Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 77

രചന: റിൻസി പ്രിൻസ്

“നീ കുറച്ച് നേരം കിടക്ക്. ഞാൻ അപ്പോഴേക്കും നിനക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം, രാവിലെ നീ ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ, കടേന്ന് വാങ്ങാന്നാ കരുതിയത്, പിന്നെ ഓർത്തു കറി വെച്ചിട്ട് പോയത് ആണ്, പെട്ടെന്ന് ചപ്പാത്തിക്ക് മാവ് കുഴച്ച് രണ്ടെണ്ണം ഉണ്ടാക്കി തരാന്ന്, നീ ഒന്ന് കിടക്ക് അപ്പോഴേക്കും ഞാൻ ഉണ്ടാക്കാം. അതും പറഞ്ഞ് അവർ അടുക്കളയിലേക്ക് പോയപ്പോൾ സ്വന്തം അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് ഇത്രയും മുതിർന്ന ഒരു പെൺകുട്ടിയോട് ഇങ്ങനെ പറയാൻ കഴിയുന്നത് എന്ന് ആയിരുന്നു ആ സമയം അവൾ ചിന്തിച്ചത്.. വീട്ടിലെത്തി എന്ന് സുധിയ്ക്ക് ഒരു മെസ്സേജ് അയച്ചിരുന്നു. ഒപ്പം സാധനങ്ങളുടെ ഫോട്ടോയും

സന്തോഷം നിറഞ്ഞ ഒരു സ്മൈലിയാണ് അവൻ തിരിച്ചയച്ചത്. അത് കാണെ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നിരുന്നു. ആ സമയം കൊണ്ട് ഭക്ഷണം റെഡിയായി എന്ന് അറിയിച്ചുകൊണ്ടുള്ള മാധവിയുടെ വിളിയും വന്നു.

ഭക്ഷണം കഴിക്കാനായി മാധവിയുടെ അരികിലേക്ക് ചെന്നിരുന്നു. അടുക്കളയുടെ പുറകിലേക്ക് തുറക്കുന്ന തിട്ടയിൽ ഇരുന്നാണ് ഭക്ഷണം കഴിക്കാറുള്ളത്… പണ്ടും അങ്ങനെയായിരുന്നു കുറച്ചുകാലമായി ആ രുചിയും ആ ഇരുപ്പുമൊക്കെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അമ്മ തന്ന ചപ്പാത്തിയും കറിയും എടുത്തു കൊണ്ട് അടുക്കളയുടെ തിട്ടയിലേക്ക് ഇരുന്നു. ഓരോന്നായി ചൂടോടെ ചൂടോടെ ചുട്ടുകൊണ്ട് മാധവി വിശേഷങ്ങൾ തിരക്കുന്നു.. അവിടുത്തെ ഓരോ കാര്യങ്ങളെക്കുറിച്ച് വലിയ സന്തോഷത്തോടു തന്നെയാണ് അവൾ പറഞ്ഞത്, ഒരു വാക്കിൽ പോലും അവിടെയുള്ള ആരെയും കുറ്റപ്പെടുത്തിയിട്ടില്ല അവൾ എന്ന് മനസ്സിലാക്കിയപ്പോൾ മാധവിക്ക് ഒരു അമ്മയെന്ന നിലയിൽ അഭിമാനം തോന്നി. തന്റെ മകൾ ഭർത്താവിന്റെ വീട്ടുകാരുടെ കുറ്റം വന്നു പൊടിപ്പും തൊങ്ങലും വെച്ച് തന്നോട് പറയുന്ന കൂട്ടത്തിൽ അല്ല അത് ഒരു അമ്മ എന്ന നിലയിൽ തന്റെ വിജയം തന്നെയാണ് എങ്കിലും അവൾക്ക് അവിടെ ബുദ്ധിമുട്ടുകൾ ഏറെയാണെന്ന് അവൾ പറയാതെ തന്നെ അവളുടെ കോലം കണ്ടപ്പോൾ മാധവിക്കു മനസ്സിലായിരുന്നു. ഇല്ലായ്മകൾ ഏറെ ഉണ്ടെങ്കിലും വളരെ നന്നായി വളർത്തിക്കൊണ്ടുവന്ന മകളാണ്, വിവാഹസമയത്ത് പോകുമ്പോൾ നല്ല വണ്ണവും നിറവും ഒക്കെ ഉണ്ടായിരുന്നതാണ്… ഇപ്പോൾ താൻ കാണുമ്പോൾ മെലിഞ്ഞ മുഖമൊക്കെ വിളറി മറ്റൊരു കോലത്തിൽ ആയിരിക്കുന്നു. അതിൽ നിന്നു തന്നെ അവൾക്കവിടെ എത്രത്തോളം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്ന് മാധവിക്കു മനസ്സിലാക്കാൻ സാധിച്ചിരുന്നു. മതിയെന്നു പറഞ്ഞ് എഴുന്നേറ്റിട്ടും നിർബന്ധിച്ചു ഒരെണ്ണം കൂടി കഴിപ്പിച്ചിരുന്നു മാധവി… ഏറെ നാളുകൾക്കു ശേഷം ലഭിച്ച ആ അമ്മ രുചിയിൽ മതിമറന്ന് അവളും ഏറെ കഴിച്ചു ഭക്ഷണം കഴിച്ചു….

ഭക്ഷണം കഴിഞ്ഞ് വേഷം എല്ലാം മാറി ഒന്ന് കുളിക്കാനായി അവൾ പോയിരുന്നു… കുളി കഴിഞ്ഞ് പുറത്ത് വന്നപ്പോൾ തന്നെ പകുതി ആശ്വാസം തോന്നിയിരുന്നു. ഒപ്പം മാധവിയുടെ അരികിലേക്ക് വന്ന് അടുക്കളയിൽ നിന്ന് സഹായിക്കാൻ കൂടിയതും മാധവി അവളെ തടഞ്ഞു..

” നീ കുറച്ചുദിവസം ഒന്നും ചെയ്യേണ്ട. നിന്നെ ഇവിടെ ജോലി ഏൽപ്പിക്കാൻ വേണ്ടി കൊണ്ടുവന്നതല്ല. കുറച്ചുദിവസം നീ ഇവിടെ റസ്റ്റ് എടുക്കാൻ വേണ്ടി വന്നതാ, അവിടുന്ന് ജോലി ആണെന്നും പറഞ്ഞാണ് സുധി ഇങ്ങോട്ട് അയച്ചത്… എന്നിട്ട് ഇവിടെ നിന്നും പണിയെടുപ്പിച്ചു എന്ന് അവൻ അറിഞ്ഞാലോ.?

” ഒന്നും ചെയ്യാതിരുന്നാൽ അതിനെക്കാളും പ്രശ്നമാ അമ്മേ… അത്രയ്ക്ക് കുഴപ്പമൊന്നുമില്ല ഒന്ന് കുളിച്ച് വേഷമൊക്കെ മാറി നീ കുറച്ചുനേരം ചെന്ന് കിടന്നുറങ്ങ്… ഉറക്കം കിട്ടാത്തത് കൊണ്ട് ആണ് നീ തലകറങ്ങി വീണത്… ഏതായാലും രണ്ടുദിവസം വരില്ലാന്ന് തൊഴിലുറപ്പിൽ ഞാൻ പറഞ്ഞിട്ടുണ്ട്, അത് കഴിയുമ്പോൾ നീ ഇവിടെ ഇഷ്ടമുള്ള ജോലിയൊക്കെ ചെയ്തോ. ഏതായാലും രണ്ടുദിവസം ഞാൻ എന്റെ മോൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്… അതുകൊണ്ട് നീ ജോലി ഒന്നും ചെയ്യേണ്ട കുറച്ചുനേരം പോയി കിടന്നുറങ്ങ്. ഇനിയിപ്പോൾ ഉറക്കം വരുന്നില്ലങ്കിൽ എന്തെങ്കിലും എടുത്തു വച്ച് പഠിക്ക്… ക്ലാസ്സ് കുറേ ദിവസം പോകുന്നതല്ലേ അതുകൊണ്ട് പഠിത്തം കളയാൻ നിൽക്കേണ്ട…

