പവിത്ര: PART 15

നോവൽ എഴുത്തുകാരി: തപസ്യ ദേവ് വീടിനകത്തേക്ക് കയറാൻ തുനിഞ്ഞ പവിത്രയുടെ മുന്നിലേക്ക് മുരളി കയറി നിന്നു. എന്താണെന്നുള്ള ചോദ്യഭാവത്തിൽ പവിത്ര അയാളെ നോക്കി. ” ആരോട് ചോദിച്ചിട്ടാ
 

നോവൽ

എഴുത്തുകാരി: തപസ്യ ദേവ്‌

വീടിനകത്തേക്ക് കയറാൻ തുനിഞ്ഞ പവിത്രയുടെ മുന്നിലേക്ക് മുരളി കയറി നിന്നു. എന്താണെന്നുള്ള ചോദ്യഭാവത്തിൽ പവിത്ര അയാളെ നോക്കി.

” ആരോട് ചോദിച്ചിട്ടാ നീ ഈ സാഹസം കാട്ടിയത്…. ”
അവൻ ദേഷ്യത്തിൽ ചോദിച്ചു.

” മനസ്സിലായില്ല എന്ത് സാഹസം ”
വളരെ ശാന്തതയോടെയാണ് പവിത്ര സംസാരിച്ചു തുടങ്ങിയത്.

” നമ്മളെയൊക്കെ ഉപേക്ഷിച്ചു പോയ അച്ഛന്റെ ഡെഡ്ബോഡി നീ ഇങ്ങോട്ടേക്കു കൊണ്ടു വന്നത് എന്തിനാ…. അതിന് അകമ്പടിയായി അയാളുടെ രണ്ടാം ഭാര്യയെയും മോനെയും കൂടി ഇങ്ങോട്ട് എഴുന്നള്ളിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്താ ”

വെറുപ്പോടെയും പുച്ഛത്തോടെയും മുരളി സാവിത്രിയേയും മകനെയും നോക്കി.

” ഇതിനൊക്കെ ഉത്തരം ഞാൻ ചേട്ടന് തരണമെന്ന് നിർബന്ധം ഉണ്ടോ ”

” ഈ വീട്ടിലെ മൂത്തമകൻ ഞാൻ ആണ്… ഞാൻ അല്ലേ ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത്…. അല്ലേടാ പ്രശാന്തേ ”

മുരളി പ്രശാന്തിനെ തന്റെ ഒപ്പം നിർത്താൻ ശ്രമിച്ചു.

” അതേ… ചേട്ടൻ പറഞ്ഞതല്ലേ ശരി… ചേട്ടനോടോ ഞങ്ങൾ ആരോടോ ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ ചേച്ചി ഒറ്റയ്ക്ക് അങ്ങ് തീരുമാനം എടുത്തു. ”

” അല്ല പവിത്രേ നിനക്ക് എപ്പോഴാ അച്ഛനോട് സ്നേഹം ഉദിച്ചത്… നീയും അമ്മയും കൂടെ തന്നെ അല്ലേ അച്ഛനെ ഈ വീട്ടിൽ നിന്നും ഇറക്കി വിട്ടത് ”

” അതെ… അന്ന് അതിന്റെ പേരിൽ ഞങ്ങളെ എതിർക്കുകയും അച്ഛനു പക്ഷം ചേർന്ന് സംസാരിക്കുകയും ചെയ്ത ആള് മുരളിയേട്ടൻ തന്നെ ആയിരുന്നില്ലേ. എന്നിട്ട് ഇപ്പോൾ ചേട്ടൻ തന്നെ അച്ഛന്റെ ശവസംസ്‌കാരം വീട്ടിൽ നടത്തുന്നതിനെ തടയുന്നു. അതിന്റെ കാര്യം എന്താ ”

മറുപടി പറയാനില്ലാതെ മുരളി കുറച്ചു നേരം മിണ്ടാതെ നിന്നു. പിന്നെ ആദർശിനെയും സാവിത്രിയേയും ചൂണ്ടി പറയാൻ തുടങ്ങി

” അച്ഛനെ ഇവിടെ അടക്കുന്നതിൽ എനിക്ക് എതിർപ്പ് ഒന്നുമില്ല.. പക്ഷേ ഈ നിമിഷം ഇവരെ ഇവിടെ നിന്നും ഇറക്കി വിടണം. ഇവിടെ നമ്മളോടൊപ്പം നിൽക്കാനുള്ള ഒരു അവകാശവും ഇവർക്ക് ഇല്ല ”

” അതിനുള്ള ഉത്തരം അമ്മ തരും അല്ലേ അമ്മേ ”
പവിത്ര അമ്മയെ നോക്കി. അവർ മുരളിയുടെ അടുത്തേക്ക് വന്നു.

