ദുബൈയില്‍ മെട്രോയുമായി ബന്ധിപ്പിച്ച് നാല് പുതിയ ബസ് റൂട്ടുകള്‍ ആരംഭിക്കുന്നു
ദുബൈ: യുഎഇയുടെ വാണിജ്യനഗരമായ ദുബൈയില്‍ മെട്രോ ലൈനുകളെ ബന്ധിപ്പിച്ച് നാല് പുതിയ മെട്രൊ ലിങ്ക് ബസ് റൂട്ടുകള്‍ ആരംഭിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. ഈ മാസം 30 മുതലാണ് ബസുകള്‍ പുതിയ റൂട്ടില്‍ ഓടിത്തുടങ്ങുക. ഒരു ഇന്റര്‍സിറ്റി റൂട്ട് ഉള്‍പ്പെടെ മറ്റു നിരവധി റൂട്ടുകളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും പദ്ധതിയുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി.
എഫ് 39 നമ്പര്‍ ബസ്, റൂട്ട് 31ന് പകരം ഇത്തിസലാത്ത് ബസ് സ്റ്റേഷനില്‍നിന്ന് ഊദ് അല്‍ മുതീന റൗണ്ട് എബൗട്ട് ബസ് സ്റ്റോപ് 1 വരെയും തിരിച്ചും സര്‍വിസ് നടത്തും. 30 മിനിറ്റ് ഇടവേളയിലാണ് ബസ് സര്‍വീസ് നടത്തുക. എഫ് 40, റൂട്ട് 31ന് പകരമാവും ഓടുക. ഇത്തിസലാത്ത് ബസ് സ്റ്റേഷനില്‍നിന്ന് മിര്‍ദിഫ്, സ്ട്രീറ്റ് 78 വരെയാവും ഈ ബസ് ഓടുക. ഇവിടേയും 30 മിനിറ്റ് ഇടവേളയിലാണ് ബസ് സര്‍വീസ് നടത്തുക.
റൂട്ട് എഫ് 58 അല്‍ ഖൈല്‍ മെട്രോ സ്‌റ്റേഷനും ദുബൈ ഇന്റെര്‍നെറ്റ് സിറ്റിക്കുമിടയില്‍ സര്‍വിസ് നടത്തും. എഫ് 56ന് പകരമാണ് പുതിയ സര്‍വിസ്. 30 മിനുട്ട് ഇടവേളയിലാണ് സര്‍വിസ്. എഫ് 59 ദുബൈ ഇന്റെര്‍നെറ്റ് സിറ്റി മെട്രോ സ്‌റ്റേഷനും ദുബൈ നോളജ് വില്ലേജിനും ഇടയിലാവും എഫ് 56ന് പകരം സര്‍വിസ് നടത്തുക.