്റ്റി സെല്ലിന്റെ അകത്തേക്ക് നോക്കി.

ഹൃദയത്തിലെ മുറിവ് വീണ്ടും നീറുന്നുണ്ടായിരുന്നു… വെറും നിലത്ത് ചുവരിൽ ചാരി കണ്ണുകൾ അടച്ചു കൊണ്ടിരിക്കുന്നവനെ കണ്ടപ്പോൾ.

“ടാ.. ക്രിസ്റ്റി…”
ഇടർച്ചയോടെയാണ് വിളിച്ചത്.
ഞെട്ടി കൊണ്ട് ക്രിസ്റ്റി കണ്ണ് വലിച്ചു തുറക്കുന്നതും കമ്പിയിൽ പിടിച്ചു നിൽക്കുന്ന തന്നെ കണ്ടതും ആ മുഖം നിറയെ ആശ്വാസം പടരുന്നതും ഫൈസി വേദനയോടെ നോക്കി നിന്നു.

“കൈ എങ്ങനെ ഉണ്ടെടാ.. വേദന കുറഞ്ഞോ?”
നിലത്ത് കൈ കുത്തി എഴുന്നേറ്റു ഫൈസിയുടെ അരികിലേക്ക് ചെന്ന ക്രിസ്റ്റി ആദ്യം ചോദിച്ചത് അതാണ്‌.
ഫൈസി ഒന്നും പറയാതെ അവനെയൊന്ന് നോക്കി.

ഒറ്റ ദിവസം കൊണ്ടവനിലെ തിളക്കം കെട്ട് പോയത് പോലെ.
ചുവന്നു കലങ്ങിയ കണ്ണുകളും.. പാറി പറന്ന മുടിയിഴകളും.

വേദന തിങ്ങിയാ മുഖം.

“എന്തായെടാ.. ഗൗരിയെ കുറിച്ച് വല്ലതും..?”
ക്രിസ്റ്റി ഫൈസിയെ നോക്കി.

ഫൈസി ഒരു നെടുവീർപ്പോടെ ഇല്ലെന്ന് തലയാട്ടി.

“വൈകുന്ന ഓരോ നിമിഷവും അവളുടെ ജീവൻ അപകടത്തിലാണ് ഫൈസി ”
ക്രിസ്റ്റി വേവലാതിയോടെ ഫൈസിയെ നോക്കി.

ഇടംവലം നോക്കി.. ഒന്ന് കൂടെ അടുത്തേക്ക് നീങ്ങിയ ഫൈസി എന്തോ പറയാൻ ഒരുങ്ങുകയാണെന്ന് മനസിലായതും ക്രിസ്റ്റി ജാഗ്രതയോടെ അവനെ നോക്കി..

❣️❣️

“ഫാത്തിമ.. ഞാൻ ഫൈസിയാണ്.. ഫൈസൽ മുഹമ്മദ്‌.”

ഫോണിൽ കൂടി പതിഞ്ഞൊരു സ്വരം കാതിൽ എത്തിയതും പാത്തു പിടഞ്ഞു കൊണ്ടെഴുന്നേറ്റിരുന്നു.

ഫൈസിയെ കുറിച്ച് ക്രിസ്റ്റി പറഞ്ഞിട്ട് അവൾക്കറിയാം.

“ഫൈസിക്കാ.. ഇച്ഛാ.. ഇച്ഛക്കെന്താ പറ്റിയത്?
ഞാൻ.. ഞാൻ വിളിച്ചിട്ട് കിട്ടുന്നില്ല ”

പാതി കരച്ചിലോടെ പാത്തു പറഞ്ഞു.

“കരയല്ലേ… ക്രിസ്റ്റി പറഞ്ഞിട്ടാണ് ഞാൻ വിളിക്കുന്നത്.”

ഫൈസി പറഞ്ഞതും വീണ്ടും അവളുടെ ഹൃദയമിടിപ്പ് കൂടി.

വേദനിക്കുന്ന എന്തോ വിവരം കേൾക്കാൻ പോകുന്നുവെന്ന് അവൾ പേടിച്ചു.

“ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. വിവേകത്തോടെ ചിന്തിച്ചു വേണം പ്രവർത്തിക്കാൻ.. പതറി പോകരുത്. ഇനി ക്രിസ്റ്റിയുടെ മോചനം.. അത് നിന്റെ കയ്യിലാണ് ”
പതിയെ ഫൈസി പറയുമ്പോൾ പാത്തു വിറക്കുന്നുണ്ടായിരുന്നു.

ക്രിസ്റ്റിയുടെ അപ്പോഴുള്ള അവസ്ഥയെ കുറിച്ച് ഫൈസി പറഞ്ഞതും പാത്തു കരഞ്ഞു പോയിരുന്നു.

“കരയല്ലേ.. ഈ സമയം ബോൾഡായി നിൽക്കേണ്ടത് വളരെ അത്യാവശ്യമാണ്.ഒന്നും പേടിക്കേണ്ട. ഞാനുണ്ടാകും നിന്റെ കൂടെ..”
ഫൈസി ധൈര്യം പകർന്നു കൊടുത്തു.

“ആദ്യം ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. ക്രിസ്റ്റിയാണ് ഇത് നിന്നോട് ആവിശ്യപ്പെടുന്നത് എന്നങ്ങു കരുതേയെക്കണം. അവനിപ്പോ നിന്നെ വിളിക്കാൻ പറ്റിയൊരു സാഹചര്യമല്ലാത്തത് കൊണ്ട് അതെന്നെ ഏൽപ്പിച്ചു എന്ന് മാത്രം.. ഫാത്തിമാക്ക് ഞാൻ പറയുന്നത് മനസിലാവുന്നുണ്ടോ?”
ഫൈസി ചോദിക്കുമ്പോൾ… പാത്തുവിന്റെ കൈകൾ ഫോണിൽ മുറുകി…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button