” മുരളി ഈ വീട് എന്റെ പേരിൽ തന്നെയാണ് ഇപ്പോഴും…. ഇവിടെ ആര് വരണം പോണം നിൽക്കണം ഇതൊക്കെ തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. എന്നെ ചോദ്യം ചെയ്യാൻ ആയിട്ടില്ല എന്റെ മക്കൾ ആരും തന്നെ. പിന്നെ എത്രയൊക്കെ ക്രൂരൻ ആണെന്ന് പറഞ്ഞാലും ഈ മരിച്ചത് നിങ്ങളുടെ അച്ഛൻ തന്നെയാണ്. ആദ്യം തടയാൻ വന്ന നീ അത് പ്രത്യേകം ഓർക്കണം മുരളി. കാരണം ഇവരിൽ ആരെയും നിന്നെ നോക്കിയത് പോലെ അദ്ദേഹം നോക്കിയിട്ടില്ല. അച്ഛന്റെ പ്രവർത്തികൾക്ക് എല്ലാം കൂട്ട് നിന്നിട്ടുള്ളതും നീ തന്നെയാണ്.
ഇതിപ്പോൾ ഒരു മരണവീട് ആണ്…. ഇവിടെ നാട്ടുകാരും ബന്ധുക്കാരും അതിൽ നിന്റെ ഭാര്യയും വീട്ടുകാരും ഉൾപ്പെടും…. കൂടിയുണ്ട്. എല്ലാരുടെയും മുന്നിൽ വെച്ച് ഒരു സീൻ ഉണ്ടാക്കി സ്വയം നാണക്കേട് വരുത്തി വെക്കരുത്.
അതുകൊണ്ട് മര്യാദക്ക് ചെയ്യാനുള്ള കർമ്മങ്ങൾ ചെയ്യാൻ എന്റെ രണ്ടു മക്കളും റെഡി ആയി വാ…. കൂടെ ഇവനും കാണും ആദർശ്…. നിങ്ങളെ പോലെ തന്നെ അവനും ആ മനുഷ്യന്റെ മകനാണ്. അവനെ തടയാൻ നിങ്ങൾക്ക് അധികാരം ഇല്ല. അവരെ കൊണ്ടു വന്നത് ഞാൻ ആണ്. അതു ചോദ്യം ചെയ്യാൻ ആരും വരണ്ട ”
പത്മത്തിന്റെ മുഖത്തെ ഗൗരവും വാക്കുകളിലെ മൂർച്ചയും കണ്ട് മക്കൾ അവരെ പകച്ചു നോക്കി. പവിത്രയും അമ്മയുടെ ഇങ്ങനെയുള്ള മുഖം ആദ്യമായി കണ്ടതിന്റെ അമ്പരപ്പിൽ ആയിരുന്നു.

പത്മം തന്നെ വീടിന്റെ അകത്തേക്ക് സാവിത്രിയെ കൈപിടിച്ച് കൊണ്ടുപോയി. അമ്മയെ എതിർക്കാനുള്ള തന്റേടം ഒന്നും മുരളിക്കും പ്രശാന്തിനും ഉണ്ടായിരുന്നില്ല.

രാവിലെ തന്നെ ഡേവിഡ് പവിത്രയുടെ അച്ഛന്റെ അവസ്ഥ മോശമാണെന്നും എന്തും സംഭവിക്കാം എന്നുള്ള കാര്യങ്ങളൊക്കെ രാജേഷിനെ വിളിച്ചു അറിയിച്ചിട്ടുണ്ടായിരുന്നത് കൊണ്ട് അവനും പെട്ടെന്ന് തന്നെ ലീവ് എടുത്ത് സ്ഥലത്ത് എത്തി.

വൈകിട്ട് തന്നെ സംസ്കാര ചടങ്ങുകൾ നടത്തി. ചിതയിലേക്ക് ദേഹം കൊണ്ടുപോകുമ്പോൾ സാധാരണ ഉണ്ടാകാറുള്ള കൂട്ടക്കരച്ചിൽ ഒന്നും ആ വീട്ടിൽ ഉണ്ടായില്ല. നിശബ്ദമായി കണ്ണീർ പൊഴിക്കുന്ന രണ്ടു അമ്മമാർ മാത്രം… അവരെ സ്വാന്തനിപ്പിച്ചു കൊണ്ട് രാജേഷിന്റെ അമ്മ ഇന്ദു അടുത്ത് തന്നെ ഉണ്ടായിരുന്നു. ക്ഷീണം കാരണം രമ്യയുടെ മടിയിൽ കിടക്കുക ആയിരുന്നു പുണ്യ.

