കോഴിക്കോട് ബാലുശ്ശേരിയിൽ ലഹരിക്കടിമയായ മകൻ അച്ഛനെ വെട്ടിക്കൊന്നു

കോഴിക്കോട് ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. ബാലുശ്ശേരി പനായിലാണ് സംഭവം. ചാണറയിൽ അശോകനാണ് കൊല്ലപ്പെട്ടത്. മകൻ സുധീഷിനെ ബാലുശ്ശേരി പോലീസ് പിടികൂടി. അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസം.
രാത്രിയായിട്ടും വീട്ടിൽ നിന്ന് വെളിച്ചമൊന്നും കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് അശോകനെ കിടപ്പുമുറിയിൽ വെട്ടേറ്റ നിലയിൽ കണ്ടത്. ലഹരിക്കടിമയായ സുധീഷ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. അശോകനും സുധീഷും തമ്മിൽ തിങ്കളാഴ്ച രാവിലെ വഴക്ക് നടന്നിരുന്നു.
വീട്ടിൽ നിന്നും അടയ്ക്ക് എടുത്തു കൊണ്ട് പോയി സുധീഷ് വിറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. അശോകന് രണ്ട് ആൺമക്കളാണുള്ളത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. അശോകന്റെ ഭാര്യ ശോഭനയെ 13 വർഷം മുമ്പ് ഇളയ മകൻ വെട്ടിക്കൊന്നിരുന്നു. പിന്നാലെ ഇളയ മകൻ ആത്മഹത്യ ചെയ്യുകയായിരുന്നു.