വഖഫ് ബോര്‍ഡ് ഭൂമി തട്ടിയെടുക്കുന്നു; വഖഫ് ബില്‍ പാസ്സാക്കുന്നതില്‍ നിന്ന് ബി ജെ പിയെ തടയാനാകില്ല
അമിത് ഷായുടെ പ്രസ്താവന ഝാര്‍ഖണ്ഡില്‍വെച്ച്
റാഞ്ചി: വഖഫ് ബില്‍ വിഷയത്തിലും ഏകസിവില്‍ കോഡ് വിഷയത്തിലും നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. വഖഫ് ഭേദഗതി ബിലും ഏകസിവില്‍ കോഡും ബി.ജെ.പി സര്‍ക്കാര്‍ പാസാക്കുമെന്നും തങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വഖഫ് നിയമം ഭേദഗതി ചെയ്യാനും ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്താനും സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഝാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ വഖഫ് വിഷയം ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കാനുള്ള ബി ജെ പി തന്ത്രത്തിന്റെ ഭാഗമായാണ് അമിത് ഷായുടെ പ്രസ്താവന. ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഝാര്‍ഖണ്ഡിലെ ബാഗ്മാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ വികാരം ആളിക്കത്തിക്കുന്ന സംസാരമാണ് അദ്ദേഹം നടത്തിയത്. വഖഫ് ബോര്‍ഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ട്. കര്‍ണാടകയില്‍ ഗ്രാമീണരുടെ സ്വത്തുക്കള്‍ വഖഫ് ബോര്‍ഡ് കൈക്കലാക്കി. ക്ഷേത്രങ്ങളുടേയും കര്‍ഷകരുടേയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോര്‍ഡില്‍ മാറ്റങ്ങള്‍ വേണോ വേണ്ടയോ എന്ന് നിങ്ങള്‍ പറയൂ റാലിക്കിടെ അമിത് ഷാ പറഞ്ഞു.
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും രാഹുല്‍ ഗാന്ധിയും വഖഫ് ബോര്‍ഡില്‍ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. അവര്‍ എതിര്‍ക്കെട്ടെ. വഖഫ് ഭേദഗതി ബില്‍ ബി.ജെ.പി. പാസാക്കും. തങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ഷാ വ്യക്തമാക്കി. യൂണിഫോം സിവില്‍ കോഡ് (യു.സി.സി) നടപ്പാക്കുന്നത് ആര്‍ക്കും തടയാനാകില്ലെന്നും റാലിയില്‍ അദ്ദേഹം അവകാശപ്പെട്ടു.