National

ഇന്ത്യന്‍ പട്ടാളത്തിലെ ബല്‍ജിയന്‍ സ്വദേശിക്ക് വീരമൃത്യു

ശ്രീനഗര്‍: ഏതൊരു ഭീകരവിരുദ്ധ യുദ്ധവും മനുഷ്യരും ആയുധങ്ങളും മാത്രം ഇഞ്ചോടിഞ്ചു പൊരുതുന്നത് മാത്രമല്ല, അതില്‍ മനുഷ്യരല്ലാത്ത മനുഷ്യരേക്കാള്‍ ബുദ്ധിശക്തിയും ധീരതയും പ്രദര്‍ശിപ്പിക്കുന്ന ചില ജീവികളും കാണും. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഏത് അര്‍ഥത്തിലും യോഗ്യതയുള്ളതായിരുന്നു ജമ്മുകശ്മീരില്‍ ഭീകരര്‍ക്കെതിരായ പോരാട്ടത്തിനിടയില്‍ വീരമൃത്യുവരിച്ച സൈനിക നായയായ ഫാന്റമെന്ന ബല്‍ജിയന്‍ സ്വദേശി.

അഖ്നൂര്‍ സെക്ടറില്‍ നിയന്ത്രണ രേഖയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഇന്ത്യന്‍ ആര്‍മിയിലെ വീരുറ്റ പോരാളിയായ ഫാന്റം കൊല്ലപ്പെട്ടത്. തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ ഏര്‍പ്പെട്ടിരുന്ന ആര്‍മി യൂണിറ്റിന്റെ ഭാഗമായിരുന്നു ഫാന്റം, ശത്രുവിനെ ആക്രമിക്കുന്നതിനിടെ വെടിയുണ്ടകളേറ്റായിരുന്നു ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍ ഉള്‍പ്പെടുന്ന ഈ നായ വീരമൃത്യുവരിച്ചത്. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലിനിടെ സൈനികന്റെ ജീവന്‍ രക്ഷിക്കുന്നതിനിടെ ആറുവയസ്സുള്ള സൈനിക നായ കെന്റ് കൊല്ലപ്പെട്ടിരുന്നു.

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്ന പരിശീലനം ലഭിച്ച നായ്ക്കളുടെ ഒരു പ്രത്യേക യൂണിറ്റായ കെ9 യൂണിറ്റിന്റെ ഒരു ആക്രമണ നായയായിരുന്നു ഫാന്റം. മീററ്റിലെ റിമൗണ്ട് വെറ്ററിനറി കോര്‍പ്സില്‍ നിന്നാണ് ആണ്‍ നായയായ ഫാന്റത്തെ 2022 ഓഗസ്റ്റ് 12ന് സൈന്യത്തില്‍ പോസ്റ്റുചെയ്തത്. 2020 മെയ് 25ന് ജനിച്ച ഫാന്റത്തിന്റെ ധൈര്യവും വിശ്വസ്തതയും അര്‍പ്പണബോധവും ഒരിക്കലും മറക്കാനാവില്ലെന്നും സൈനിക കേന്ദ്രങ്ങള്‍ അനുസ്മരിച്ചു.

Related Articles

Back to top button