National

ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി; അർജുൻ രക്ഷാദൗത്യം വീണ്ടും പുനരാരംഭിക്കുന്നു

ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായുള്ള നിർണായകമായ തെരച്ചിലിനായി ഗോവയിൽ നിന്നും പുറപ്പെട്ട ഡ്രഡ്ജർ കർണാടകയിലെ കാർവാർ തുറമുഖത്തെത്തി. അർജുൻ ഉൾപ്പടെയുള്ള മൂന്ന് പേർക്കായിട്ടാണ് ഇപ്പോൾ തിരച്ചിൽ നടത്തുക. ജൂലൈ പതിനാറിനാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനൊപ്പം ലോറിയും കാണാതാവുന്നത്.

ടഗ് ബോട്ടുകളിൽ ഘടിപ്പിച്ചാണ് ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞദിവസം ഡ്രഡ്ജറിന്റെ യാത്ര നിർത്തിവെച്ചിരുന്നു. പിന്നീട് ഇന്ന് രാവിലെയാണ് ഡ്രഡ്ജർ പുറപ്പെട്ടത്. ഡ്രഡ്ജർ ആറ് മണിക്കൂർ മുതൽ ഒൻപത് മണിക്കൂർ വരെ എത്തിക്കാൻ സമയമെടുക്കുന്നതിനാൽ ഇന്ന് ഷിരൂരിലേക്ക് എത്താനുള്ള സാധ്യതയില്ല. പകരം നാളെ രാവിലെയാകും ഡ്രഡ്ജർ പുറപ്പെടുകയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കാറ്റിന്റെ ഗതിയും, തിരമാലകളുടെ ഉയരവും, മഴക്കോളും നിരീക്ഷിച്ച ശേഷമായിരിക്കും ഷിരൂരിലേക്കുള്ള യാത്ര. നാവികസേനയുടെ സോണാർ പരിശോധനയിൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയ ഇടത്താണ് ആദ്യഘട്ട തിരച്ചിൽ നടത്തുക. കടൽ കടന്ന് അഴിമുഖം താണ്ടി ഗംഗാവലി പുഴയിലേക്ക് ഡ്രെഡ്ജർ പ്രവേശിപ്പിക്കുന്നത് സാങ്കേതികമായി ശ്രമകരമായ ദൗത്യമാണ്. ഡ്രഡ്ജർ എത്തുന്ന മുറയ്ക്ക് ഗംഗാവലി പുഴയിൽ തിരച്ചിൽ പുനരാരംഭിക്കാനുള്ള നടപടികൾ ഉത്തര കന്നഡ ജില്ലാ ഭരണകൂടം തുടങ്ങി.

 

 

Related Articles

Back to top button