രമ്യ പവിത്രയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന വികാരം എന്തെന്ന് രമ്യക്ക് മനസ്സിലായില്ല. ചിത എരിയുന്നത് നോക്കി അവൾ മുറിയിലെ ജനലിന്റെ അരികിൽ തന്നെ നിന്നു.

വന്നവരൊക്കെ സന്ധ്യ ആയപ്പോൾ തന്നെ പിരിഞ്ഞു പോയിരുന്നു. രാജേഷും അച്ഛനും അമ്മയും പുണ്യയും മകളും അവിടെ തന്നെ നിന്നു. ഡേവിഡും ആദർശും രാജേഷും പുറത്ത് നിൽക്കുക ആയിരുന്നു. ഈ ഒരു അവസരത്തിൽ വീട്ടിൽ നിൽക്കാതെ തിരിച്ചു പോയ മുരളിയുടെയും പ്രശാന്തിന്റെയും കാര്യം ആയിരുന്നു അവർ സംസാരിച്ചു കൊണ്ടിരുന്നത്.

തുറന്നിട്ട ജനൽ അടയ്ക്കാൻ തുടങ്ങുമ്പോൾ ആണ് എരിഞ്ഞു കൊണ്ടിരിക്കുന്ന ചിതയ്ക്കരികിൽ ആരോ നിൽക്കുന്നത് പോലെ ഇന്ദുവിന് തോന്നിയത് . ഒന്നൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അത് പവിത്ര ആണെന്ന് അവർക്ക് മനസിലായി.

” ഈ കുട്ടി അവിടെ എന്തിനാ പോയി നിൽക്കണത്… പെൺകുട്ടികൾ അങ്ങനെ പോയി നിൽക്കരുതെന്ന് അറിയില്ലേ ”
ഇന്ദു അവളെ വിളിച്ചു കൊണ്ടുവരാനായി പുറത്തേക്ക് ഇറങ്ങിയത് ഡേവിഡ് കണ്ടു.

” എന്താ അമ്മേ ”
അവൻ അവരോട് കാര്യം തിരക്കി.
കാര്യം പറഞ്ഞപ്പോൾ അവൻ കൂട്ടികൊണ്ട് വരാമെന്ന് പറഞ്ഞു ഇന്ദുവിനെ അകത്തേക്ക് പറഞ്ഞു വിട്ടു. അവൻ പവിത്രയുടെ അരികിലേക്ക് ചെന്നു. ഡേവിഡ് വന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല.

” മനസ്സിൽ ഉള്ള സങ്കടം പിടിച്ചു വെക്കാതെ ഒന്നു കരഞ്ഞു തീർക്കരുതോ തനിക്ക് ”

ആ ചോദ്യം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി.

” ആർക്ക് സങ്കടം എനിക്ക് ഒരു സങ്കടവുമില്ല. പോകേണ്ട സമയം ആകുമ്പോൾ പോകേണ്ടവർ പോകും. അതിനു കരഞ്ഞു കൂവി ബഹളം വെക്കുന്നത് എന്തിനാ ”

അവന്റെ മുഖത്തേക്ക് നോക്കാതെ പവിത്ര പറഞ്ഞു.

” മ്മ് തന്നോട് പറഞ്ഞു ജയിക്കാൻ ആവില്ലെന്ന് എനിക്ക് അറിയാം. എന്തായാലും ഞാൻ അതിനല്ല വന്നത്. ദാ ഇത് തരാനാ ”

ഡേവിഡ് ഒരു മടക്കിയ പേപ്പർ അവൾക്ക് നേരെ വെച്ചു നീട്ടി.

” ഇതെന്താ ” അവൾ സംശയത്തോടെ ചോദിച്ചു.

” ഇത് തന്നെ ഏൽപ്പിക്കാൻ ആദർശ് തന്നതാ….തീരെ വയ്യാതെ ആകുന്നതിനു മുൻപ് തനിക്ക് തരാൻ വേണ്ടി തന്റെ അച്ഛൻ എഴുതിയ ഒരു ചെറിയ കത്ത് ആണ്….”

