കഞ്ചാവ് വിതരണക്കാരനായ ബംഗ്ലാദേശിക്ക് ജീവപര്യന്തം തടവ് വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി

ദുബൈ: മയക്കുമരുന്ന് വിതരണക്കാരനായ ബംഗ്ലാദേശ് പൗരന് ജീവപര്യന്തം ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. കൂട്ടാളിക്കൊപ്പം മയക്കുമരുന്ന് വില്‍പനക്കായി ശ്രമിക്കുന്നതിനിടെയായിരുന്നു 35 കാരനായ പ്രതിയെ തൊണ്ടി സഹിതം പിടികൂടിയത്. അല്‍ നഹ്ദയില്‍നിന്നായിരുന്നു ദുബൈ പൊലിസ് സ്റ്റിങ് ഓപറേഷനിലൂടെ ഇയാളെ പിടികൂടിയത്. ഉമ്മുല്‍ഖ്വയിന്‍ പൊലിസിന്റെ ആന്റി നാര്‍കോട്ടിക് വകുപ്പിന്റെ കൂടി സഹായത്തോടെയായിരുന്നു ദുബൈ പൊലിസിന്റെ ഓപറേഷന്‍.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജോര്‍ദാന്‍കാരനായ 30 വയസുള്ള യുവാവിനെ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ ദുബൈ പൊലിസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍നിന്നും 33 കാരനായ ജാമാതാവായ സുഡാന്‍ പൗരനാണ് കഞ്ചാവ് നല്‍കിയതെന്ന് ബോധ്യപ്പെടുകയായിരുന്നു. 2023 സെപ്റ്റംബറിലായിരുന്നു ഫെസ്റ്റിവല്‍ സിറ്റിയിലെ ഒരു പാര്‍ക്കിങ് മേഖലയില്‍നിന്നും ഇയാള്‍ അറസ്റ്റിലാവുന്നത്. പിന്നീട് ഇയാളുടെ ദുബൈ സ്‌പോട്‌സ് സിറ്റിയിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടുകയായിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യ പ്രതിയായ ബംഗ്ലാദേശിയെ സുഡാനിയുടെ സഹായത്തോടെ മയക്കുമരുന്ന് വാങ്ങാനെന്ന നാട്യത്തില്‍ സമീപിച്ച് പൊലിസ് അറസ്റ്റുചെയ്തത്.