മകൾക്കെതിരായ എസ്എഫ്‌ഐഒ നടപടി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് സതീശൻ

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ എസ് എഫ് ഐ ഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ രാജിവെക്കണം. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ മക്കളെ കേട്ടതിന് ശേഷമാണ് അവരെ പ്രതിപട്ടികയിൽ ചേർത്തതെന്നും സതീശൻ ആരോപിച്ചു
മുഖ്യമന്ത്രി രാജിവെക്കാതെ തുടർന്നാൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. തെറ്റായ കാര്യങ്ങളാണ് നടന്നത്. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട കേസാണിത്. കോടിയേരി ബാലകൃഷ്ണനോടും പിണറായിയോടും രണ്ട് നീതിയാണ് പാർട്ടിക്ക്. കോടിയേരിയുടെ മകൻ കേസിൽ പെട്ടപ്പോൾ പാർട്ടി മാറി നിന്നു. പക്ഷേ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേസ് വന്നപ്പോൾ പാർട്ടി ഒപ്പം നിൽക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി
കേസ് ഇഡിയും അന്വേഷിക്കണം. മറ്റ് പാർട്ടി നേതാക്കളെ കുറിച്ചുള്ള ആരോപണം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഫണ്ട് സ്വീകരിച്ചുവെന്നതാണ്. അതെന്താ തെറ്റാണോ. മുനമ്പത്തെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്നും സതീശൻ പറഞ്ഞു. വഖഫ് ബിൽ പാസാക്കിയത് കൊണ്ട് മുനമ്പത്തെ പ്രശ്‌നം ഇല്ലാതാകുമോയെന്നും സതീശൻ ചോദിച്ചു