അവൾ അത് വാങ്ങിച്ചു നിവർത്തി വായിക്കാൻ തുടങ്ങിയത് അവൻ തടഞ്ഞു.

” ഇവിടെ നിന്ന് എങ്ങനെ വായിക്കാനാ മുറിയിൽ പോയി വായിക്കാൻ നോക്ക്. ഇന്ദു അമ്മായി താൻ ഇവിടെ നിൽക്കുന്നത് കണ്ട് എന്നെ വിളിച്ചോണ്ട് വരാൻ ഏൽപ്പിച്ചതാ…താൻ അകത്തേക്ക് നടക്ക് ”

പവിത്ര മുൻപേ നടന്നു. തൊട്ടുപുറകേ ഡേവിഡും. അവൾ അകത്തേക്ക് കയറി പോയി കഴിഞ്ഞിട്ടാണ് അവൻ പത്തായപ്പുരയിലേക്ക് പോയത്.

മുറിയിൽ കയറി വാതിൽ കുറ്റിയിടുമ്പോൾ ആ കത്തിൽ എന്താണെന്ന് അറിയാനുള്ള തിടുക്കം ആയിരുന്നു പവിത്രക്ക്. അച്ഛൻ എന്തായിരിക്കും തന്നോട് പറയാനുള്ളത്.

അവൾ ധൃതിയിൽ പേപ്പർ നിവർത്തി വായിക്കാൻ ആരംഭിച്ചു.

” പവിത്ര മോളേ…
ആദ്യത്തെ വാക്ക് വായിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു. അച്ഛൻ ആദ്യമായി തന്നെ മോളെന്നു വിളിച്ചിരിക്കുന്നു. കുഞ്ഞായിരിക്കുമ്പോൾ മുതൽ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് തന്നെയും മോളെന്നു വിളിച്ചു വാത്സല്യത്തോടെ കൊണ്ടു നടക്കുന്ന അച്ഛനെ. എന്നാൽ വളരുന്നതിനൊപ്പം മനസ്സിലാക്കി ആ ആഗ്രഹം ഒരിക്കലും നടക്കില്ലെന്നു.
നിറഞ്ഞ മിഴികൾ മുകളിലേക്ക് ഉയർത്തി കണ്ണുനീർത്തുള്ളികളെ അവൾ തടഞ്ഞു നിർത്തി.

” അച്ഛൻ ഒരു തെറ്റ് ആയിരുന്നെന്നും എന്റെ മകൾ ഒരു ശരി ആയിരുന്നെന്നും ഞാൻ മനസ്സിലാക്കിയില്ല. മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല.
എന്നും ഈ ആരോഗ്യവും ആയുസ്സും നിലനിൽക്കുമെന്ന് കരുതി. അച്ഛന് എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരു വിളിപ്പുറത്ത് ഉണ്ടാകുമെന്ന് പറഞ്ഞ മോൻ എന്റെ മുരളി… വയ്യാതെ ആയപ്പോൾ ഈ ഹോസ്പിറ്റലിൽ ആക്കി അച്ഛനെ വിട്ടു പോയി. ഒരു അനാഥനെ പോലെ ഞാൻ ഇവിടെ കിടന്നു.

അതിനും മുൻപേ നിന്റെ മനസ്സിന്റെ നന്മ ഞാൻ അറിഞ്ഞിരുന്നു….
സാവിത്രിയേയും മോനെയും നീ സംരക്ഷിക്കുന്നത് അറിഞ്ഞിട്ടും ഞാൻ അറിയാത്ത ഭാവം നടിച്ചു. ഒരു വിവാഹ ജീവിതം പോലും വേണ്ടെന്ന് വെച്ച് നീ സഹോദരങ്ങളെയും അമ്മയെയും സംരക്ഷിക്കുന്ന കാര്യവും എനിക്ക് അറിയാമായിരുന്നു.
ഒരുപക്ഷേ മുരളിയെ കാണാൻ പോയ സ്ഥാനത്ത് നിന്നെ വന്നു കണ്ടിരുന്നു എങ്കിൽ നീ മുരളിയെ പോലെ എന്നെ ഉപേക്ഷിച്ചു കളയില്ലായിരുന്നു….. പക്ഷേ എന്റെ ദുരഭിമാനം അതിനെന്നെ അനുവദിച്ചില്ല.
എല്ലാം മനസ്സിലാക്കുന്ന അവസരത്തിൽ ഞാൻ അവസാനമായി ആഗ്രഹിക്കുന്നത് എന്റെ മോളേ നിന്നെ ഒന്നു കാണാനാ…. നിന്നോട് ക്ഷമ പറയാനാ…
കൂടുതൽ ഒന്നും പറയാൻ ഇല്ല എനിക്ക് നിന്നോട് ഒന്നു മാത്രേ പറയാനുള്ളു മാപ്പ് ഈ അച്ഛനോട് പൊറുക്കണം മോള്. ”