മാധവി പറഞ്ഞതും അവൾ അനുസരണയോടെ മുറിയിലേക്ക് പോയിരുന്നു…. ശേഷം സുധിയുടെ ഫോണിലേക്ക് ഒന്ന് വിളിച്ചു നോക്കി… ഫ്രീയാണെങ്കിൽ ആളെടുക്കും വിളിച്ചപ്പോൾ തന്നെ ഫോൺ എടുത്തിരുന്നു.. വീഡിയോ കോളിൽ അവനെ കണ്ടപ്പോൾ ഒരു നിറഞ്ഞ ചിരിയാണ് അവൾ സമ്മാനിച്ചത്… തന്റെ വീട്ടിൽ നിൽക്കുമ്പോൾ ഇത്രയും നിറഞ്ഞ ചിരിയോടെ താനവളെ കണ്ടിട്ടില്ല എന്ന് ഒരു നിമിഷം സുധിയും ഓർത്തിരുന്നു… അത്രത്തോളം മാറ്റമുണ്ട് ആ മുഖത്ത്. മനസ്സിന്റെ സമാധാനം ആ മുഖത്ത് പ്രകടമാണ്.. അവളുടെ ആ ചിരി കണ്ടപ്പോൾ തന്നെ അവന് പകുതി ആശ്വാസം തോന്നിയിരുന്നു.. കുറച്ച് അധികം സമയം സംസാരിച്ചതാണ് ഫോൺ വെച്ചത്. ഫോൺ വെച്ച് കഴിഞ്ഞതും കുറച്ചു നേരം ഒന്ന് കിടക്കാം എന്ന് അവൾക്ക് തന്നെ തോന്നിയിരുന്നു… മരുന്നിന്റെയും മറ്റും ക്ഷീണം കൊണ്ട് കിടന്നതെ അവൾ ഉറങ്ങിപ്പോയി.. ഉച്ചയോടെ മാധവി ആഹാരം കഴിക്കാൻ വിളിച്ചപ്പോഴാണ് അവൾ പിന്നെ ഉണർന്നത്.. നോക്കിയപ്പോൾ സമയം 2:10. ഇത്രയും സമയം താൻ കിടന്നുറങ്ങിയോ എന്ന് അവൾ അമ്പരന്നു പോയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഒന്നുറങ്ങാൻ അത്രമാത്രം കൊതിച്ചിട്ടുണ്ടായിരുന്നു. ഉറക്കം കൺപോളകളിൽ എത്തിനിൽക്കുമ്പോഴാണ് അസൈമെന്റ് പ്രോജക്ട് ഒക്കെ എഴുതുന്നത്… എല്ലാം കഴിഞ്ഞ് ഒന്ന് ഉറങ്ങുമ്പോഴേക്കും വെളുപ്പിനെ ആകും, അപ്പോഴേക്കും അലാറവും അടിക്കും ആ ക്ഷീണം മുഴുവൻ ഒന്ന് കിടന്ന് മാറ്റണം എന്ന് അവൾക്ക് തോന്നി…. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ തന്നെ വലിയ ആശ്വാസം തോന്നിയിരുന്നു.

കുറച്ചുനേരം പഠിക്കാനും എഴുതാനും ഉള്ളതിനായി സമയം ചിലവഴിച്ചു… അപ്പോഴേക്കും അനിയത്തിമാരെത്തുന്ന സമയമായി. അവര് വന്നതോടെ പുസ്തകങ്ങളൊക്കെ മടക്കിവെച്ച് അവരുടെ വിശേഷം കേൾക്കാനും തന്റെ വിശേഷം പറയലും ആയിരുന്നു.. അത് സന്ധ്യ വരെ തുടർന്നു.. അവസാനം മാധവി വന്ന് രണ്ടുപേരെയും വഴക്കു പറഞ്ഞാണ് കുളിക്കാനായി പറഞ്ഞുവിട്ടത്.. വൈകുന്നേരം എല്ലാവർക്കും ഒപ്പം ഇരുന്ന് നാമം ജപിച്ചു… കുറച്ച് അധികം നാളുകളായി മനസ്സിൽ നിറഞ്ഞുനിന്നിരുന്ന സംഘർഷങ്ങളൊക്കെ കുറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. എന്തൊക്കെ പറഞ്ഞാലും സ്വന്തം വീട് എന്നത് ഒരു പ്രത്യേകമായ വികാരമാണ്.. ലോകത്തിൽ വച്ച് ഏതൊരു വ്യക്തിക്കും ഏറ്റവും സുരക്ഷിതമായ അഭയം സ്ഥാനം അതുതന്നെയാണ്..

