Kerala
സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിച്ച് ആശ പ്രവർത്തകർ

സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം കൂടുതൽ ശക്തമാക്കി ആശ വർക്കേഴ്‌സ്. സമരവേദിക്ക് മുന്നിൽ മുടി അഴിച്ച് പ്രകടനം നടത്തിയ ശേഷം ഇവർ മുടി മുറിച്ച് പ്രതിഷേധിച്ചു. സർക്കാരിനെതിരെ മുദ്രവാക്യം വിളിച്ചാണ് ഇവർ മുടി മുറിച്ചത്. ഒരാൾ തല മുണ്ഡനം ചെയ്തു
സമരം അമ്പതാം ദിവസത്തിലേക്ക് കടന്നതോടെയാണ് ഇവർ മുടി മുറിച്ച് പ്രതിഷേധിച്ചത്. സംസ്ഥാനത്തെ മറ്റ് സമര കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടി മുറിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തു. ഈ പ്രതിഷേധം കണ്ടിട്ടെങ്കിലും സർക്കാർ തങ്ങളെ പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു
ആശമാർ കേന്ദ്ര സ്‌കീമിലെ ജീവനക്കാരാണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സർക്കാർ ആണെന്നുമാണ് സംസ്ഥാന സർക്കാർ പറയുന്നത്. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിഷയത്തിൽ പഴിചാരൽ തുടരുകയാണ്.