Kerala

അന്നൂസ് റോഷനെ കണ്ടെത്തി; കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തിയത് കൊണ്ടോട്ടിയിൽ

കോഴിക്കോട് കൊടുവള്ളിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തിയത്. അന്നൂസ് റോഷൻ പിതാവ് റസാഖുമായി ഫോണിൽ സംസാരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, അനസ് എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് യുവാവിനെ ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് നിർണായക സൂചന ലഭിച്ചത്. അന്നൂസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഘം കർണാടകയിലേക്ക് കടന്നുവെന്ന വിവരത്തെ തുടർന്ന് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മൈസൂർ, ഷിമോഗ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.

പ്രതികൾക്കായി കഴിഞ്ഞ ദിവസം പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഷബീർ, ജാഫർ, നിയാസ് എന്നിവരുടെ ചിത്രങ്ങളാണ് കൊടുവള്ളി പോലീസ് പുറത്തുവിട്ടത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ള മാരുതി സ്വിഫ്റ്റ് കാറിനെക്കുറിച്ചും സ്‌കൂട്ടറിനെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ ഏഴ് അംഗ സംഘമാണ് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ബൈക്കിൽ രണ്ട് പേരും കാറിൽ അഞ്ച് പേരുമാണ് എത്തിയത്. ആദ്യം ബൈക്കിലെത്തിയവരാണ് വീട്ടിലെത്തിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. അന്നൂസ് റോഷന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. വിദേശത്ത് നിന്ന് കടന്ന അജ്മൽ ഇതുവരെ നാട്ടിലെത്തിയിട്ടില്ല.

 

Related Articles

Back to top button
error: Content is protected !!