ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധനയുമായി ദോഹ നഗരസഭ
ദോഹ: ദോഹ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് വ്യാപക പരിധോധന സംഘടിപ്പിച്ചു. 15 ദിവസത്തെ പരിശോധനാ യജ്ഞമാണ് നഗരസഭക്ക് കീഴില്‍ പൂര്‍ത്തീകരിച്ചത്. പ്രധാനമായും വ്യവസായ മേഖലയില്‍പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ ഉല്‍പാദന വിതരണ കമ്പനികളെയാണ് പരിശോധനയില്‍ ലക്ഷ്യമിട്ടിരുന്നത്. ചില സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി നഗരസഭാ അധികൃതര്‍ വെളിപ്പെടുത്തി.
ആരോഗ്യ വിഭാഗം മേധാവികള്‍ക്ക് കീഴില്‍ മുപ്പതില്‍പ്പരം ഫുഡ് ഇന്‍സ്‌പെക്ടര്‍മാരും മൃഗ ഡോക്ടര്‍മാരും പരിശോധനകളുടെ ഭാഗമായി. വിപണിയില്‍ ലഭ്യമാവുന്ന ഭക്ഷ്യവസ്തുക്കള്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണോ ലഭ്യമാവുന്നതെന്നായിരുന്നു റെഗുലേഷന്‍ ഓഫ് ഹ്യൂമണ്‍ ഫുഡ് കണ്‍ട്രോള്‍ നിയമത്തിന് കീഴില്‍ നടത്തിയ യജ്ഞത്തില്‍ പ്രധാനമായും പരിശോധിച്ചത്. കമ്പനികളിലെ ജീവനക്കാര്‍ക്കായി ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ബോധവത്കരണവും ആരോഗ്യ വിഭാഗം നടത്തിയിരുന്നതായും ആരോഗ്യ വിഭാഗം വ്യക്തമാക്കി.