മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി: കേസ് തീർപ്പാക്കി
കൊച്ചി: ഒടുവിൽ ഹൈക്കോടതിക്ക് മുന്നിൽ നിരുപാധികം മാപ്പ് പറഞ്ഞ് വ്യവസായി ബോബി ചെമ്മണ്ണൂർ. മനപൂർവം കോടതിയെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരണമായാണ് അങ്ങനൊരു മറുപടി പറഞ്ഞതെന്നും ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബോച്ചേയുടെ മാപ്പ് സ്വീകരിച്ച കോടതി കേസ് തീർപ്പാക്കിയതായി അറിയിച്ചു
ബോബി ചെമ്മണൂർ ഇനി ഇത്തരം കാര്യങ്ങൾ പറയാൻ വാ തുറക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിക്ക് നൽകിയ ഉറപ്പ്. ജാമ്യം ലഭിച്ചിട്ടും ജയിലിന് പുറത്തിറങ്ങാതെയുള്ള ബോബി ചെമ്മണ്ണൂരിന്റെ നടപടിയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതിക്ക് മുന്നിൽ വിശദീകരണവുമായി അഭിഭാഷകൻ എത്തിയത്.
അയാൾ ഇന്നിറങ്ങിയാലും നാളെ ഇറങ്ങിയാലും കുഴപ്പമില്ല. ബോബി ചെമ്മണ്ണൂരിൻ്റെ പ്രവർത്തി കോടതിയെ വെല്ലുവിളിക്കുന്നപോലെയാണ്. അത് അംഗീകരിച്ച് തരാൻ കഴിയില്ല. പ്രഥമദൃഷ്ട്യാ ബോബി ചെമ്മണ്ണൂർ തെറ്റുകാരനാണ് കോടതിയുടെ വിമർശനം. തുടർന്നാണ് ഇനി അയാൾ വായ തുറക്കില്ലെന്ന് ബോബിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബാക്കിയുള്ള ജയിൽ നിവാസികളുടെ വക്കാലത്ത് അയാൾ സ്വയം ഏറ്റെടുക്കുന്നത് കോടതിയെ വെല്ലുവിളിക്കുന്ന പോലെയാണ്. കോടതിക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തേണ്ടെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ബോച്ചേയുടെ അഭിഭാഷകനെ ഓർമിപ്പിച്ചു.
കഴിഞ്ഞദിവസം ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് ജയിലിൽ നടന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പല സംഭവങ്ങളും അവിടെ അരങ്ങേറി. ഹൈക്കോടതി അനുവദിച്ച ജാമ്യം നടപ്പാക്കേണ്ടതില്ലെന്നാണ് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെ അറിയിച്ചത്. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരാൻ തീരുമാനിച്ചതെന്നായിരുന്നു ഇതിന് നൽകിയ മറുപടി.
ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. 12 മണിക്കുള്ളിൽ വിശദീകരണം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ നിർദ്ദേശം നൽകിയിരുന്നു. വിശദീകരണം ബോധ്യമായില്ലെങ്കിൽ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം റദ്ദാക്കിയേക്കുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാൽ കോടതിയുടെ ഈ നീക്കത്തിന് പിന്നാലെ 10 മിനിറ്റിനുള്ളിൽ ബോബി പുറത്തിറങ്ങുകയായിരുന്നു.
ബോബി ചെമ്മണ്ണൂരിന് ചൊവ്വാഴ്ചയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോൾ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോട് കൂടിയായിരുന്നു ജാമ്യം. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അശ്ലീല അധിക്ഷേപങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ ഈ മാസം എട്ടിനാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.