ദുബൈ ടാക്‌സി യുഎഇ മുഴുവന്‍ സേവനം ഉറപ്പാക്കാന്‍ ഒരുങ്ങുന്നു
ദുബൈ: ഡിടിസി(ദുബൈ ടാക്‌സി കമ്പനി) തങ്ങളുടെ സേവനം രാജ്യം മുഴുവന്‍ വ്യാപിക്കാന്‍ ഒരുങ്ങുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനകം(2025-2029) തങ്ങളുടെ സേവനം എത്താത്ത മുഴുവന്‍ പ്രദേശങ്ങളിലേക്കും ഡിടിസിയുടെ സര്‍വിസ് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി യുഎഇയില്‍ ലിമോസ് സേവനവും ഡെലിവറി സേവനവും ആരംഭിക്കാനും പദ്ധതിയുണ്ട്.
സുസ്ഥിരവും സമഗ്രവുമായ വികസനം ഉറപ്പാക്കാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും അതിനായുള്ള സുപ്രധാനമായ പരിണാമ ഘട്ടത്തിലാണെന്നും ഡിടിസി ചെയര്‍മാന്‍ അബ്ദുല്‍മൊഹ്‌സിന്‍ ഇബ്രാഹീം കല്‍ബാത് വ്യക്തമാക്കി. കമ്പനിക്ക് കീഴില്‍ 9,000 വാഹനങ്ങളുണ്ട്. ഇതില്‍ ആറായിരത്തോളവും ടാക്‌സികളാണ്. 17,500 പേരാണ് ജോലി ചെയ്യുന്നത്. 2024ന്റെ ആദ്യ ആറു മാസങ്ങളില്‍ 1.09 ബില്യണ്‍ ദിര്‍ഹം വരുമാനം നേടിയതായും ഓരോ വര്‍ഷത്തിലും 14 ശതമാനം വര്‍ധനവാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താവിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള നിലപാടാണ് ഡിടിസിയുടേതെന്ന് സിഇഒ മന്‍സൂര്‍ റഹ്മ അല്‍ഫലാസിയും പറഞ്ഞു.