ആ ചുളുങ്ങിയ പേപ്പറിൽ അവളുടെ കണ്ണീർ വീണു നിറഞ്ഞു.ചെയ്തു പോയ തെറ്റിനെ കുറിച്ചോർത്ത് പശ്ചാത്തപിച്ചു ആണ് അച്ഛൻ പോയത്.
മുരളിയേട്ടൻ ഇത്ര ദുഷ്ടൻ ആയിരുന്നോ….! അച്ഛൻ ഈ അവസ്ഥയിൽ ഹോസ്പിറ്റലിൽ കിടക്കുന്ന വിവരം ഒരിക്കൽ പോലും പറഞ്ഞില്ലല്ലോ…. !!
മക്കളിൽ അച്ഛൻ ഏറ്റവും കൂടുതൽ സ്നേഹിച്ചത് മുരളിയേട്ടനെ ആയിരുന്നില്ലേ…! ഇങ്ങനെ അനാഥനെ പോലെ അദ്ദേഹത്തെ തനിച്ചാക്കി പോകാനും മാത്രം ദുഷ്ടൻ ആയോ ഏട്ടൻ…. !!

എല്ലാരും സ്വാർത്ഥർ ആണ്.. സ്വാർത്ഥർ…
ആ കത്ത് കയ്യിൽ ചുരുട്ടി പിടിച്ചു കൊണ്ട് പവിത്ര പിറുപിറുത്തു. അവളുടെ ചിന്തകൾ മറന്നു തുടങ്ങിയ ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ തുടങ്ങി.

************************

പതിവുപോലെ ഗായത്രി മന്ത്രം കേട്ടുകൊണ്ടാണ് പവിത്ര കണ്ണുതുറന്നത്. അയ്യപ്പന്റെ അമ്പലത്തിൽ ഇടുന്ന ഈ റെക്കോർഡ് ആണ് അവളുടെ അലാറം. ഉണർന്നിട്ടും കണ്ണുകളിൽ നിന്നും ഉറക്കം വിട്ടുമാറിയിരുന്നില്ല.
ഒന്നുകൂടി പുതപ്പിനുള്ളിലേക്ക് അവൾ ചുരുണ്ടു കൂടി.

” മോളേ… പവിത്രേ എണീക്ക് ”
പത്മം വന്നവളെ തട്ടി വിളിച്ചു.

” കുറച്ചു നേരം കൂടെ കിടന്നോട്ടെ അമ്മേ ”

” അങ്ങനെ കുറച്ചു നേരം കൂടി കിടന്നാൽ ആരു കൊണ്ടുപോയി മിൽമയിൽ പാല് കൊടുക്കും. എണീക്ക് മോളേ ”
പത്മം സ്നേഹത്തോടെ അവളുടെ നെറുകയിൽ തലോടി.

തന്റെ ദേഹത്ത് ഇരിക്കുന്ന പുണ്യയുടെ കാല് എടുത്തു മാറ്റി കൊണ്ട് അവൾ എണീറ്റു.

” ഇവളോടോ പ്രശാന്തിനോടോ കൊണ്ട് കൊടുക്കാൻ പറയരുതോ അമ്മേ… എന്നും ഞാൻ അല്ലേ കൊണ്ടു കൊടുക്കുന്നത്. എന്ന് തുടങ്ങിയതാ ഞാൻ ഈ പരിപാടി… മടുത്തു ”

തെല്ലു പരിഭവത്തോടെ ആണ് അവൾ അത് പറഞ്ഞത്.

