തിരുവനന്തപുരത്ത് 13കാരിയെ അമ്മയുടെ സുഹൃത്തടക്കം നിരവധി പേർ പീഡിപ്പിച്ചു; ഒരാൾ പിടിയിൽ

തിരുവനന്തപുരത്ത് നിരവധി ആളുകൾ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പീഡിപ്പിച്ചവരിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്. തിരുവനന്തപുരം നഗരൂരിലാണ് സംഭവം നടന്നത്. 13 വയസ്സുകാരിയെയാണ് അമ്മയുടെ സുഹൃത്ത് ഉൾപ്പടെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സഖിയുടെ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. സ്‌കൂൾ അധികൃതരുടെ നിർദേശ പ്രകാരമായിരുന്നു കുട്ടിയെ കൗൺസിലിംഗിനു വിധേയമാക്കിയത്.
പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ സ്വദേശി സനലിനെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷക്കാലമാണ് പലരും പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. പത്തനംതിട്ടയിലെ പീഡനവാർത്തയുടെ ഞെട്ടൽ മാറുന്നതിന് മുൻപാണ് സമാനമായ മറ്റൊരു സംഭവം കൂടി ദിവസങ്ങൾക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
അമിത ഫോൺ ഉപയോഗവും അസ്വാഭാവിക പെരുമാറ്റവും മൂലമാണ് കുട്ടിയെ സ്‌കൂൾ അധികൃതർ കൗൺസിലിംഗിന് വിധേയമാക്കിയത്. കൗൺസിലറോട് കുട്ടി തനിക്ക് ലൈംഗിക പീഡനം ആറ് പേരിൽ നിന്ന് നേരിടേണ്ടി വന്ന വിവരം പറഞ്ഞു. കുട്ടിയെ ഉപദ്രവിച്ചവരിൽ ഒരാൾ മരണപ്പെട്ടു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.