വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർഥി നീറ്റ് പരീക്ഷക്ക് വന്ന സംഭവം; അക്ഷയ സെന്റർ ജീവനക്കാരി കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി നീറ്റ് പരീക്ഷക്ക് എത്തിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരിയെ പോലാസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയാണ് പിടിയിലായത്. വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കിയത് താനാണെന്ന് ഇവർ പോലീസിനോട് സമ്മതിച്ചതായാണ് വിവരം.
നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥിയുടെ അമ്മ പണം നൽകിയെങ്കിലും അപേക്ഷ സമർപ്പിക്കാൻ മറന്നു പോയെന്നും ഇതോടെ വ്യജ ഹാൾടിക്കറ്റ് ഉണ്ടാക്കുകയുമായിരുന്നു എന്നാണ് ജീവനക്കാരിയുടെ മൊഴി. സംഭവത്തിൽ വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്‌കൂളിലാണ് വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർഥി പരീക്ഷക്ക് എത്തിയത്.
ഹാൾ ടിക്കറ്റിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇതേ റോൾ നമ്പറിൽ തിരുവനന്തപുരത്ത് മറ്റൊരു കുട്ടി പരീക്ഷ എഴുതുന്നതായി കണ്ടെത്തി. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വിദ്യാർഥിയെയും അമ്മയെയും പോലീസ് കസ്റ്റഡിലെടുത്തു. ചോദ്യം ചെയ്യലിൽ അക്ഷയ സെന്റർ ജീവനക്കാരിയാണ് ഹാൾ ടിക്കറ്റ് നൽകിയതെന്ന് ഇവർ മൊഴി നൽകിയിരുന്നു.