എല്ലാവർക്കും ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് വളരെ സമാധാനത്തോടെ അനിയത്തിയെ കെട്ടിപ്പിടിച്ച് അന്നത്തെ ദിവസം അവൾ ഉറങ്ങി. പിറ്റേ ദിവസവും മാധവി പോയിരുന്നില്ല, എന്തൊക്കെ ഉണ്ടാക്കിയെടുത്തു മകളെ ശുശ്രൂഷിക്കാൻ അവർ തയ്യാറെടുക്കുകയായിരുന്നു…

ഇതിനിടയിൽ മുറിയൊക്കെ ഒന്ന് വൃത്തിയാക്കാം എന്ന് കരുതി മീര എല്ലായിടവും അടിച്ചുവാരി തുടച്ചു കൊണ്ടിരുന്നപ്പോഴാണ് അലമാരക്കുള്ളില്‍നിന്നും ആ പഴയ ഗിഫ്റ്റ് ബോക്സ് കയ്യിലേക്ക് വന്നത്, പണ്ടേതോ ഒരു പിറന്നാളിന് അർജുൻ തനിക്ക് വേണ്ടി സമ്മാനിച്ച ഒരു ഗിഫ്റ്റ് ബോക്സ് ആയിരുന്നു അത്… താജ്മഹലിന് അരികിൽ രണ്ട് പരസ്പരം പുണർന്നു നിൽക്കുന്ന രണ്ടുപേരുടെ ഒരു പ്രിസമായിരുന്നു അത്…. അത് തങ്ങൾ രണ്ടുപേരുമാണ് എന്ന് പ്രണയത്തിന്റെ നിറഞ്ഞ വേളയിൽ എപ്പോഴും അവൻ പറയുകയും ചെയ്തിട്ടുണ്ടായിരുന്നു.. ഒരു നിമിഷം അർജുന്റെ ഓർമ്മകൾ അവളുടെ മനസ്സിലേക്ക് ഇരച്ചെത്തി. കുറച്ച് അധികം നാളുകളായി താൻ മറന്നു തുടങ്ങിയ ഒരു വിഷയമായിരുന്നു അത്. ആ പ്രശ്നം കണ്ടതുകൊണ്ടാണ് പെട്ടെന്ന് അവനെ കുറിച്ച് ഓർത്തത് അപ്പോഴാണ് അലമാരയുടെ അടിത്തട്ടിലായി പലപ്പോഴായി അവൻ സമ്മാനിച്ചിട്ടുള്ള ചില സമ്മാനപൊതികളൊക്കെ ഉണ്ടെന്ന് അവൾ ഓർത്തത്.. ചില ഗ്രീറ്റിംഗ് കാർഡുകളും ഇതുപോലെയുള്ള ശില്പങ്ങളും ഒക്കെയാണ് അവയിൽ കൂടുതലും. ഒരു കവറിൽ ആക്കി അമ്മ കാണാതെ വെച്ചതായിരുന്നു അവൾ അതെല്ലാം പുറത്തെടുത്തു. ഒന്നിനും ഒരു കുഴപ്പവുമില്ല ഏറെ ഇഷ്ടത്തോടെ സൂക്ഷിച്ചുവച്ചതാണ് ഒക്കെ… ആ സമ്മാനങ്ങളിലേക്ക് ഒക്കെ നോക്കുമ്പോൾ ഉള്ളിലേക്ക് പഴയ പല ഓർമ്മകളും ഇരച്ചെത്തിയിരുന്നു.. അവൻ തന്റെ പിന്നാലെ നടന്നതും താൻ ഇഷ്ടമാണെന്ന് പറഞ്ഞത് ഒടുവിൽ വീട്ടുകാർക്ക് വേണ്ടി അവൻ തന്നെ വേണ്ടെന്ന് വെച്ചതും അങ്ങനെ ഒരു വലിയ കാലഘട്ടത്തിൽ ഓർമ്മകൾ അവളുടെ മനസ്സിലേക്ക് നിറഞ്ഞു വന്നു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button