Sports

ബംഗ്ലാദേശ് വെറ്ററൻ താരം മുഷ്ഫിഖുർ റഹീം ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ചാമ്പ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ബംഗ്ലാദേശിന്റെ വെറ്ററൻ താരം മുഷ്ഫിഖുർ റഹീം ഏകദിന ഫോർമാറ്റിൽ നിന്നും വിരമിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് 37കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ചിട്ടുള്ള മുഷ്ഫിഖുർ ഏകദിനത്തിൽ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ്

എല്ലാത്തിനും ദൈവത്തിന് നന്ദി. രാജ്യാന്തര തലത്തിൽ നമ്മുടെ നേട്ടങ്ങൾക്ക് പരിമിതികളുണ്ടെങ്കിലും ബംഗ്ലാദേശ് ജേഴ്‌സിയിൽ എന്നൊക്കെ കളത്തിലിറങ്ങിയിട്ടുണ്ടോ, അന്നെല്ലാം കഴിവിന്റെ പരമാവധി രാജ്യത്തിനായി നൽകാൻ ശ്രമിച്ചിട്ടുണ്ടെന്ന് മുഷ്ഫിഖുർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു

274 മത്സരങ്ങളിലാണ് റഹീം ബംഗ്ലാദേശ് ജേഴ്‌സിയണിഞ്ഞത്. 36.42 ശരാശരിയിൽ 7795 റൺസ് നേടി. ഒമ്പത് സെഞ്ച്വറികളും 49 അർധസെഞ്ച്വറികളും സ്വന്തമാക്കി. 8357 റൺസുള്ള തമീം ഇഖ്ബാൽ മാത്രമാണ് ഏകദിനത്തിലെ റൺവേട്ടക്കാരിൽ റഹീമിന് മുന്നിലുള്ളത്.

144 ആണ് ഉയർന്ന സ്‌കോർ. വിക്കറ്റ് കീപ്പർ ആയ റഹീം 243 ക്യാച്ചുകളും 56 സ്റ്റംപിംഗുകളും സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരായ മത്സരമായിരുന്നു അവസാന രാജ്യാന്തര ഏകദിനം. മത്സരത്തിൽ രണ്ട് റൺസ് എടുത്ത് താരം പുറത്തായിരുന്നു.

Related Articles

Back to top button
error: Content is protected !!