Business

ഓണ്‍ലൈനില്‍നിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ വരട്ടെ; ഇതൊന്ന് ശ്രദ്ധിച്ചാല്‍ ധനനഷ്ടം ഒഴിവാകും

മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിംഗ് സര്‍വസാധാരണമായ ഇന്ന് എല്ലാവര്‍ക്കും ഷോപ്പിംഗ് പെയ്‌മെന്റെന്നാല്‍ ജിപേയും പേടിഎമ്മും ഫോണ്‍പേയുമെല്ലാമായി മാറിയിരിക്കുന്നു. ഓണ്‍ലൈന്‍ വില്‍പന സജീവമായതോടെ ഷോപ്പിങ്ങിന് പോയി സമയം നഷ്ടപ്പെടുന്നതും ഏറെക്കുറെ പഴങ്കഥയായി.

ഓണ്‍ലൈന്‍ ഭീമനായ ആമസോണില്‍ ഒരു മനുഷ്യായുസ്സില്‍ ആവശ്യമായ എന്തും വില്‍പനക്കുണ്ട്. എന്തിനും ഏതിനും ഓഫറാണിവരുടെ മുഖ്യ ആകര്‍ഷണം. 90 ശതമാനംവരെ ഓഫര്‍ നല്‍കി ആളുകളെ പലപ്പോഴും ആകര്‍ഷിക്കാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് അബദ്ധം പറ്റുന്നു. നല്ല ഉത്പന്നമെന്ന് കരുതി വാങ്ങുന്നത് ഒട്ടും ക്വാളിറ്റി ഇല്ലാത്തതോ, അല്ലെങ്കില്‍ വ്യാജ ഉത്പന്നമോ ആയി മാറുന്നതും അപൂര്‍വമല്ലാതായിരിക്കുന്നു

അനേകായിരം കടക്കാര്‍ ഒറ്റ കുടക്കീഴില്‍ എന്നതാണ് ആമസോണ്‍ മുന്നോട്ടുവെക്കുന്ന ആശയം. ഫ്ളിപ്കാര്‍ട്ടിലായാലും അങ്ങനെതന്നെ. ആമസോണും ഫിളിപ്കാര്‍ട്ടുമൊന്നും ഒരു ഉല്‍പന്നവും നിര്‍മിച്ച് വില്‍പന നടത്തുന്നില്ലെന്ന് ചുരുക്കം. അതിനാല്‍ വ്യാജന്മാര്‍ ഉണ്ടാകുന്നതും സ്വാഭാവികം. വ്യാജന്മാരെ തിരിച്ചറിഞ്ഞ് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക എന്നതാണ് ആദ്യത്തെ കാര്യം. മിക്ക വ്യാജ റിവ്യൂകളും താങ്ങാനാവുന്ന വിലയും അറിയപ്പെടാത്ത ബ്രാന്‍ഡുകളുടെ പ്രോഡക്റ്റും ആയിരിക്കും. അത്തരം പ്രൊഡക്ടുകളുടെ റിവ്യൂകള്‍ ആമസോണില്‍ മാത്രമേ ഉണ്ടാകൂ. ഇത്തരം ബ്രാന്‍ഡുകളുടെ റിവ്യൂകള്‍ മറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ കാണുവാന്‍ സാധിക്കുന്നില്ലെങ്കില്‍ അത്തരം പ്രൊഡക്ടുകള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം.

പ്രൊഡക്ടിന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ പേജുകള്‍ കണ്ടെത്താന്‍ കഴിയുമോ എന്ന് നോക്കുക. ആ പേജുകളില്‍ അവരും അവരെ ഫോളോ ചെയ്യുന്നവരും എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് മനസ്സിലാക്കുക.
ഇനി ഇതിനും ബുദ്ധിമുട്ടാണെങ്കില്‍ Fakespot എന്ന ടൂള്‍ ക്രോം എക്സ്റ്റെന്‍ഷനായും മൊബൈല്‍ ആപ്പ് ആയും ഉപയോഗിക്കാനാകും. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രൊഡക്ടിന്റെ വില്പനക്കാരന്റെ സെല്ലര്‍ ഹിസ്റ്ററിയും നിയമാനുസൃതമായ റിവ്യൂകളും മാത്രം കാണിക്കുന്ന ടൂള്‍ ആണിത്. Review Meta എന്ന മറ്റൊരു ടൂളും ഫേക്ക് റിവ്യൂകള്‍ കണ്ടെത്താന്‍ ഉപകരിക്കുന്നതാണ്. നിങ്ങള്‍ക്ക് റിവ്യൂ അറിയേണ്ട പ്രൊഡക്ടിന്റെ യുആര്‍എല്‍ പേസ്റ്റ് ചെയ്താല്‍ ഫേക്ക് റിവ്യൂകള്‍ ഫില്‍ട്ടര്‍ ചെയ്ത് റിയല്‍ റിവ്യൂകള്‍ മാത്രം കാണിക്കുന്നതും വഞ്ചിക്കപ്പെടുന്നത് ഒഴിക്കാന്‍ ഉപകരിക്കും.

5 സ്റ്റാര്‍ റേറ്റിങ്, പരിധിയില്‍ കൂടുതല്‍ പ്രൊഡക്ടിനെ പ്രശംസിക്കുക, വിശദാംശങ്ങളുടെ അഭാവം, മത്സരിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പരാമര്‍ശങ്ങള്‍, ഒരേ തീയതികളില്‍ ഒന്നിലധികം റിവ്യൂകള്‍ എന്നിവയെല്ലാം അത് ഫേക്ക് റിവ്യൂകള്‍ ആണെന്ന് ഉറപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ബ്രാന്‍ഡ് ഓണ്‍ലൈനില്‍ നോക്കുക. കമ്പനിക്ക് ഔദ്യോഗിക വെബ്സൈറ്റ് ഇല്ലെങ്കില്‍, അത് ഒരു മുന്നറിയിപ്പായി കാണേണ്ടതാണ്.

Related Articles

Back to top button