Movies

അജയൻ്റെ രണ്ടാം മോഷണത്തിനായി ഒടിടി തമ്മിൽ മത്സരം; ഒടുവിൽ അവകാശം നേടിയെടുത്തത് ഈ പ്ലാറ്റ്ഫോം

നവാഗതനായ ജിതിൻ ലാൽ അണിയിച്ചൊരുക്കിയ സിനിമയാണ് അജയൻ്റെ രണ്ടാം മോഷണം. ടൊവിനോ തോമസ് മൂന്ന് റോളുകളിലെത്തിയ സിനിമ തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇതിനിടെ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കാൻ പ്രമുഖ പ്ലാറ്റ്ഫോമുകൾ തമ്മിൽ മത്സരമായിരുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. മത്സരങ്ങൾക്കൊടുവിൽ ഒരു പ്രമുഖ ഒടിടി പ്ലാറ്റ്ഫോം സിനിമയുടെ ഒടിടി അവകാശം നേടിയിരിക്കുകയാണ്.

ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, സോണിലിവ് തുടങ്ങി വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമയ്ക്കായി ശ്രമിച്ചെങ്കിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മുടക്കിയ തുക എത്രയാണെന്നോ എപ്പോഴാണ് സിനിമ സ്ട്രീമിങ് ആരംഭിക്കുകയെന്നോ വ്യക്തമല്ല. സിനിമയുടെ സാറ്റലൈറ്റ് അവകാശം നേടിയത് ഏഷ്യാനെറ്റാണ്.

വ്യത്യസ്തമായ മൂന്ന് കാലഘങ്ങളിലായി നടക്കുന്ന കഥയാണ് അജയൻ്റെ രണ്ടാം മോഷണത്തിൽ പറയുന്നത്. ത്രീഡിയിലൊരുക്കിയ ചിത്രം ഇതിനകം 100 കോടി രൂപയ്ക്ക് മുകളിൽ നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവീനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ മൂന്ന് കഥാപാത്രങ്ങളുടെ നായികമാരായി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരെത്തുന്നു. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, രോഹിണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ചായാഗ്രഹണം. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്. ദിബു നൈനാൻ തോമസ് ഒരുക്കിയ ഗാനങ്ങളും ഹിറ്റായിരുന്നു.

തീയറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരിക്കെ സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത് വലിയ വിവാദമായിരുന്നു. അണിയറപ്രവർത്തകർ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെ വ്യാജ സിനിമാ സംഘത്തിൽ പെട്ട രണ്ട് പേർ പിടിയിലായിരുന്നു. തമിഴ്‌നാട് സത്യമംഗലം സ്വദേശികളായ കുമരേശന്‍ (29), പ്രവീണ്‍ കുമാര്‍ (31) എന്നിവരെ കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് ആണ് പിടികൂടിയത്.

വ്യാജപതിപ്പ്‌ ഷൂട്ട്‌ ചെയ്തവർക്ക് പ്രതിഫലമായി ലഭിച്ചത് ഒരു ലക്ഷം രൂപയെന്ന് പോലീസ് അറിയിച്ചിരുന്നു. ഒരു ചിത്രം പകർത്തി അതിന്റെ വീഡിയോ അപ്ലോഡ് ചെയ്താൽ ഒരു ലക്ഷം രൂപയാണ് പ്രതിഫലം. ഇത്തരത്തിൽ 32 സിനിമകളാണ് ഇവർ ഇതുവരെ പകർത്തി നൽകിയത്. കോയമ്പത്തൂരിലെ എസ്.ആര്‍.കെ. മിറാജ് തിയേറ്ററിൽ നിന്നാണ് ഇവർ അജയൻ്റെ രണ്ടാം മോഷണം പകർത്തിയത്. തമിഴ് എംവി എന്ന ടെലഗ്രാം ഐഡി വഴിയായിരുന്നു സിനിമ പ്രചരിപ്പിച്ചത്. കുപ്രസിദ്ധ സംഘമായ തമിഴ് റോക്കേഴ്സിൽ പെട്ടവരാണ് ഇവർ. പിടിയിലാവുന്ന സമയത്ത് ബെംഗളൂരുവിലെ ഗോപാലന്‍ മാളിലെ തിയേറ്ററില്‍ രജനികാന്ത് അഭിനയിച്ച ‘വേട്ടയ്യന്‍’ എന്ന സിനിമ മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു.

ഏറ്റവും മികച്ച തിയറ്ററുകൾ തന്നെയാണ് ഇവർ ഇത്തരത്തിലുള്ള സിനിമാ ചിത്രീകരണത്തിനായി തിരഞ്ഞെടുക്കാറ്. ഏറ്റവും ഉയര്‍ന്നനിരക്കിലുള്ള റിക്ലെയിനർ സീറ്റുകൾ ബുക്ക് ചെയ്യും. കിടക്കാവുന്ന ഈ സീറ്റുകളിൽ ചിത്രീകരണം കൂടുതൽ എളുപ്പമാണ്. തീയറ്ററിൻ്റെ മധ്യഭാ​ഗത്തായി ഇരുന്ന് പുതുപ്പിനുള്ളിൽ ക്യാമറയോ മൊബൈൽ ഫോണോ ഒളിപ്പിച്ചാണ് ചിത്രം പകർത്തുന്നത്. സിനിമ പകർത്തുന്നവരുടെ ഇരുവശത്തും പ്രതികളുടെ സംഘത്തില്‍പ്പെട്ടവര്‍ തന്നെ ടിക്കറ്റെടുക്കും. റിലീസ് ദിവസം തന്നെ ഇവർ തീയറ്ററിൽ നിന്ന് സിനിമകൾ പകർത്തും. അഞ്ചാംഗസംഘമാണ് ഒരുമിച്ച് തീയറ്ററിലെത്തുക. തൊട്ടടുത്ത സീറ്റുകളിലായി സംഘം ഇരിക്കും. അതിൽ ഒരാൾ സിനിമ പകർത്തും. മറ്റുള്ളവർ ഇയാൾക്ക് സംരക്ഷണം നൽകും. ചിത്രീകരിച്ച സിനിമ പിന്നീട് വെബ്‌സൈറ്റിലൂടെയും ടെലഗ്രാമിലൂടെയും പ്രചരിപ്പിക്കും. സിനിമകൾക്ക് പല ഭാഷകളിൽ സബ്ടൈറ്റിലുകളൊരുക്കുന്ന പതിവും ഇവർക്കുണ്ട്. ഈ സബ്ടൈറ്റിലുകൾ ഉൾപ്പെടെയുള്ള പതിപ്പുകളും ഇവർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും.

റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് എആർഎമിന്റെ വ്യാജപതിപ്പ് പ്രചരിച്ചത്. ട്രെയിനിലിരുന്ന് ഒരു യാത്രക്കാരൻ മൊബൈലിൽ സിനിമ കാണുന്നതിന്റെ ചിത്രം സംവിധായകൻ ജിതിൻ ലാൽ പങ്കുവച്ചു. പിന്നാലെ ജിതിൻ കൊച്ചി സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Related Articles

Back to top button