Movies

അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2, ഡിസംബര്‍ അഞ്ചിന് എത്തും; അല്ലുവും ഫഹദ് ഫാസിലും മുഖാമുഖം നില്‍ക്കുന്ന പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു

ഹൈദരാബാദ്: തെലുങ്കര്‍ക്കൊപ്പം മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് പുഷ്പ 2. ആദ്യ ഭാഗത്തിന്റെ വമ്പന്‍ വിജയമാണ് രണ്ടാം ഭാഗത്തിലേക്ക് നയിച്ചത്. ഡിസംബര്‍ 5ന് ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രഖ്യാപനം.

ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്റെ അതായത് പുഷ്പ 1ന്റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂള്‍’ ബോക്‌സ് ഓഫീസ് വന്‍ വിജയമായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. പുഷ്പ ഒന്നിന് വന്‍ പ്രതികരണമാണ് ഉണ്ടായത്. 2021ല്‍ ഇറങ്ങിയ ചിത്രം ആ വര്‍ഷം മാത്രം ലോകം മുഴുവനുമുള്ള തിയറ്ററുകളില്‍നിന്നും വാരിയത് നാനൂറ് കോടിയോളം രൂപയാണ്.

രണ്ടാം ഭാഗത്തില്‍ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് നല്‍കാനാണ് അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും പദ്ധതിയിടുന്നത്. അല്ലു അര്‍ജുന്‍ ആരാധകര്‍ ചിത്രത്തിന്റെ ആഘോഷങ്ങള്‍ക്ക് കച്ചമുറുക്കിയുടുത്തിരിക്കേ പടത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത് മലയാളികള്‍ക്കും ഏറെ അഹ്‌ളാദത്തിനാണ് വകനല്‍കുന്നത്.

ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിംഗ്‌സും പദ്ധതിയിട്ടിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിനാണ് കേരളത്തിലെ വിതരണാവകാശം. റിലീസിന് ഒരു മാസം മുന്‍പ് തന്നെ കേരളത്തിലെ ഫാന്‍സ് ഷോ ടിക്കറ്റുകള്‍ എല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ 24 മണിക്കൂറും പുഷ്പയുടെ പ്രദര്‍ശനമുണ്ടാകുമെന്ന് നേരത്തെ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് സാരഥി മുകേഷ് ആര്‍ മേത്ത വ്യക്തമാക്കിയിരുന്നു.

അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷ്പരാജും ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഭന്‍വര്‍സിംഗും മുഖത്തോടുമുഖം നോക്കിനില്‍ക്കുന്ന തരത്തിലാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. പുഷ്പരാജിനെ ചൊടിപ്പിക്കുന്ന ചിരിയുമായുള്ള ഭവന്‍സിംഗിന്റെ ചിത്രം അല്ലുവിന്റെ ആരാധകര്‍ക്കൊപ്പം ഫഹദിന്റെ ആരാധകരും ഏറ്റെടുത്ത മട്ടാണ്. സിനിമയുടെ ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്.

രശ്മിക മന്ദാന, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് ്അല്ലു ്അര്‍ജുനും ഫഹദിനുമൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

Related Articles

Back to top button
error: Content is protected !!