കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടു കൂടി; ഐവിനെ വലിച്ചിഴച്ചു; റിമാൻഡ് റിപ്പോർട്ട്

എറണാകുളം നെടുമ്പാശേരിയിൽ ഐവിൻ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ എന്ന് റിമാൻഡ് റിപ്പോർട്ട്. തർക്കത്തിനിടെ പ്രതികൾ കാറെടുത്ത് പോകാൻ ശ്രമിച്ചപ്പോൾ പോലീസ് എത്തിയിട്ട് പോയാൽ മതിയെന്ന് ഐവിൻ പറഞ്ഞത് പ്രകോപനത്തിന് കാരണമായി. കാറിനടിയിൽപെട്ട ഐവിനെ 37 മീറ്റർ വലിച്ചിഴച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശം.
ബോണറ്റിൽ വലിച്ചു കൊണ്ട് പോയ ശേഷം റോഡിലേക്ക് തെറിച്ച് വീണ ഐവിൻ കാറിനടിയിൽ പെട്ടു. തുടർന്ന് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ റിമാൻഡ് ചെയ്തിരുന്നു. അതിക്രൂര കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. ഈ മാസം 29 ടവരെയാണ് പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
വാഹനം തട്ടിയതിന് പിന്നാലെ ഐവിൻ ജിജോയെ മർദിച്ചെന്നും വീഡിയോ പകർത്തിയത് പ്രോകോപിച്ചെന്നുമാണ് പ്രതികൾ മൊഴിയായി പറഞ്ഞത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നാം പ്രതി വിനയ് കുമാർ ദാസിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥർ അശ്രദ്ധമായി കാറോടിച്ചതാണ് തർക്കത്തിന് തുടക്കം കുറിച്ചത് എന്ന് രണ്ടാം പ്രതി മോഹൻ മൊഴി നൽകി. ഐവിന്റെ കാറിൽ തട്ടിയതോടെ വാക്കേറ്റം ഉണ്ടായി. പിന്നാലെ നേരിയ സംഘർഷവും.
നാട്ടുകാർ എത്തുന്നതിന് മുൻപ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഐവിനെ കാർ ഇടിപ്പിച്ചത്. അതേസമയം കൊല്ലപ്പെട്ട ഐവിന് ജന്മനാട് വിട നൽകി. തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്കാരം നടന്നത്. കൊലപ്പെടുത്തിയവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.