” ഞാൻ എന്ത് ചെയ്യാനാ മോളേ… നിന്റെ അച്ഛന്റെ സ്വഭാവം അറിയാല്ലോ നിനക്ക്. ഞാൻ എത്രയോ തവണ അദ്ദേഹത്തോട് പറഞ്ഞതാ പ്രശാന്തിന്റെ കയ്യിൽ കൊടുത്തു വിടാമെന്ന്. കേൾക്കണ്ടേ ”

അമ്മയുടെ നിസ്സഹായാവസ്ഥ അറിയാവുന്നത് കൊണ്ട് കൂടുതൽ ഒന്നും പറയാതെ അവൾ കുളിക്കാനായി കുളത്തിലേക്ക് പോയി. രാവിലെ കുളത്തിൽ ആണ് കുളി. വൃശ്ചിക മാസത്തിലെ തണുപ്പ് കാലുകളിലൂടെ അരിച്ചു കയറുന്നുണ്ട്.
കുളപ്പടവിൽ നിന്നു കൊണ്ട് ഒരു കാല് വെള്ളത്തിലേക്ക് അവൾ വെച്ചു.
തണുത്തിട്ട് പെട്ടെന്ന് തന്നെ അവൾ ആ കാല് വലിച്ചു.

” പെട്ടെന്ന് കുളിച്ചു വായോ പവിത്രേ ”
അമ്മ വിളിച്ചു പറയുന്നത് കേട്ട് അവൾ പിന്നെ മടിച്ചു നിൽക്കാതെ കുളത്തിലേക്ക് ഇറങ്ങി. ഒന്ന് അക്കരെ വരെ നീന്തി വന്നപ്പോഴേക്കും തണുപ്പൊക്കെ പോയി.

കുളിച്ചു വന്നിട്ട് അവൾ പാലും കൊണ്ട് മിൽമയിലേക്ക് പോകാൻ ഇറങ്ങി. പകുതി വഴി ആയപ്പോൾ മുന്നേ പോകുന്ന ആളെ കണ്ട് പവിത്രയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
വിഷ്ണു ആണ്… മിൽമയിലേക്ക് പാല് മേടിക്കാൻ പോകുന്ന പോക്കാണ്.

ഇനി ഇപ്പോൾ അവൻ പതിയെ നടക്കും ആ നേരം പവിത്രയുടെ നടപ്പിന് അവൾ മുന്നിൽ എത്തും. ഇത് പതിവാണ്…. അതുകൊണ്ട് അവൾക്ക് നന്നായി അറിയാം.

പുറകേ പവിത്ര വരുന്നുണ്ടെന്ന് തിരിഞ്ഞു നോക്കി ഉറപ്പു വരുത്തിയിട്ട് പ്രകൃതി ഭംഗി ആസ്വദിക്കുന്ന പോലെ അവൻ ചുറ്റും നോക്കിയും തോട്ടിലേക്ക് കല്ലെറിഞ്ഞും പതിയെ നടക്കാൻ തുടങ്ങി.
ചുണ്ടിലൂറി വന്ന ചിരി മറച്ചു കൊണ്ട് പവിത്ര അവന് മുന്നേ കേറി നടന്നു.

നീളൻ മുടി കുളിർ പിന്നൽ പിന്നിയിട്ടിരിക്കുന്നതിൽ നിന്നും വെള്ള തുള്ളികൾ ഇറ്റു വീഴുന്നത് കൗതുകത്തോടെ നോക്കി കൊണ്ട് വിഷ്ണു പവിത്രയുടെ പിന്നാലെ നടന്നു.
അവളോടുള്ള അടങ്ങാത്ത പ്രണയം അവന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു.

ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയ പവിത്ര കണ്ടു പരിഭ്രമത്തോടെ തന്നിൽ നിന്നും നോട്ടം മാറ്റുന്ന വിഷ്ണുവിനെ.

മിൽമയിൽ നിന്നും തിരിച്ചു പോരുമ്പോഴും വിഷ്ണു അവളുടെ പിന്നാലെ തന്നെയായിരുന്നു.

” നിന്റെ പുന്നാര മോള് എന്തിയെ…. ആ നശൂലത്തിനോട്‌ പറയണം ഞാൻ വെളിയിലോട്ട് ഇറങ്ങുമ്പോൾ എന്റെ മുന്നിൽ വന്നു നിൽക്കരുതെന്ന്. ഒരു നല്ല കാര്യത്തിന് പോവാ ഞാൻ ”
വീട്ട് മുറ്റത്ത് കാലെടുത്തു വെച്ചതും അവൾ കേട്ടു അച്ഛന്റെ സ്വരം.
ഈ പല്ലവി കേട്ട് കേട്ട് ചെവി തഴമ്പിച്ചെങ്കിലും അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.

അച്ഛന്റെ മുന്നിൽ ഒരു അപശകുനമാകാതെ ഇരിക്കാൻ അവൾ അടുക്കള വാതിൽ വഴി അകത്തേക്ക് കയറി.

( തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 14