അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം. വെന്റിലേറ്റർ സഹായത്തിലാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്തുന്നത്. കിണറിലെ വെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 49കാരനും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്
ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ സ്‌കൂളിൽ ആരോഗ്യവകുപ്പ് ഇന്ന് ബോധവത്കരണം നടത്തും. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ് ക്ലാസ് നടത്തുക
കോരങ്ങാട് യുപി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥി അനയയാണ് രോഗം ബാധിച്ച് മരിച്ചത്. മുൻകരുതലിന്റെ ഭാഗമായി കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്നലെയാണ് ഓമശ്ശേരി സ്വദേശിയായ മൂന്ന് പ്രായം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ 49കാരനും രോഗം സ്ഥിരീകരിച്ചത്.