വിമാന നിരക്ക് താങ്ങാനാവുന്നില്ല; ഗള്‍ഫിലെ വിദ്യാലയങ്ങളിലേക്കു 40 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്കും മടങ്ങാനായില്ല
ദുബൈ: നാട്ടില്‍നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനക്കൂലി വിമാനക്കമ്പികള്‍ കുത്തനെ കൂട്ടിയതോടെ മടങ്ങാന്‍ സാധിക്കാതെ ബുദ്ധിമുട്ടിലായിരിക്കുന്നത് 40 ശതമാനത്തോളം വിദ്യാര്‍ഥികള്‍. മധ്യവേനല്‍ അവധിയുടെ ആലസ്യം വെടിഞ്ഞ് ഇന്നലെയാണ് യുഎഇയിലെ വിദ്യാലയങ്ങള്‍ വീണ്ടും തുറന്നത്. എന്നാല്‍ പല വിദ്യാലയങ്ങളിലും പാതിയോളം കുട്ടികള്‍ ഹാജരില്ലാത്ത സ്ഥിതിയാണ്.
വിമാന നിരക്ക് സാധാരണ നിലയിലേക്കെത്താന്‍ ഇനിയും ആഴ്ചകള്‍ എടുക്കുമെന്നതിനാല്‍ കുട്ടികള്‍ക്ക് രണ്ടോ മൂന്നോ ആഴ്ചയെങ്കിലും ക്ലാസ് അറ്റന്റ് ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഇതുമൂലം സംജാതമായിരിക്കുന്നത്. നിരക്ക് കുറഞ്ഞാല്‍ മാത്രമേ മടക്കയാത്രയേക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കൂവെന്നാണ് നാട്ടില്‍ കഴിയുന്ന പല രക്ഷിതാക്കളും പറയുന്നത്.
എല്ലാ വര്‍ഷവും വേനലവധി കഴിഞ്ഞ് മടങ്ങാനിരിക്കേ ടിക്കറ്റ് നിരക്കുകള്‍ സാധാരണയില്‍നിന്നും നാലും അഞ്ചും ഇരട്ടിയായി വര്‍ധിക്കുന്നത് പതിവാണ്.
ഇപ്പോള്‍ വിദ്യാലയങ്ങളില്‍ എത്തിയിരിക്കുന്ന നാട്ടില്‍നിന്നു മടങ്ങിയെത്തിയ വിദ്യാര്‍ഥികളില്‍ മിക്കവരുടെയും രക്ഷിതാക്കള്‍ മാസങ്ങള്‍ക്ക് മുന്‍പേ ടിക്കറ്റ് എടുത്തു തിരിച്ചെത്തിയിരിക്കുന്നവരാണ്. പല എമിറേറ്റുകളിലും 25 ശതമാനം മുതല്‍ 40 ശതമാനംവരെ കുട്ടികളെങ്കിലും ഇനിയും എത്താനുണ്ടെന്നാണ് വിദ്യാലയ അധികൃതരില്‍നിന്നു ലഭിക്കുന്ന വിവരം.