ബഗോണിയ’ ട്രെയിലർ പുറത്ത്; എംമ സ്റ്റോണിനെ തട്ടിക്കൊണ്ടുപോയി ജെസ്സി പ്ലെമോൻസ്, യോർഗോസ് ലാൻതിമോസിന്റെ പുതിയ സൈക്കോ-ത്രില്ലർ

ഹോളിവുഡ്: പ്രശസ്ത സംവിധായകൻ യോർഗോസ് ലാൻതിമോസിന്റെ പുതിയ ചിത്രമായ ‘ബഗോണിയ’യുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ഹോളിവുഡ് സൂപ്പർതാരങ്ങളായ എംമ സ്റ്റോണും ജെസ്സി പ്ലെമോൻസും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഒരു ഡാർക്ക് കോമഡിയും സൈക്കോളജിക്കൽ ത്രില്ലറുമാണ്.
അവാർഡ് നേടിയ ‘പൂർ തിങ്‌സ്’, ‘കൈൻഡ്‌സ് ഓഫ് കൈൻഡ്‌നെസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൻതിമോസും എംമ സ്റ്റോണും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ബീ കീപ്പർ കൂടിയായ ജെസ്സി പ്ലെമോൺസ് അവതരിപ്പിക്കുന്ന ഒരു കഥാപാത്രവും അയാളുടെ സുഹൃത്തും ചേർന്ന് എംമ സ്റ്റോൺ അവതരിപ്പിക്കുന്ന ഒരു സി.ഇ.ഒയെ തട്ടിക്കൊണ്ടുപോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇവർ ഒരു അന്യഗ്രഹജീവിയാണെന്നും, ഭൂമിയെ നശിപ്പിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്നും തട്ടിക്കൊണ്ടുപോയവർ വിശ്വസിക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഇതിനോടകം തന്നെ നിരൂപക പ്രശംസ നേടിയ ഈ ചിത്രം ഒക്ടോബർ 24-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. അപ്രതീക്ഷിതമായ കഥാസന്ദർഭങ്ങളും സസ്പെൻസുകളും നിറഞ്ഞ ട്രെയിലർ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു. തൻ്റെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ ലാൻതിമോസിന്റെ അസാധാരണമായ ആഖ്യാനശൈലിയും ഈ ചിത്രത്തിലും പ്രകടമാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. എംമ സ്റ്റോണിന്റെ ശക്തമായ പ്രകടനവും ജെസ്സി പ്ലെമോൺസിന്റെ വിചിത്രമായ ഭാവങ്ങളും സിനിമയുടെ ഹൈലൈറ്റുകളായിരിക്കും.