National

ഏറ്റവും വലിയ പ്രതിരോധ പ്രോജക്ടുമായി അനില്‍ അംബാനി

മുംബൈ: ഇപ്പോള്‍ അനില്‍ അംബാനിക്ക് നല്ല കാലമാണ്. കടവും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളെയുമെല്ലാം മറികടന്ന് വീണ്ടും പച്ചവെക്കുകയാണ് അനിലും തങ്ങളുടെ കമ്പനികളും. തന്റെ കീഴിലുള്ള റിലയന്‍സ് ഇന്‍ഫ്ര ഓഹരികള്‍ക്ക് പുതു ഊര്‍ജം കൈവന്നിരിക്കുന്നു. കളി ചെറുതല്ല, 10,000 കോടി രൂപയുടെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ പ്രോജക്ട് ആണ് അനിലിപ്പോള്‍ കൈവച്ചിരിക്കുന്നത്.

റിലയന്‍സ് ഗ്രൂപ്പ് ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് പുതിയ പ്രൊജക്ട്. 65 -ാം വയസില്‍ തകര്‍ന്നടിഞ്ഞ തന്റെ സാമ്രാജ്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് മുകേഷ് അംബാനിയുടെ സഹോദരന്‍. അനില്‍ അംബാനിയുടെ പോര്‍ട്ട്‌ഫോളിയോയിലെ മുന്‍നിര സ്ഥാപനമായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആണ് പുതിയ പ്രതിരോധ പദ്ധതിക്കു പിന്നില്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപ ഈ പ്രോജക്ടിന്റെ ഭാഗമായി നിക്ഷേപിക്കാനാണ് കമ്പനി തീരുമാനം. പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനും, ഡിഫന്‍സ് കയറ്റുമതി വര്‍ധിപ്പിക്കാനുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ഊര്‍ജം കൈവരിച്ചാണ് അനിലിന്റെ നീക്കം.

അനില്‍ അംബാനിക്ക് കീഴില്‍ വരുന്ന റിലയന്‍സ് ഇന്‍ഫ്രയുടെ വിപണി മൂല്യം 10,073 കോടി രൂപയാണ്. റിലയന്‍സ് ഇന്‍ഫ്രയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളായ ജയ് ആര്‍മമെന്റ്‌സ് ലിമിറ്റഡ്, റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്നിവ ഇതിനകം ആയുധങ്ങളും, വെടിക്കോപ്പുകളും നിര്‍മ്മിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് ലൈസന്‍സ് നേടിയിട്ടുള്ള കമ്പനികളാണ്. ആറ് പ്രമുഖ ആഗോള പ്രതിരോധ കമ്പനികളുമായി സഹകരണമുള്ള കമ്പനികളും കൂടിയാണിവ.

ധീരുഭായ് അംബാനി ഡിഫന്‍സ് സിറ്റി(ഡിഎഡിസി) വികസിപ്പിക്കുന്നതിനായി മഹാരാഷ്ട്രയിലെ രത്നഗിരിയിലെ വട്ടാഡ് ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ കമ്പനിക്ക് 1,000 ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ വെളിപ്പെടുത്തി. ധീരുഭായ് അംബാനി ഡിഫന്‍സ് സിറ്റി ഇന്ത്യയിലെ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയുടെ ഗ്രീന്‍ഫീല്‍ഡ് പദ്ധതിയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളായ ടാറ്റ ഗ്രൂപ്പ്, അദാനി, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്നിവയുടെ നിരയിലേയ്ക്കാണ് റിലയന്‍സ് ഇന്‍ഫ്രയുടെ പ്രയാണം.

Related Articles

Back to top button