Kerala
യുവതിയെ വ്യാജമോഷണക്കേസിൽ കുടുക്കിയ സംഭവം; എഎസ്‌ഐ പ്രസന്നനെയും സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം പേരൂർക്കടയിൽ ദളിത് യുവതി ബിന്ദുവിനെ വ്യാജ മോഷണക്കേസിൽ കുടുക്കി മാനസികമായി പീഡിപ്പിച്ച കേസിൽ എഎസ്‌ഐ പ്രസന്നന് സസ്‌പെൻഷൻ. ജിഡി ചാർജിലുണ്ടായിരുന്ന പ്രസന്നൻ അമിതാധികാരം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് സസ്‌പെൻഷൻ. കമ്മീഷണർ ഇതുസംബന്ധിച്ച ഉത്തരവിറക്കി
കേസിൽ പേരൂർക്കട എസ് ഐ പ്രസാദിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ജിഡി ചാർജുള്ള പ്രസന്നന് കേസ് അന്വേഷണത്തിൽ ഇടപെടാനോ പ്രതിയെന്ന് സംശയിക്കുന്നയാളെ ചോദ്യം ചെയ്യാനോ അധികാരമില്ല. ഇത് മറികടന്ന് പ്രസന്നൻ അമിതാധികാരം ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ
പ്രസന്നൻ മോശം വാക്കുകൾ ഉപയോഗിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായി. ഒരു രാത്രി മുഴുവൻ ബിന്ദുവിനെ സ്‌റ്റേഷനിൽ ഇരുത്തി ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു.