കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം; ബിജെപി മന്ത്രിയെ അറസ്റ്റ് ചെയ്‌തേക്കും

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശിലെ ബിജെപി മന്ത്രി കുൻവർ വിജയ് ഷായെ അറസ്റ്റ് ചെയ്യാൻ സാധ്യത. വിജയ് ഷാക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ മധ്യപ്രേദശ് ഹൈക്കോടതി നിർദേശം നൽകിയതിന് പിന്നാലെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു.
സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരി എന്നാണ് വിജയ് ഷാ വിശേഷിപ്പിച്ചത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ തന്നെ വിട്ട് മോദിജി പാഠം പഠിപ്പിച്ചെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. ഇത് വിവാദമായതോടെ ബിജെപി മന്ത്രി മാപ്പ് പറഞ്ഞിരുന്നു
താൻ പത്ത് തവണ എങ്കിലും മാപ്പ് ചോദിക്കാൻ തയ്യാറാണെന്നായിരുന്നു വിജയ് ഷായുടെ ഖേദപ്രകടനം. മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ഇടപെട്ടിട്ടും ബിജെപി വിജയ് ഷായെ മന്ത്രിസഭയിൽ നിന്ന് ഇതുവരെ പുറത്താക്കാൻ തീരുമാനമെടുത്തിട്ടില്ല.