Gulf

യുഎഇ ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് നേടി അഭിമാനമായി മലയാളി നഴ്‌സ്

അബുദാബി: ഇത്തവണത്തെ യുഎഇ ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഏറെ അഭിമാനമാണ് മലയാളികള്‍ക്ക്. പത്തനംതിട്ട സ്വദേശിനിയായ മായ ശശീന്ദ്രനാണ് അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ച് മലയാളികള്‍ക്ക് അഭിമാനമായി മാറിയിരിക്കുന്നത്. പത്തനംതിട്ട കൂടല്‍ സ്വദേശിനിയായ മായ മുസഫ്ഫയിലെ എല്‍എല്‍എച്ച് ആശുപത്രിയില്‍ നഴ്‌സിങ് സൂപ്പര്‍വൈസറായി ജോലി നോക്കുന്നതിനിടയിലാണ് അവാര്‍ഡ് കൈവന്നിരിക്കുന്നത്.

കൂട്ടിരിപ്പിനുപോലും ഉറ്റവരോ, ബന്ധുക്കളോ, സുഹൃത്തുക്കളോ ഇല്ലാത്ത രോഗികളെ സ്വന്തംപോലെ കരുതി ശുശ്രൂഷിച്ചതിനുള്ള മഹത്തായ അംഗീകാരമായി മാറിയിരിക്കുകയാണ് ഈ പുരസ്‌കാരം. 17 ലക്ഷം രൂപയും സ്വര്‍ണ നാണയവും ആരോഗ്യ ഇന്‍ഷൂറന്‍സും മൊബൈല്‍ ഫോണും ഡിസ്‌കൗണ്ട് കാര്‍ഡുമാണ് അവാര്‍ഡായി ലഭിച്ചിരിക്കുന്നത്. ഡ്യൂട്ടി സമയത്തെക്കുറിച്ച് ചിന്തിക്കാതെ തന്റെ പ്രൊഫഷണില്‍ പ്രകടിപ്പിച്ചുവരുന്ന സമാനതകളില്ലാത്ത അര്‍പ്പണബോധമാണ് അവാര്‍ഡിലേക്ക് എത്തിച്ചത്.

ബുര്‍ജീല്‍ ഗ്രൂപ്പിന് കീഴിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ബെസ്റ്റ് നഴ്‌സ്, ബെസ്റ്റ് പെര്‍ഫോമര്‍, ജെം ഓഫ് ദ ക്വാര്‍ട്ടര്‍ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. മലയാളി സമാജം കൊവിഡ് കാലത്ത് ആദരിച്ച മികച്ച 10 നഴ്‌സുമാരുടെ കൂട്ടത്തിലും മായയുണ്ടായിരുന്നു.

പ്രവാസ ഭൂമികയില്‍ രോഗികള്‍ക്ക് ആരോഗ്യപരമായും മാനസികമായും പിന്തുണ നല്‍കുന്നതില്‍ നഴ്‌സുമാരുടെ സംഭാവന വിലപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ മായയുടെ സേവനം മാതൃകാപരവുമാണെന്നും അവാര്‍ഡ് ജൂറി വിലയിരുത്തിയിരുന്നു. കൂടല്‍ മായാവിലാസത്തില്‍ ശശീന്ദ്രന്റേയും ലീലയുടെയും മകളാണ് മായ. ഭര്‍ത്താവ് കോട്ടയം സ്വദേശിയായ അജി നൈനാനും മകന്‍ അഞ്ചാം ക്ലാസുകാരനായ ആരോണും നാട്ടിലാണ് കഴിയുന്നത്.

Related Articles

Back to top button