രവി ഡിസിയുടെ മൊഴിയെടുത്തതിന് പിന്നാലെ പബ്ലിക്കേഷന്‍ മേധാവിയെ പുറത്താക്കി
ഡിസി ബുക്സില്‍ ശക്തമായ നടപടി
ഇപി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡി സി ബുക്സില്‍ ശക്തമായ നടപടി. ഉടമ രവി ഡിസിയുടെ മൊഴിയെടുത്തതിന് തൊട്ട് പിന്നാലെയാണ് നടപടിയുമായി മേധാവികള്‍ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി പബ്ലിക്കേഷന്‍ മേധാവിക്ക് സസ്പെന്ഷന് നല്കി.
ഡി സി ബുക്സിലെ ആത്മകഥയുമായി ബന്ധപ്പെട്ട് ഉപതിരഞ്ഞെടുപ്പിന് മുമ്പ് വിവാദം ശക്തമായിരുന്നു. എന്നാല്‍, അന്നൊക്കെ ശക്തമായ നിലപാട് സ്വീകരിച്ച ഇ പിയെ പിന്നീട് പിണറായി പിന്തുണക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ ഇതൊക്കെ പാര്‍ട്ടിക്കുള്ളിലെ പിണക്കം പുറത്തറിയിക്കാതിരിക്കാനുള്ള അടവാണെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ ആത്മകഥയുടെ ചുമതലയുണ്ടായിരുന്ന ആള്‍ക്കെതിരെ നടപടി എടുത്തു എന്ന വാര്‍ത്ത ഈ വിവാദത്തില്‍ ഈപി ആയിരുന്നു ശരി എന്ന് തെളിയിക്കുന്നതായി ഇടത് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ വിവാദവുമായി ബന്ധപ്പെട്ട് കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഡിസി ബുക്സ് ഉടമ രവി ഡിസിക്ക് കഴിഞ്ഞിരുന്നില്ല. ഇ പിയുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് രവി ഡി സി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. പുസ്തകം വരുന്നു എന്ന ഫെയ്സ്ബുക്ക് പോസ്റ്റും 170-ല്‍ അധികംവരുന്ന പേജുകളുടെ പിഡിഎഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നുമാണ് രവി ഡിസി അന്വേഷണസംഘത്തോടു പറഞ്ഞത്.
അതിനിടെ, വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്സ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്.
”ഇ പി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ഡി സി ബുക്സ് മൊഴി നല്കി.ചില മാധ്യമങ്ങളിലൂടെ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അവ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ ഡി സി ബുക്സ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളു. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ അഭിപ്രായപ്രകടനം അനുചിതമാണ്.” എന്നതായിരുന്നു അവരുടെ പോസ്റ്റ്.