മേബാക്ക്, ഗോസ്റ്റും അടക്കം സ്വന്തം ശേഖരത്തില്‍ 400 കാറുകളുള്ള ഒരു ബാര്‍ബര്‍
ബംഗളൂരു: 1,200 കോടി രൂപ ആസ്തിയുള്ള ബാര്‍ബറെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് കഥയല്ല, യാഥാര്‍ഥ്യമാണ്. 400ല്‍ പരം കാറുകള്‍ സ്വന്തമായുള്ള ഈ ബാര്‍ബറിന്റെ ഗാരേജില്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റും മെഴ്‌സിഡസ് മേബാക്കുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ജാഗ്വാര്‍, ബിഎംഡബ്ല്യു, ഓഡി, ഫോര്‍ഡ് മസ്റ്റാങ്‌സ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ ഒരു നീണ്ടനിരയെന്ന് കേട്ടാല്‍ ആരും അന്താളിച്ചുപോകുമെന്ന് തീര്‍ച്ച. കേവലം ഒരു ബാര്‍ബറായി ജീവിതം ആരംഭിച്ച് ശതകോടീശ്വരനായി മാറിയ ഒരു ഇന്ത്യക്കാരന്‍ എന്ന് ഈ വാഹനങ്ങളുടെ ഉടമയായ രമേഷ് ബാബുവിനെ വിശേഷിപ്പിക്കാം.
ബംഗളൂരു ആസ്ഥാനമായി കാര്‍ റെന്റല്‍ ബിസിനസ് നടത്തുന്ന വ്യക്തിയാണ് ഇന്ന് ഈ മനുഷ്യന്‍. 1993ല്‍ അമ്മാവന്റെ സഹായത്തോടെ ഒരു മാരുതി ഓമ്‌നി വാങ്ങുന്നതോടെയാണ് കാറുകളോടുള്ള പ്രണയത്തിന് തുടക്കമാവുന്നത്. അത് വാടകക്ക് നല്‍കിയായിരുന്നു ബിസിനസിന്റെ തുടക്കം. പിന്നീട് കൂടുതല്‍ വാഹനങ്ങള്‍ സ്വന്തമാക്കി. ബിസിനസ് അഭിവൃദ്ധി പ്രാപിച്ച് ഡ്രൈവര്‍മാരെ നിയമിക്കുന്നതുവരെ വാഹനങ്ങള്‍ ഓടിച്ചിരുന്നത് രമേശ്തന്നെയായിരുന്നു.
2004ല്‍ ആയിരുന്നു ആദ്യത്തെ ആഡംബര കാറായ മെഴ്‌സിഡസ് ബെന്‍സ് ഇ-ക്ലാസ് സെഡാന്‍ രമേശിന്റെ ഗാരേജിലേക്ക് എത്തുന്നത്. 38 ലക്ഷം രൂപയായിരുന്നു വില. അതിനേ തുടര്‍ന്നായിരുന്നു മറ്റ് കാറുകളുടെ വരവ്. 2024 മാര്‍ച്ചില്‍ മൂന്ന് പുതിയ മെഴ്‌സിഡസ് ബെന്‍സ് ഇ-ക്ലാസ് സെഡാനുകള്‍ അദ്ദേഹം ഒന്നിച്ചു വാങ്ങിയിരുന്നു. വാഹനങ്ങളോടുള്ള അടങ്ങാത്ത അഭിനിവേഷം മാത്രമല്ല, വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് ഇതെല്ലാം രമേശ് ബാബു സ്വന്തമാക്കിയത്. നിശ്ചയദാര്‍ഢ്യം ഒന്നുമാത്രം കൈമുതലാക്കി മൂന്ന് പതിറ്റാണ്ടുകള്‍കൊണ്ട് വളര്‍ത്തിയെടുത്തതാണ് ഇദ്ദേഹത്തിന്റെ ഇന്നു നാം കാണുന്ന ഈ സാമ്രാജ്യം.
ഇല്ലായ്മയില്‍നിന്നും തന്റെ കുടുംബത്തിന്റെ ഭാരവും പേറി 13ാം വയസില്‍ ബര്‍ബറായി ജോലി ചെയ്ത് തുടങ്ങിയതാണ് രമേശ് ബാബു. അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ക്കപോലും മുന്‍പ് രമേശ് സേവനം നല്‍കിയിട്ടുണ്ട്.
അച്ഛന്‍ മരിച്ചതിന് ശേഷം അദ്ദേഹം നടത്തിയ സലൂണ്‍ ഏറ്റെടുത്താണ് കുലത്തൊഴിലിലേക്ക് എത്തുന്നത്. ബാര്‍ബറുടെ ജീവിതം തുടരുമ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വിടാതെ പിന്തുടര്‍ന്നപ്പോഴുമൊന്നും പഠനം കൈവിട്ടില്ല. ഇലക്ട്രോണിക്സില്‍ വിജയകരമായി ഡിപ്ലോമയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠനകാലത്ത് പത്രം, പാല്‍ വിതരണം തുടങ്ങിയ കൊച്ചുകൊച്ചു ജോലികളെല്ലാം ചെയ്ത് തന്റെ കുടുംബത്തിന് വരുമാനം നേടിക്കൊടുത്തായിരുന്നു ആ ബാല്യകൗമാരങ്ങള്‍ കടന്നുപോയത്.