ഒമാനിലെ വിദ്യാലയങ്ങളുടെ മികവ് പരിശോധിക്കാന്‍ സംവിധാനം വരുന്നു; ഇതിനുള്ള ദേശീയ ചട്ടക്കൂട് ഡിസംബര്‍ രണ്ടിന്
മസ്‌കറ്റ്: രാജ്യത്തെ വിദ്യാലയങ്ങളുടെ മികവ് പരിശോധിക്കാന്‍ സംവിധാനം വരുന്നു. ഇതിനായുള്ള ദേശീയ ചട്ടക്കൂട് ഡിസംബര്‍ രണ്ടിന് ആരംഭിക്കുമെന്ന് ഒമാന്‍ അക്കാദമിക് അക്രഡിറ്റേഷന്‍ ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് ഓഫ് എജ്യുക്കേഷന്‍(ഒഎഎഎക്യുഎ) സിഇഒ ഡോ. ജോഖ അല്‍ ഷുക്കൈലി വെളിപ്പെടുത്തി. സ്‌കൂളുകളെ മൂല്യനിര്‍ണ്ണയ ഫലങ്ങള്‍ അറിയിക്കുമെന്നും കുറഞ്ഞ പെര്‍ഫോമന്‍സ് റേറ്റിംഗുള്ളവക്ക് അവയുടെ നില മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും ജോഖ വ്യക്തമാക്കി.
വിപണിയുടെ ആവശ്യത്തിന് ഉതകുന്ന കഴിവുകള്‍ വികസിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രാപ്തമാക്കുകയാണ് മൂല്യനിര്‍ണയത്തിലൂടെ ലക്ഷ്യമിടുന്നത്. മൂല്യനിര്‍ണയത്തിന്റെ മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പരിശോധിക്കുകയും അനുബന്ധ പ്രാദേശിക അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങളുടെ ആഴത്തിലുള്ള പഠനം നടത്തുകയും ചെയ്തിരുന്നു. ഇത്തരം കടമ്പകളെല്ലാം പൂര്‍ത്തീകരിച്ച ശേഷമാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
ഡിസംബര്‍ രണ്ടിന് മസ്‌കറ്റിലെ കെമ്പിന്‍സ്‌കി ഹോട്ടലില്‍ വെച്ച് പുതിയ അക്കാദമിക മൂല്യനിര്‍ണയ സംവിധാനത്തിന്റെ പ്രഖ്യാപനം നിര്‍വഹിക്കും. സാംസ്‌കാരിക മന്ത്രി സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദിന്റെ സാന്നിധ്യത്തിലാവും സുപ്രധാനമായ പ്രഖ്യാപനം നടത്തുക. റോയല്‍ ഡിക്രി നമ്പര്‍ 9/2021 പ്രകാരം രൂപീകൃതമായ ഒമാന്‍ അതോറിറ്റി ഫോര്‍ അക്കാദമിക് അക്രഡിറ്റേഷന്‍ ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് ഓഫ് എജ്യുക്കേഷന്റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മൂല്യനിര്‍ണയ സംവിധാനം ആരംഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.